'അന്ന് മുറിയിലിരുന്ന് കരഞ്ഞതിന് കണക്കില്ല, ഇപ്പോഴും അതൊക്കെ തന്നെയാണ് അവസ്ഥ'; പ്രസവാനന്തര വിഷാദത്തെ കുറിച്ച് ഇല്യാന

" ഒരു ദിവസം ഭയങ്കര കരച്ചിലാണ് ഞാൻ... എന്തിനാണെന്നോ... അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ എനിക്ക് വല്ലാതെ മിസ് ചെയ്യുകയാണ്"

Update: 2024-01-05 15:01 GMT

ബോളിവുഡിലെ 'ന്യൂ മോം' ആണ് ഇല്യാന ഡിക്രൂസ്. കഴിഞ്ഞ വർഷമാണ് ഇല്യാനക്കും പങ്കാളി മൈക്കൽ ഡോളനും ആൺകുഞ്ഞ് ജനിച്ചത്. കോവ ഫിയോനിക്‌സ് ഡോളൻ എന്നാണ് കുഞ്ഞിന്റെ പേര്.

ഇപ്പോഴിതാ പ്രസവത്തെ തുടർന്ന് താൻ അനുഭവിച്ച വിഷാദത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ഇല്യാന. പ്രസവാനന്തര വിഷാദം എന്നത് ഒരു യാഥാർഥ്യമാണെന്നും അതിനെ നേരിടാൻ ഒന്നിനും നിങ്ങളെ പ്രാപ്തരാക്കാൻ കഴിയില്ലെന്നുമാണ് ഇല്യാനയുടെ വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ച് തുറന്നു പറഞ്ഞത്.

"പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നത് ഒരു യാഥാർഥ്യമാണ്. അതിലേക്ക് ഒന്നിനും ആർക്കും നിങ്ങളെ തയ്യാറാക്കാനാകില്ല. എല്ലാ പിന്തുണയും കരുതലും നൽകാൻ കുടുംബവും ഡോക്ടർമാരുമൊക്കെ ഉണ്ടെന്നതാണ് എന്റെ സമാധാനം. പ്രസവാനന്തര കാലത്ത് അമ്മമാർക്കുണ്ടാകുന്ന കുറ്റബോധമൊക്കെ ശരിക്കും അനുഭവിക്കുന്നതാണ്. ഞാനോർക്കുന്നുണ്ട്, ഒരു ദിവസം മുറിയിലിരുന്ന് കരയുന്നത്. ഭയങ്കര കരച്ചിലാണ് ഞാൻ... എന്തിനാണെന്നോ... അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ എനിക്ക് വല്ലാതെ മിസ് ചെയ്യുകയാണ്. എനിക്കറിയാം ഇതൊക്കെ മണ്ടത്തരമാണെന്ന്, പക്ഷേ അതൊക്കെയാണ് അവസ്ഥ. ഇപ്പോഴും ഇത്തരം വികാരങ്ങളിലൂടെ തന്നെയാണ് ഞാൻ കടന്നു പോകുന്നത്. മൈക്ക് ഒരു മികച്ച പങ്കാളിയായതിന് വലിയ കടപ്പാടുണ്ടെനിക്ക്". ഇല്യാന പറഞ്ഞു.

ഇല്യാനയുടെ വിവാഹം കഴിഞ്ഞോ എന്നത് ആരാധകർക്കിടയിൽ ഇന്നും നിലനിൽക്കുന്ന സംശയമാണ്. ഇതിനും അഭിമുഖത്തിൽ നടി മറുപടി പറഞ്ഞു. താൻ മൈക്കലിനെ വിവാഹം കഴിച്ചോ ഇല്ലയോ എന്നുള്ളത് നിഗൂഢമായി തന്നെ ഇരിക്കട്ടെ എന്നായിരുന്നു ചോദ്യത്തിന് നടിയുടെ പ്രതികരണം. കുടുംബത്തെ കുറിച്ച് ആളുകൾ മോശം രീതിയിൽ പ്രതികരിക്കുന്നത് ഒട്ടും സഹിക്കാനാവില്ലെന്നും മുമ്പ് തന്റെ പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോഴുണ്ടായ പ്രതികരണം തനിക്ക് സ്വീകാര്യമായിരുന്നില്ലെന്നും ഇല്യാന കൂട്ടിച്ചേർത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News