'സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസം മാത്രം റിവ്യൂ'; അഭ്യര്‍ത്ഥനയുമായി തമിഴ് സിനിമാ നിര്‍മാതാക്കള്‍

500 ന് മുകളില്‍ സിനിമാ നിര്‍മാതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു

Update: 2022-09-19 16:07 GMT
Editor : ijas
Advertising

സിനിമ റിലീസ് ചെയ്ത് മുന്നാം ദിവസത്തിന് ശേഷം മാത്രം റിവ്യൂ നല്‍കിയാല്‍ മതിയെന്ന അഭ്യര്‍ത്ഥനയുമായി തമിഴ് സിനിമാ നിര്‍മാതാക്കള്‍. തമിഴ് നിര്‍മാതാക്കളുടെ നേതൃത്വത്തില്‍ ഇന്നലെ ചെന്നൈയില്‍ നടന്ന ജനറല്‍ കമ്മിറ്റി യോഗത്തിലാണ് തമിഴ് സിനിമാ വ്യവസായത്തെ രക്ഷിക്കാനുതകുന്ന ആവശ്യങ്ങള്‍ ഉയര്‍ത്തിയത്. 500 ന് മുകളില്‍ സിനിമാ നിര്‍മാതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള സിനിമാ റിവ്യൂകള്‍ സിനിമ പുറത്തിറങ്ങി മൂന്ന് ദിവസത്തിന് ശേഷം മാത്രം നല്‍കിയാല്‍ മതിയെന്ന പ്രമേയം യോഗത്തില്‍ പാസാക്കി. യൂട്യൂബ് ചാനലുകളെയും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിനെയും സിനിമ റിവ്യൂ ചെയ്യാനോ സിനിമയെക്കുറിച്ചുള്ള അഭിപ്രായം എടുക്കാനോ തിയറ്റർ ഉടമകൾ അനുവദിക്കരുതെന്ന് യോഗം നിർദേശിച്ചു. അഭിനേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മാധ്യമ പ്രവർത്തകർക്ക് അഭിമുഖം നൽകുന്നത് സിനിമാ മേഖലയിലെ ആളുകൾ അവസാനിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

തെറ്റായ ബോക്‌സ് ഓഫീസ് കലക്ഷന്‍ നമ്പറുകള്‍ പ്രചരിക്കുന്നത് തടയാൻ കേന്ദ്രീകൃത സെർവർ വഴി ടിക്കറ്റ് വിൽപ്പന നിരീക്ഷിക്കണമെന്നും നിർമ്മാതാക്കൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുറഞ്ഞ ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് സാമ്പത്തികമായി സഹായിക്കാനും നിർമാതാക്കൾ യോഗത്തില്‍ തീരുമാനിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News