വോട്ടിനു വേണ്ടി ഒരു ഉളുപ്പുമില്ലാതെ ഇസ്‌ലാമോഫോബിയ പയറ്റുന്നു; മുസ്‌ലിം വിദ്വേഷം ഫാഷനായി മാറി-നസീറുദ്ദീൻ ഷാ

''ഒരു മുസ്‌ലിം നേതാവ് 'അല്ലാഹു അക്ബർ എന്നു പറഞ്ഞ് ബട്ടൻ അമർത്തൂ' എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും? പക്ഷെ, നമ്മുടെ പ്രധാനമന്ത്രി ഇത്തരം കാര്യങ്ങൾ പറഞ്ഞു മുന്നോട്ടുപോകുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരക്ഷരം പോലും ഉരിയാടുന്നില്ല.''

Update: 2023-05-29 17:14 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: വോട്ട് തട്ടാന്‍ ഒരു ഉളുപ്പുമില്ലാതെയാണ് ഇസ്‌ലാമോഫോബിയ പയറ്റുന്നതെന്ന് ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. മുസ്‌ലിംകൾക്കെതിരായ വിദ്വേഷം അഭ്യസ്തവിദ്യർക്കിടയിൽ പോലും ഫാഷനായി മാറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യൻ എക്‌സ്പ്രസി'നു നൽകിയ അഭിമുഖത്തിൽ സിനിമകളെയും ടെലിവിഷൻ ഷോകളെയും പ്രോപഗണ്ടകൾക്കു വേണ്ടി ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നസീറുദ്ദീൻ ഷാ. 'തെരഞ്ഞെടുപ്പുകളിൽ വോട്ട് തട്ടാൻ ഒരു ഉളുപ്പുമില്ലാതെയാണ് ഇസ്‌ലാമോഫോബിയ പയറ്റുന്നത്. തീർത്തും സങ്കടപ്പെടുത്തുന്ന സമയമാണിത്. പച്ചയായ, പരസ്യമായ പ്രൊപഗണ്ടയാണ് അഴിച്ചുവിടുന്നത്.'-അദ്ദേഹം പറഞ്ഞു.

'മുസ്‌ലിം വിദ്വേഷം ഇപ്പോൾ അഭ്യസ്തവിദ്യർക്കിടയിൽ പോലും ഫാഷനായി മാറിയിരിക്കുന്നു. ഇതാണ് ഭരണകക്ഷി തന്ത്രപൂർവം പയറ്റുന്നത്. മതേതരവും ജനാധിപത്യമെന്നൊക്കെ നമ്മൾ പറയുമ്പോൾ പിന്നെ എന്തിനാണ് എല്ലാത്തിലും മതം കൊണ്ടുവരുന്നത്? നമ്മുടെ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തുമാത്രം നട്ടെല്ലില്ലാത്തവരാണ്? ഒരക്ഷരം പോലും ഉരിയാടുന്നില്ല അവർ. 'അല്ലാഹു അക്ബർ എന്നു പറഞ്ഞ് ബട്ടൻ അമർത്തൂ' എന്ന് ഒരു മുസ്‌ലിം നേതാവ് പറഞ്ഞാൽ എങ്ങനെയുണ്ടാകും? ആകെ കുഴപ്പമാകുമായിരുന്നു.'

എന്നാൽ, നമ്മുടെ പ്രധാനമന്ത്രി ഇത്തരം കാര്യങ്ങൾ പറഞ്ഞു മുന്നോട്ടുപോകുന്നു. എന്നിട്ടും തെരഞ്ഞെടുപ്പിൽ തോൽക്കുന്നു. ഇതൊക്കെ ഫലം കാണാത്ത കാലം വരുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷെ, ഇപ്പോഴത് ഏറ്റവും ഉച്ചിയിലാണ്. ഈ സർക്കാർ വളരെ തന്ത്രപൂർവം ഉപയോഗിക്കുന്ന കാർഡാണിത്. അത് വിജയിക്കുകയും ചെയ്തിട്ടുണ്ട്. എത്രകാലം ഇത് ഫലപ്രദമാകുമെന്ന് കണ്ടറിയുക തന്നെ വേണമെന്നും നസീറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു.

Summary: 'Hate against Muslims has become fashionable, unabashed Islamophobia has been used to get votes in elections', says Naseeruddin Shah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News