ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്, എന്‍റെ മോന് പോലും മനസിലാവാത്ത രൂപത്തിലാക്കി; വൈറല്‍ ഡാന്‍സിനെക്കുറിച്ച് ചാക്കോച്ചന്‍

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനം പുനരാവിഷ്ക്കരിച്ചിരിക്കുന്നത്

Update: 2022-07-28 04:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

37 വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതര്‍ പാടി എന്ന ഹിറ്റ് പാട്ട് മറ്റൊരു സിനിമയിലൂടെ കാണാനായതിന്‍റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. അതും ചാക്കോച്ചന്‍റെ കിടിലന്‍ ഡാന്‍സ് കൂടിയായപ്പോള്‍ ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനം പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. ഇപ്പോള്‍ വൈറല്‍ ഡാന്‍സിനെക്കുറിച്ച് മനസ് തുറക്കുകയാണ് ചാക്കോച്ചന്‍.

ചാക്കോച്ചന്‍റെ വാക്കുകള്‍

സംവിധായകനായ രതീഷ് പൊതുവാളാണ് ഡാന്‍സിനെക്കുറിച്ച് പറഞ്ഞത്. എങ്ങനെ അവതരിപ്പിക്കണം, അയാളുടെ രൂപഭാവമൊക്കെ എങ്ങനെയായിരിക്കണം എന്നൊക്കെ തീരുമാനിച്ചത് അവരായിരുന്നു. ഉത്സവപ്പറമ്പില്‍ പാട്ടുമായി ഒരു ബന്ധവുമില്ലാതെ ഡാന്‍സ് ചെയ്യുന്നയാള്‍ കാണും. ഒടുക്കത്തെ ഡാന്‍സാണെങ്കിലും പാട്ടുമായി ഒട്ടും സിങ്കായിരിക്കില്ല. അത്തരത്തിലൊരു റഫറന്‍സ് എനിക്ക് തന്നിരുന്നു. ഇതെങ്ങനെ ചെയ്യണമെന്ന തരത്തിലുള്ള ആലോചനകള്‍ നടക്കുമ്പോഴാണ് കോറിയോഗ്രാഫറില്ലാതെ ചെയ്താലോ എന്ന് ചോദിച്ചത്.

കൊറിയോഗ്രാഫര്‍ വന്ന് ചെയ്താല്‍ അത് ആ രീതിയിലായിപ്പോവും. ആ സ്‌പോട്ടില്‍ എങ്ങനെ ചെയ്യാന്‍ തോന്നുന്നുവോ അത് പോലെ ചെയ്താലോയെന്ന് ചോദിച്ചിരുന്നു. അതിനുള്ളൊരു ഫ്രീഡം അവര്‍ തന്നിരുന്നു. ഉത്സവപ്പറമ്പില്‍ ആളുകള്‍ക്കിടയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ നല്ല ചമ്മലായിരുന്നു. ആ ചമ്മല്‍ വെച്ച് ചെയ്താല്‍ ശരിയാവില്ലായിരുന്നു. ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തില്‍ വന്നാണ് ഡാന്‍സ് ചെയ്തത്. ചെയ്ത് കഴിഞ്ഞ് അത് കണ്ടപ്പോള്‍ എനിക്ക് തന്നെ ചിരി വന്നിരുന്നു.

ചാക്കോച്ചനെ അഴിച്ച് വിട്ടിരിക്കുകയാണെന്നായിരുന്നു സംവിധായകന്‍ പ്രതികരിച്ചത്. ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നായിരുന്നു ഇത് കേട്ടപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. എന്റെ മോന് പോലും എന്നെ മനസിലാവാത്ത രീതിയിലേക്ക് മാറ്റി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളിലൊന്നായ ദേവദൂതര്‍ റിക്രിയേറ്റ് ചെയ്യുമ്പോള്‍ ഒരുതരത്തിലും മോശമാവരുതെന്നുണ്ടായിരുന്നു. ഔസേപ്പച്ചന്‍ സാര്‍ വിളിച്ച് അഭിനന്ദിച്ചത് വലിയ സന്തോഷമുള്ള കാര്യമാണ്.

ഇത് തിയറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണെന്ന് ഞങ്ങളാദ്യം മുതലേ പറയുന്നുണ്ടായിരുന്നു. ഇതേ വൈബ് തന്നെയാണ് തിയേറ്ററില്‍ വന്നാലും ലഭിക്കുക. ഓഗസ്റ്റ് 11 മുതല്‍ അങ്ങനെയുള്ള കാഴ്ച കാണാനായി കാത്തിരിക്കുകയാണ്. അമ്പലപ്പറമ്പിലുള്ള ഇത്തരത്തിലുള്ള കാഴ്ച ഞാനിത് വരെ കണ്ടിട്ടില്ല.'- ചാക്കോച്ചൻ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News