വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി: യുവനടന്‍ അറസ്റ്റില്‍

നടന്റെ സഹായികളായ രണ്ട് യുവതികള്‍ക്കെതിരെയും കേസെടുത്തു

Update: 2022-08-14 05:07 GMT

വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി 14 ലക്ഷം രൂപ തട്ടിയെന്ന കേസിൽ കന്നഡ നടൻ യുവരാജ് അറസ്റ്റില്‍. നടന്റെ സഹായികളായ രണ്ട് യുവതികള്‍ക്കെതിരെയും കേസെടുത്തു. ഇലക്ട്രോണിക് സിറ്റിയിലെ 73കാരനായ വ്യവസായിയെയാണ് സംഘം ഹണി ട്രാപ്പില്‍ പെടുത്തിയത്.

ഒരു ഇൻഷുറൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, യുവരാജിന്‍റെ സുഹൃത്തായ യുവതിക്ക് നാല് വര്‍ഷമായി വ്യവസായിയെ പരിചയമുണ്ട്. അടുത്ത കാലത്ത് യുവതി യുവരാജിന്‍റെ മറ്റൊരു സുഹൃത്തിനെ വ്യവസായിക്ക് പരിചയപ്പെടുത്തി. ഈ യുവതിയുടെ ഫോണില്‍ നിന്ന് യുവരാജ് വ്യവസായിയുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ചു. ബന്ധം വളര്‍ന്നതോടെ ഇരുവരും വാട്‌സ്ആപ്പിൽ ചിത്രങ്ങള്‍ അയച്ചുനല്‍കി.

Advertising
Advertising

ഓഗസ്റ്റ് മൂന്നിന് രാത്രി 11 മണിയോടെ ഹൊസൂർ റോഡിലെ പെട്രോൾ ബങ്കിന് സമീപം വരാൻ വ്യവസായിക്ക് യുവതിയുടെ മൊബൈലില്‍ നിന്ന് സന്ദേശം ലഭിച്ചു. വ്യവസായി കാറിൽ തനിച്ചാണ് സ്ഥലത്തെത്തിയത്. ഉടനെ യുവരാജ് സ്ഥലത്തെത്തി പൊലീസുകാരാണെന്ന് സ്വയം പരിചയപ്പെടുത്തി. വ്യവസായി ലൈംഗിക ചൂഷണം നടത്തിയെന്ന് യുവതി പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. പരാതിയുടെ പകര്‍പ്പ് കാണിക്കുകയും വ്യവസായിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

കേസ് അവസാനിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്ന് പൊലീസെന്ന വ്യാജേനയെത്തിയ യുവരാജ് ആവശ്യപ്പെട്ടു. വിവിധ ഗഡുക്കളായി വ്യവസായി 14.9 ലക്ഷം രൂപ നൽകി. ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ ബന്ധുക്കള്‍ക്ക് അയക്കാതിരിക്കണമെങ്കില്‍ വീണ്ടും പണം ചോദിച്ചതോടെ വ്യവസായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും പുറത്തിറങ്ങാത്ത ഒരു കന്നഡ സിനിമയിലെ നായകനാണ് യുവരാജ്. യുവരാജിന്‍റെ സഹായികളായി പ്രവര്‍ത്തിച്ച യുവതികളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News