‘ഇലോൺ മസ്ക് ഇപ്പോഴാണ് പറക്കും കാർ കണ്ടുപിടിച്ചത്, ഇന്ത്യയിൽ 5000 വർഷം മുമ്പേ ഉണ്ടായിരുന്നു'; രൺബീർ കപൂർ

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം

Update: 2026-11-01 11:58 GMT

ഇലോൺ മസ്ക് ഇപ്പോൾ അവതരിപ്പിക്കുന്ന ഫ്ലൈയിങ് കാർ ഇന്ത്യയിൽ 5000 വർഷങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്നുവെന്ന് ബോളിവുഡ് താരം രൺബീർ കപൂർ. രാമായണത്തിലെ പുഷ്പക വിമാനത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം ഈ രസകരമായ പരാമർശം നടത്തിയത്. രൺബീറിന്റെ വാക്കുകൾ ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.ചിത്രത്തിൽ ശ്രീരാമന്റെ വേഷത്തിൽ രൺബീർ കപൂറും രാവണനായി യഷും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്.

Advertising
Advertising

സ്റ്റാർ ടോക്ക്സിന് നൽകിയ പ്രത്യേക അഭിമുഖത്തിനിടെ രാമായണ കാലത്തെ ആയുധങ്ങളെയും അത്ഭുതകരമായ സാങ്കേതികവിദ്യകളെയും കുറിച്ച് അവതാരക സംസാരിച്ചിരുന്നു. ആ കാലത്തെ ആയുധങ്ങൾ പോലും ഇന്നത്തെ ആധുനിക കണ്ടുപിടിത്തങ്ങളോട് കിടപിടിക്കുന്നതാണെന്നും ചിത്രത്തിലെ വിഷ്വൽ ഇഫക്ടുകൾ മികച്ചതാണെന്നും അവതാരക അഭിപ്രായപ്പെട്ടു. ഇതിനിടെ രൺബീർ കപൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയത്.

"ഇലോൺ മസ്ക് അടുത്തിടെ ഒരു പറക്കും കാർ കണ്ടുപിടിച്ചു. എന്നാൽ ഇന്ത്യയിൽ അത് 5000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഉണ്ടായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്"എന്നായിരുന്നു രൺബീറിന്റെ പ്രതികരണം. രാമായണത്തിലെ പുഷ്പക വിമാനത്തെ പരാമർശിച്ചായിരുന്നു താരത്തിന്റെ ഈ താരതമ്യം. ഹിന്ദു ഇതിഹാസമായ രാമായണത്തിൽ പരാമർശിക്കുന്ന അത്ഭുതകരമായ ആകാശവാഹനമാണ് പുഷ്പക വിമാനം. സ്വയം സഞ്ചരിക്കാൻ കഴിയുന്ന പറക്കും കൊട്ടാരമായാണ് പുരാണങ്ങളിൽ ഇതിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം, ടെസ്‌ലയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റോഡ്സ്റ്റർ കാറിന്റെ പുതിയ അവതരണവും വാർത്തകളിൽ ഇടം നേടിയിരുന്നു. ടെക്സസിലെ സ്പേസ് എക്സ് കേന്ദ്രത്തിൽ നടന്ന പ്രദർശനത്തിൽ വാഹനം വളഞ്ഞ റാമ്പിലൂടെ തലകീഴായി സഞ്ചരിക്കുകയും വായുവിൽ ഉയർന്ന് വീണ്ടും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തിരുന്നു.പ്രദർശനത്തിനുശേഷം 'Well, it worked' എന്നായിരുന്നു ഇലോൺ മസ്കിന്റെ പ്രതികരണം. എന്നാൽ ഈ വാഹനം വിപണിയിലെത്താൻ ഇനിയും കാത്തിരിക്കണം. 2028ൽ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 'രാമായണ' രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്നു. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും അഭിനയിക്കുന്നു.നമിത് മൽഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എ.ആർ റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.2026 നവംബർ 5ന് ദീപാവലി റിലീസായാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. 

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News