'കഫ് സിറപ്പ് മൂലം കുട്ടികൾ മരിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു?' കെബിസിയിലെ പത്ത് വയസുകാരനെതിരെയുള്ള സൈബര്‍ ആക്രമണത്തിൽ ചിൻമയി
ബിഗ് ബിയോട് ധിക്കാരത്തിൽ മറുപടി പറയുന്ന ഇഷിതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്
Photo| Instagram
ചെന്നൈ: അമിതാഭ് ബച്ചൻ അവതാരകനായ ജനപ്രിയ ടെലിവിഷൻ ഷോ 'കോൻ ബനേഗാ ക്രോര്‍പതിയിൽ' പങ്കെടുത്ത പത്ത് വയസുകാരന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമിതമായ ആത്മവിശ്വാസത്തോടെ ഷോയിൽ പങ്കെടുത്ത ഗുജറാത്ത് ഗാന്ധിനഗര്‍ സ്വദേശിയായ ഇഷിത് ഭട്ടിന്‍റെ പെരുമാറ്റമാണ് വലിയ ചര്‍ച്ചക്ക് കാരണമായത്. ബിഗ് ബിയോട് ധിക്കാരത്തിൽ മറുപടി പറയുന്ന ഇഷിതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. കുട്ടിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിൻമയി ശ്രീപദ.
"ഏറ്റവും വെറുക്കപ്പെട്ട കുട്ടി എന്ന് ഒരു മുതിർന്ന വ്യക്തി ട്വീറ്റ് ചെയ്യുന്നു. ട്വിറ്ററിലെ തന്നെ ഏറ്റവും വൃത്തികെട്ട, അസഭ്യം പറയുന്ന, അധിക്ഷേപിക്കുന്ന ആളുകളിൽ ഒരാളാണ് ഈ മുതിർന്നയാൾ. എല്ലാവരും കൂടി ഒരു കുട്ടിയെ കുറ്റപ്പെടുത്തുന്നു. ഇവർ സ്വയം വളർത്തിയെടുത്ത ഒരു കൂട്ടം ഭീഷണിപ്പെടുത്തുന്നവരാണ്'' ചിൻമയി എക്സിൽ കുറിച്ചു.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അഞ്ചാം ക്ലാസുകാരനായ 17-ാം എപ്പിസോഡിലെത്തിയത്. ബച്ചന്‍ നിയമങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍, 'നിയമങ്ങളെല്ലാം എനിക്കറിയാം. അതുകൊണ്ട് അതൊന്നും എന്നോടിപ്പോള്‍ വിശദീകരിക്കേണ്ടതില്ല' എന്നാണ് കുട്ടി പറഞ്ഞത്. പിന്നീട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയപ്പോഴും കുട്ടി ഇതേ മനോഭാവം തുടര്‍ന്നു.
ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകള്‍ നല്‍കുന്നതാണ് കെബിസിയിലെ പതിവ്. എന്നാല്‍ തനിക്ക് ഉത്തരമറിയാമെന്നതിനാല്‍ ചോദ്യം ചോദിച്ചശേഷം ഓപ്ഷനുകള്‍ പറയാന്‍ കുട്ടി അമിതാഭ് ബച്ചനെ പലപ്പോഴും അനുവദിച്ചില്ല.സദസിന് ഓപ്ഷനുകൾ വായിക്കണമെന്ന് ബിഗ് ബി പറയുമ്പോൾ, തന്‍റെ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കാൻ അവൻ 'ലോക്ക് കരോ' എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ 20,000 രൂപയ്ക്കുള്ള നാലാമത്തെ ചോദ്യത്തില്‍ കുട്ടിക്ക് അടിപതറുകയായിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇഷിതിനും മാതാപിതാക്കൾക്കുമെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്.കുട്ടിയുടെ അച്ഛനും അമ്മയും കുട്ടിയെ വിനയം, ക്ഷമ, മര്യാദ എന്നിവ പഠിപ്പിച്ചില്ലെന്നും ബച്ചന്‍റെ ക്ഷമയെ നമിക്കുന്നുവെന്നുമാണ് നെറ്റിസൺസ് അഭിപ്രായപ്പെട്ടത്.