സിനിമ വിജയിക്കുന്നതിന് കാരണം കണ്ടന്റാണ്, ഞാനല്ല: ദുൽഖർ സൽമാൻ

''തൊട്ടതെല്ലാം പൊന്നാവുകയാണെങ്കിൽ വിജയത്തിന്റെ സൃഷ്ടാവാണെന്നൊരു ചിന്ത ഉണ്ടാവും. ഒരു സിനിമ പ്രേക്ഷകർ സ്നേഹിക്കുന്നതിന്റേയും സ്വീകരിക്കുന്നതിന്റെയും നിരസിക്കുന്നതിന്റെയുമൊക്കെ അടിസ്ഥാനം അതിന്റെ കഥയാണ്''

Update: 2022-09-17 14:57 GMT
Editor : afsal137 | By : Web Desk
Advertising

സിനിമയുടെ ജയാപരാജയങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ. സിനിമ വിജയിക്കുന്നതിന് കാരണം കണ്ടെന്റാണെന്നും, സിനിമയിലെ തന്റെ സാന്നിധ്യമല്ലെന്നും ദുൽഖർ വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിനോടാണ് താരത്തിന്റെ പ്രതികരണം.

സിനിമയിൽ പത്ത് വർഷം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. പത്താം വർഷത്തിൽ ഹേ സിനാമിക പോലൊരു വിജയവും സീതാ രാമം പോലൊരു വമ്പൻ ഹിറ്റും അദ്ദേഹത്തിന് ലഭിച്ചു. 'ഞാൻ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ആളുകൾ ചെയ്യുന്ന കമന്റുകൾ എനിക്ക് ഇഷ്ടമാണ്. അത് ഞാൻ വളരെ സ്പെഷ്യലായി കാണും. മിക്കപ്പോഴും ഞങ്ങളുടെ പരിശ്രമങ്ങൾ കാണാതെ ആളുകൾ കുറ്റപ്പെടുത്താറുണ്ട്. പലപ്പോഴും വർഷങ്ങൾക്ക് ശേഷമായിരിക്കും അവർ അത് മനസിലാക്കുന്നത്''- ദുൽഖർ സൽമാൻ പറഞ്ഞു.

തൊട്ടതെല്ലാം പൊന്നാവുകയാണെങ്കിൽ വിജയത്തിന്റെ സൃഷ്ടാവാണെന്നൊരു ചിന്ത ഉണ്ടാവും. ഒരു സിനിമ പ്രേക്ഷകർ സ്നേഹിക്കുന്നതിന്റേയും സ്വീകരിക്കുന്നതിന്റെയും നിരസിക്കുന്നതിന്റെയുമൊക്കെ അടിസ്ഥാനം അതിന്റെ കഥയാണ്. എപ്പോഴൊക്കെ വിജയം ഉണ്ടായിട്ടുണ്ടോ അതിന് പിന്നാലെ തന്നെ പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. അതിനാൽ വിജയങ്ങളോടും പരാജയങ്ങളോടും അത്ര അറ്റാച്ച്മെന്റ് കാണിക്കാറില്ല. വലിയ പരിശ്രമം ഇട്ട് ഒരു സിനിമ ചെയ്ത് വിജയിക്കുകയാണെങ്കിൽ അത് ആരെയാണെങ്കിലും സന്തോഷിപ്പിക്കും. ചില സിനിമകൾ തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും ഒ.ടി.ടിയിൽ പ്രേക്ഷകർക്ക് ഇഷ്ടമാകും. ഹേ സിനാമികക്ക് അതാണ് സംഭവിച്ചത്. ഒ.ടി.ടിയിൽ കണ്ടതിന് ശേഷം ചില പ്രേക്ഷകർക്ക് അതിലെ തന്റെ കഥാപാത്രവും പ്രകടനവും ഇഷ്ടപ്പെട്ടുവെന്നും താരം വ്യക്തമാക്കി.

വിജയത്തേയും പരാജയത്തേയും പറ്റി അധികം ചിന്തിക്കാറില്ല. ഒരു സിനിമ വലിയ ബ്ലോക്ക് ബസ്റ്റർ ആയാൽ എന്തോ വലിയ കാര്യം ചെയ്തുവെന്നോ സൂപ്പർ സ്റ്റാറായെന്നോ ചിന്തിക്കില്ല. എന്റെ പ്രതിഫലം ഉയർത്തുന്നതിനോ അടുത്ത സിനിമയുടെ ബജറ്റ് ഉയർത്തുന്നതിനോ ആ വിജയം ഉപയോഗിക്കില്ല. വരുന്ന പ്രോജക്റ്റുകളിൽ ഇൻട്രോ സീനിൽ സൂപ്പർ ഹീറോ ടൈപ്പ് എൻട്രി തരണമെന്ന് ആവശ്യപ്പെടില്ലന്നും ദുൽഖർ സൽമാൻ പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News