സുശാന്ത് സിങ് രാജ്പുതിന്റെ കഥ പറയുന്ന ചിത്രം 'ന്യായ്: ദ ജസ്റ്റിസി'ന്റെ റിലീസിന് സ്റ്റേയില്ല

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാഹചര്യം മുതലെടുത്ത് കേസില്‍ പുതിയ കഥകള്‍ മെനയുകയാണെന്നും, പ്രശസ്തി നേടാന്‍ ശ്രമിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു

Update: 2021-06-10 11:30 GMT
Editor : Suhail | By : Web Desk
Advertising

ബോളീവുഡ് ചിത്രം 'ന്യായ്: ദ ജസ്റ്റിസ്' ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെ ആസ്പദമാക്കിയുള്ള ചിത്രം തടയണമെന്ന പിതാവ് കൃഷ്ണ കിഷോര്‍ സിങ്ങിന്റെ ഹരജിയാണ് കോടതി തള്ളിയത്.

സുശാന്ത് സിങ്ങിന്റെ പേരില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കെ.കെ സിങ് നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. ന്യായ് ചിത്രത്തിന് പുറമെ, 'സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ്', 'ശശാങ്ക്', പേരിട്ടിട്ടില്ലാത്ത മറ്റൊരു ചിത്രത്തിനെതിരെയും ഹരജിയില്‍ നടപടി ആവശ്യപ്പെട്ടിരുന്നു.

മരിച്ചു പോയ തന്റെ മകനോ കുടുംബത്തിനോ മാനഹാനിയുണ്ടാക്കുന്ന സിനിമകള്‍, വെബ് സീരീസുകള്‍, പുസ്തകങ്ങള്‍, മറ്റു കലാസൃഷ്ടികള്‍ ഒക്കെയും തടയണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരന്‍, രണ്ട് കോടി രൂപ നഷ്ടപരിഹാരവും നിര്‍മാതാക്കളില്‍ നിന്ന് ആവശ്യപ്പെട്ടു. ന്യായ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാഹചര്യം മുതലെടുത്ത് കേസില്‍ പുതിയ കഥകള്‍ മെനയുകയാണെന്നും, പ്രശസ്തി നേടാന്‍ ശ്രമിക്കുകയാണെന്നും ഹരജി നല്‍കിയ കെ.കെ സിങ് പറഞ്ഞു.

എന്നാല്‍ സ്‌റ്റേ ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ കോടതി, ചിത്രവുമായി ബന്ധപ്പെട്ട റോയല്‍റ്റിയെ പറ്റിയുള്ള വിവരങ്ങളും, ലൈസന്‍സിങ്, ലാഭ വിഹിതം എന്നിവയെ കുറിച്ചുള്ള രേഖകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

ആദേശ് അര്‍ജുന്‍ എഴുതി ദിലീപ് ഗുലാതി സംവിധാനം ചെയ്ത ന്യായില്‍ സുബേര്‍ ഖാന്‍, ശ്രേയ ശുക്ല, അമന്‍ വര്‍മ, ശക്തി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നു. ജൂണ്‍ പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News