'നിര്‍മിക്കുന്ന രണ്ട് ചിത്രങ്ങളിലെയും തൊഴിലാളികള്‍ക്ക് സൗജന്യ വാക്സിന്‍'; പ്രഖ്യാപനവുമായി നിര്‍മാതാവ് ബാദുഷ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ തൊഴിലാളികൾക്കുമാണ് സൗജന്യ വാക്സിന്‍ നല്‍കുക

Update: 2021-06-05 13:00 GMT
Editor : ijas
Advertising

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടര്‍ന്നതോടെ സിനിമാ മേഖല വലിയ പ്രതിസന്ധിയിലാണ്. സിനിമകളുടെ ചിത്രീകരണമടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതോടെ വലിയ ഒരു സംഘം തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഇതിനിടെ സിനിമയില്‍ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷ.

ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത് ഷെയിന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന 'ബർമുഡ', കമല്‍ കെ.എം സംവിധാനം ചെയ്ത് വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ അഭിനയിച്ച 'പട' എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കാണ് സൗജന്യ വാക്സിന്‍ നല്‍കുക. 'ബര്‍മുഡ'-യുടെ സഹ നിര്‍മാതാവും 'പട'-യുടെ പ്രൊഡക്ഷന്‍ കണ്ട്രോളറുമാണ് ബാദുഷ. ഇനി മുതല്‍ താന്‍ പ്രവർത്തിക്കുന്ന എല്ലാ സിനിമകളിലും സൗജന്യ വാക്സിന്‍ അനുവദിക്കുമെന്നും ബാദുഷ അറിയിച്ചു. മലയാള സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണെന്നും ബാദുഷ ആവശ്യപ്പെട്ടു.

അതെ സമയം ബാദുഷയുടെ പ്രഖ്യാപനത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് കുറിപ്പിന് താഴെ രംഗത്തുവന്നിട്ടുള്ളത്. നടന്‍ ധര്‍മജന്‍, ഷറഫുദ്ദീന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ സലാം ബാപ്പു എന്നിവര്‍ ബാദുഷക്ക് പിന്തുണ അറിയിച്ചു.

എന്‍.എം ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പ്:

സുപ്രധാന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്.

ഈ കാലവും കടന്നു പോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധികദൂരമില്ല. ഒപ്പം സിനിമ മേഖലയും സജീവമാകും.

ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ എൻ്റെ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതിൽ ഞാൻ ബദ്ധശ്രദ്ധനാണ്.

എല്ലാവരും വാക്സിനേഷനെടുത്താൽ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റിൽ പ്രവർത്തിക്കാനാകും.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തിയാൽ സിനിമ സുഗമമായി പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാരിന് മുൻഗണന നൽകാനുമാകും.

ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവിൽ പാതി വഴിയിൽ നിലച്ചത്.

ഞാൻ കൂടി നിർമാണ പങ്കാളിയായിട്ടുള്ള 24 ഫ്രെയിംസിൻ്റെ ബാനറിൽ നിർമിച്ച് ശ്രീ ടി.കെ. രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ബർമുഡയും E4 എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിച്ച് കമൽ സംവിധാനം നിർവഹിക്കുന്ന, ഞാൻ പ്രൊഡക്ഷൻ കൺട്രോളറാകുന്ന പട എന്ന സിനിമയും. ഈ രണ്ടു ചിത്രങ്ങളുടെയും തുടർ ചിത്രീകരണത്തിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഞാനും നിർമാതാക്കളും ചേർന്ന് സൗജന്യമായി വാക്സിനേഷൻ നൽകും.

ഇനിയങ്ങോട്ട് ഞാൻ പ്രവർത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും.

സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്.

-എന്ന് നിങ്ങളുടെ ബാദുഷ

Full View

Tags:    

Editor - ijas

contributor

Similar News