'മെക്സിക്കൻ അപാരത യഥാര്‍ഥ സംഭവം'; ടോം ഇമ്മട്ടി പറഞ്ഞതല്ല, രൂപേഷ് പീതാംബരൻ പറഞ്ഞതാണ് ശരിയെന്ന് ജിനോ ജോൺ

ഒരു മെക്സിക്കൻ അപാരത എന്ന സിനിമക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു ചെയർമാനായ എൻ്റെ ജീവിത കഥയാണ്.

Update: 2025-09-27 03:40 GMT
Editor : Jaisy Thomas | By : Web Desk

ഫോട്ടോ-ഫേസ്ബുക്ക്

കൊച്ചി: ടൊവിനോ തോമസ് നായകനായ 'ഒരു മെക്സിക്കൻ അപാരത' എന്ന ചിത്രത്തിന് ആധാരമായത് യഥാര്‍ഥ സംഭവമല്ലെന്ന സംവിധായകൻ ടോം ഇമ്മട്ടിയുടെ വാദങ്ങളെ തള്ളി യഥാര്‍ഥ കഥയിലെ നായകനും നടനുമായ ജിനോ ജോൺ. മെക്സിക്കൻ അപാരതക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു ചെയർമാനായ തൻ്റെ ജീവിത കഥയാണെന്നും നടൻ രൂപേഷ് പീതാംബരൻ പറഞ്ഞതാണ് ശരിയെന്നും ടോം ഇമ്മട്ടി പറയുന്നത് തെറ്റാണെന്നും ജിനോ ഫേസ്ബുക്കിൽ കുറിച്ചു. കെഎസ്‍യു കഥ എസ്എഫ്ഐ ആയി മാറാൻ താൻ ഓകെ പറയുകയായിരുന്നുവെന്നും ജിനോ പറയുന്നു.

ജിനോ ജോണിന്‍റെ കുറിപ്പ്

Advertising
Advertising

ടോം ഇമ്മട്ടി പറഞ്ഞ കെഎസ്‍യുവിൻ്റെ ചെഗുവേര..! രൂപേഷ് പീതാംബരൻ പറഞ്ഞതിലാണ് ശെരി. എൻ്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറഞ്ഞതിലാണ് നുണ.. ഒരു മെക്സിക്കൻ അപാരത എന്ന സിനിമക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു ചെയർമാനായ എൻ്റെ ജീവിത കഥയാണ്. സിനിമ ഇറങ്ങി 8 വർഷത്തിനിപ്പുറം രൂപേഷ് പീതാംബരൻ പറഞ്ഞതിലാണ് ശെരി. രുപേഷ് പീതാംബരൻ പറഞ്ഞത് നുണയാണെന്ന് പറയുന്ന സിനിമയുടെ സംവിധായകൻ, എൻ്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറയുന്നതിലാണ് നുണയുള്ളത്.

വർഷങ്ങൾക്ക് മുൻപ് ഈ കാര്യം പറഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിൻ്റെ മുന്നിൽ വന്ന് എന്നെ നേരിൽ കണ്ട ടോം ഇമ്മട്ടിയുടെ അന്നത്തെ മുഖവും, പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞാൽ സിനിമക്ക് കാരണമായ എൻ്റെ യഥാർത്ഥ കഥയെ കുറിച്ച് പത്രമാധ്യമങ്ങളിൽ പരസ്യം ചെയ്യുമെന്ന് പറഞ്ഞ ടോം ഇമ്മട്ടിയുടെ വാക്കുകളും ഇന്നും മനസിലുണ്ട്...

പ്രണവ് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം ചെയ്യാനുറച്ച് എഴുതി കൊണ്ടിരിക്കുന്ന കാലം.താൻ ചെയ്യാൻ പോകുന്ന ഒരു മെക്സിക്കൻ അപാരത സിനിമയിലേക്ക് എൻ്റെ ജീവിത കഥ എടുത്തോട്ടെയെന്ന് , ടോം വന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചു.

എൻ്റെ സംവിധായകമോഹം ഉള്ളിലൊതുക്കി യാതൊരു സങ്കോചവുമില്ലാതെ ഞാൻ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് വർഷങ്ങളോളം താങ്കൾക്കൊപ്പം നിന്നു.. അന്ന്, ഏറ്റവും അടുത്ത സുഹൃത്ത് രക്ഷപ്പെട്ട് കാണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചത്... ഇപ്പോൾ തെറ്റായി പോയെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു..ആദ്യം കെഎസ്‍യു ക്കാരൻ ചെയർമാനാകുന്ന റിയൽ ലൈഫ് സിനിമാ കഥ, പിന്നീട് സ്വതന്ത്രൻ ചെയർമാനാകുന്ന സിനിമാ കഥ, പിന്നീട്, വീണ്ടും കെഎസ്‍യു ക്കാരൻ ചെയർമാനാകുന്ന സിനിമാക്കഥാ, പിന്നീട് പ്രൊഡ്യൂസറെ കിട്ടുന്നില്ലെന്നും പ്രൊജക്ട് ഓണാകുന്നില്ലെന്നും, പടം ഹിറ്റാകാൻ വേണ്ടിയാണെന്നും പറഞ്ഞ് എസ്എഫ്ഐക്കാരൻ ചെയർമാനാകുന്ന ട്വിസ്റ്റ്ഡ് സിനിമയായി ഇറങ്ങിയ കഥ. ഇങ്ങനെ നമ്മൾ എഴുത്തുമായി എത്ര വർഷങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. സുഹൃത്തുക്കൾ ജീവിതവും പ്രൊഫഷനും രക്ഷപ്പെടാനായി അവരുടെ സിനിമ ജീവിതത്തിന് എൻ്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാകാണ്ടെന്നും കരുതി.

കെഎസ്‍യു കഥ എസ്എഫ്ഐ ആയി മാറാൻ ഞാനും അവസാനം ഓകെ പറഞ്ഞു. പക്ഷെ, ഞാൻ കാണിച്ച സുഹൃത്ത് ബന്ധത്തോടുള്ള ആത്മാർത്ഥത സിനിമ ഇറങ്ങിയപ്പോൾ കാണിക്കാൻ എൻ്റെ പ്രിയ സുഹൃത്ത് മറന്നുപോയി. സിനിമക്ക് മുൻപ് എന്നോട് പറഞ്ഞതുപോലെ ഒരു മെക്സിക്കൻ അപാരത സിനിമക്ക് കാരണമായ യഥാർത്ഥ കഥ, എൻ്റെ ലൈഫ് സ്റ്റോറിയാണെന്ന കാര്യം പത്രമാധ്യമങ്ങളിൽ കൊടുക്കുമെന്ന് പറഞ്ഞത് പാഴ്‌വാക്കായി മാറി. സിനിമയുടെ വലിയ വിജയത്തിൽ മതി മറന്ന് നിന്നപ്പോൾ.., ആ സിനിമ നടക്കാനും വലിയ വിജയത്തിനും കാരണക്കാരനായ എന്നെ അദ്ദേഹം വിസ്മരിച്ചു പോയി. ആ മറവിക്ക് ഞാൻ കൊടുക്കേണ്ടി വന്ന വിലയെന്താണെന്ന് ഞാനിപ്പോൾ പറയുന്നില്ല.

ഇത്രയും വർഷം ടോം ഇമ്മട്ടി പറയുമെന്ന് ഞാൻ ആഗ്രഹിച്ച കാര്യം, അതിൽ അഭിനയിച്ച രുപേഷ് പീതാംബരാനാണ് ഇപ്പോൾ പറഞ്ഞത്., അതിനെ നുണയാക്കി മാറ്റിയ സംവിധായകൻ ടോം ഇമ്മട്ടിയാണ് ഇപ്പോൾ നുണ പറയുന്നത്. അത് ആരെ തൃപ്തിപ്പെടുത്താനാണെങ്കിലും അത് ശുദ്ധ പോക്കിരിത്തരമാണ്. ഏറ്റവും വലിയ തെളിവ് ഞാനായി ഇവിടെ നിലനിൽക്കുന്നിടത്തോളം കാലം.. കാലം മായ്ക്കാത്ത ചരിത്രമായി മഹാരാജാസിലെ കെഎസ്‍യുവിൻ്റെ വിജയം നിലനിൽക്കുന്നിടത്തോളം കാലം... സത്യത്തെ നുണയാക്കി മാറ്റാൻ കുറച്ച് പാടുപെടുമെന്ന് ഞാനും ടോമിനെ ഓർമ്മിപ്പിക്കുന്നു.

എന്ന്.... മഹാരാജാസിലെ ടോം ഇമ്മട്ടിയുടെ സ്വന്തം കെഎസ്‍യു ചെഗുവേര..

ടോം ഇമ്മട്ടിയും രൂപേഷ് പീതാംബരനും പറഞ്ഞത്

‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതാണെന്നാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ പറഞ്ഞത്. മഹാരാജാസ് കോളേജിൽ SFIയുടെ ആധിപത്യത്തിന് മേൽ KSU നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനമയെന്നും എന്നാൽ ചിത്രം വിജയിക്കണമെങ്കിൽ യഥാർത്ഥ സംഭവം നേരെ തിരിച്ചിടണമെന്ന് താൻ സംവിധായകനായ ടോം ഇമ്മട്ടിയോട് പഞ്ഞിരുന്നെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രൂപേഷ് പറഞ്ഞിരുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് രൂപേഷായിരുന്നു.

മഹാരാജാസ് കോളേജ് എസ്എഫ്ഐയുടെ കുത്തകയായിരുന്നു. കെ എസ് യുനെക്കൊണ്ട് കൊടി കുത്താൻ എസ് എഫ് ഐക്കാർ സമ്മതിക്കില്ല. യഥാർഥ സംഭവത്തിലെ ജിനോ മെക്സിക്കൻ അപാരതയിൽ അഭിനയിച്ചിട്ടുമുണ്ട്. ടോം എഴുതുയ സ്ക്രിപ്റ്റിൽ നായകൻ കെ എസ് യു ആയിരുന്നു. എസ് എഫ് ഐ ആയിരുന്നു വില്ലൻ. പടം ഹിറ്റാകണമെങ്കിൽ യഥാർത്ഥ സംഭവം നേരെ തിരിച്ചിടണമെന്നു സംവിധായകനോട് പറയുകയായിരുന്നുവെന്നുമാണ് രൂപേഷ് പറഞ്ഞത്.

എന്നാൽ മെക്‌സിക്കൻ അപാരത എന്ന ചിത്രം യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതല്ലെന്നും ചെ ഗുവേരയ്ക്ക് ഫിദൽ കാസ്‌ട്രോയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ് ചിത്രത്തിന് പ്രചോദനമായതെന്നുമായിരുന്നു ടോം ഇമ്മട്ടിയുടെ പ്രതികരണം. ഒരു മെക്‌സിക്കൻ അപാരത എന്ന ടൈറ്റിൽ ആണ് ആദ്യം ഉണ്ടായതെന്നും ജൂഡ് ആന്തണിയുടെ തിരക്കഥയിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഇടാൻ വെച്ചിരുന്ന പേരായിരുന്നുവെന്നും ടോം പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News