മഞ്ഞുനീക്കുന്ന യന്ത്രം കാലിലൂടെ കയറി; 'അവഞ്ചേഴ്‌സ്' താരം ജെറമി റെന്നർക്ക് ഗുരുതര പരിക്ക്

അപകടനില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണ് തുടരുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Update: 2023-01-03 04:31 GMT
Editor : Lissy P | By : Web Desk

ലോസ് ആഞ്ജൽസ്: നെവാഡയിലെ റെനോയിൽ മഞ്ഞുനീക്കുന്ന യന്ത്രം കാലിലൂടെ കയറിയിറങ്ങി ഹോളിവുഡ് താരം ജെറമി റെന്നർക്ക് ഗുരുതര പരിക്ക്. താരം താമസിച്ചിരുന്ന പ്രദേശത്ത്പുതുവത്സര തലേന്ന് കനത്ത മഞ്ഞു വീഴ്ചയായിരുന്നു. മഞ്ഞുനീക്കുന്നതിനിടെ യന്ത്രം അബദ്ധവശാൽ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലിൽ നിന്ന് വലിയ രീതിയിൽ രക്തവും നഷ്ടപ്പെട്ടു. കാലിനൊപ്പം ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്.

അപകടം പറ്റിയ ഉടൻ റെന്നറുടെ അയൽവാസിയും ഡോക്‌റടുമായ ഒരാളാണ് പ്രഥമശുശ്രൂഷ നൽകിയത്. ഉടൻ തന്നെ നടനെ ആകാശ മാർഗം ആശുപത്രിയിലെത്തിച്ചു. ജെറമി റെന്നറെ ആകാശ മാർഗം ആശുപത്രിയിലെത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിൻറെ വക്താവാണ് അപകടവിവരം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. താരം അപകടനില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണ് തുടരുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് താരം താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടർന്ന് 35,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. അവഞ്ചേഴ്‌സ് സിനിമയിലെ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ജെറെമി റെന്നെർ. ദ് ടൗൺ', 'മിഷൻ ഇംപോസിബിൾ', 'അമേരിക്കൻ ഹസിൽ', '28 വീക്ക്സ് ലേറ്റർ' തുടങ്ങിയവയാണ് റെന്നെറുടെ മറ്റ് പ്രശസ്ത ചിത്രങ്ങൾ. 2021ൽ റിലീസ് ചെയ്ത ബാക് ഹോം എഗെയ്ൻ എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. രണ്ടുതവണ ഓസ്‌കാർ നോമിനേഷനും നേടിയിട്ടുണ്ട്. 'ദ ഹട്ട് ലോക്കർ', 'ദ ടൗൺ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ഓസ്‌കാർ നോമിനേറ്റ് ചെയ്തത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News