"നല്ല സിനിമ ചെയ്യണമോ അതോ കശ്മീര്‍ ഫയല്‍സ് പോലെ ഭരണ പാര്‍ട്ടി പ്രചരിപ്പിക്കുന്ന പടം ചെയ്യണോ"; 'പട' നിര്‍മാതാവ് മുകേഷ് മെഹ്ത

"പട പോലെ ഒരു നല്ല സിനിമ ചെയ്യണോ അതോ ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുന്ന ഒരു ചിത്രം ചെയ്യണോ"

Update: 2022-03-17 06:03 GMT
Editor : ijas
Advertising

നല്ല സിനിമ ചെയ്യണമോ അതോ കശ്മീര്‍ ഫയല്‍സ് പോലെ ഭരണ പാര്‍ട്ടി പ്രചരിപ്പിക്കുന്ന പടം ചെയ്യണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് 'പട' സിനിമയുടെ നിര്‍മാതാവ് മുകേഷ് ആര്‍ മെഹ്ത. 'പട' സിനിമ റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് വര്‍ഗീയപ്രചാരണങ്ങളോടെ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം പുറത്തിറങ്ങിയത്. ഇരു ചിത്രങ്ങളും പ്രദര്‍ശനം തുടരുന്നതിനിടെയാണ് രണ്ട് ചിത്രങ്ങള്‍ക്കും ലഭിക്കുന്ന പ്രതികരണം ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാവ് മുകേഷ് മെഹ്ത രംഗത്തുവന്നത്. പട പോലെ ഒരു നല്ല സിനിമ ചെയ്യണോ അതോ ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുന്ന ഒരു ചിത്രം ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലാണ് താനെന്ന് മുകേഷ് മെഹ്ത ട്വീറ്റ് ചെയ്തു.

''ഒരു സിനിമാ നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് ആശയക്കുഴപ്പമുണ്ട്. ഒരു നല്ല സിനിമ ചെയ്യണമോ അതോ ഭരിക്കുന്ന പാര്‍ട്ടിയാല്‍ പിന്തുണക്കപ്പെടുന്ന ഒരു പടം ചെയ്യണോ എന്ന്. അവിചാരിതമായാണ് 'കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രം റീലീസ് ചെയ്ത അതേ ദിവസം തന്നെ 'പട' ഞാന്‍ റിലീസ് ചെയ്തത്. ഇതും യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണ്"; മെഹ്ത ട്വീറ്റില്‍ പറയുന്നു. നിര്‍മ്മാതാവിന്‍റെ ട്വീറ്റ് പട സിനിമയുടെ സംവിധായകന്‍ കമല്‍ കെ.എം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഇരുസിനിമകളും റിലീസായ ദിവസവു മുകേഷ് മെഹ്ത ട്വീറ്റ് ചെയ്തിരുന്നു: "ഇന്ത്യയുടെ രണ്ടറ്റങ്ങളായ കശ്മീരിലെയും കേരളത്തിലെയും യഥാർത്ഥ സംഭവങ്ങളെ ചിത്രീകരിച്ച് മാർച്ച് 11 ന് പുറത്തിറങ്ങിയ രണ്ട് സിനിമകൾ വളരെ യാദൃശ്ചികമാണോ? രണ്ട് സിനിമകളും മികച്ച നിരൂപക ശ്രദ്ധ നേടുന്നു. പ്രേക്ഷകരുടെ പ്രിയങ്കരമായ സിനിമയായി മാറുന്നു."

1996ല്‍ പാലക്കാട് കലക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവമാണ് പടയുടെ പ്രമേയം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2012ല്‍ പുറത്തിറങ്ങി ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐ.ഡിക്ക് ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് പട.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News