തമിഴിൽ ഒരു കൈ നോക്കാൻ ഹനുമാൻകൈൻഡ്; അരങ്ങേറ്റം വിജയ്‌യുടെ അവസാന ചിത്രം 'ജനനായക'നിൽ
എച്ച് വിനോദ് സംവിധാനം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് 'ജനനായകൻ'
തമിഴിൽ അരങ്ങേറ്റം കുറിക്കാൻ റാപ്പർ ഹനുമാൻ കൈൻഡ്. ഇളയദളപതി വിജയ്‌യുടെ അവസാനചിതമായ ജനനായകനിലാണ് സൂരജ് ചെറുകാട്ട് എന്ന റാപ്പർ ഹനുമാൻ കൈൻഡ് ഭാഗമാകുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജാനായകൻ. രാഷ്ട്രീയ പ്രവേശനം നടത്തിയതിനാൽ തന്റെ കരിയറിലെ അവസാനചിത്രമാകും ജനനായകനെന്ന് വിജയ് പറഞ്ഞിരുന്നു.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് ഹനുമാൻകൈൻഡ് സംസാരിച്ചത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. "അനിരുദ്ധ് സംഗീതമൊരുക്കുന്ന ജനനായകനിൽ ദളപതി വിജയ്‌ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാൻ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രൊജക്ടുകൾക്കായി ചെന്നൈയിലേക്ക് വരും," ഹനുമാൻകൈൻഡ് പറഞ്ഞു.
റാപ്പിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനകം തന്നെ വാർത്ത വലിയ തരംഗം തീർത്തു കഴിഞ്ഞു.
എച്ച് വിനോദ് സംവിധാനം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ജനനായകൻ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ് ആണ് ജനനായകൻ നിർമിക്കുന്നത്. അടുത്ത വർഷത്തെ പൊങ്കൽ റിലീസാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഹനുമാൻ കൈൻഡിന്റേതായി ഒടുവിൽ പുറത്തുവന്ന 'റൺ ഇറ്റ് അപ്' വലിയ ഹിറ്റായി മാറിയിരുന്നു. മലയാളിയാണ് സൂരജ് ചെറുകാട്ട്. നേരത്തെ കന്നഡ ചിത്രമായ പോപ്‌കോൺ മങ്കി ടൈഗറിലും മലയാളം ചിത്രമായ ആവേശത്തിലും സൂരജ് പാടിയിട്ടുണ്ട്.