സാധാരണ കുടുംബത്തില്‍ നിന്നാണ് വന്നത്; സിനിമയില്‍ സെലക്ടീവാവാനുള്ള സാഹചര്യമുണ്ടായിരുന്നില്ല: നടന്‍ കൈലാഷ്
കഴിഞ്ഞ 14 വര്‍ഷത്തിനിടക്ക് സിനിമയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ല. സിനിമയെന്നെ നോക്കിയിട്ടുണ്ടെന്നും കൈലാഷ് പറയുന്നു
വളരെ സാധാരണമായ കുടുംബത്തില്‍ നിന്നാണ് വന്നതെന്നും അതുകൊണ്ട് തന്നെ സിനിമയില്‍ സെലക്ടീവാവാനുള്ള സാഹചര്യങ്ങള്‍ തനിക്ക് ഉണ്ടായിരുന്നില്ലെന്നും നടന്‍ കൈലാഷ്.
കഴിഞ്ഞ 12-14 വര്‍ഷത്തിനിടക്ക് സിനിമയല്ലാതെ വേറെ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും, അതുകൊണ്ട് പട്ടിണി കിടന്നിട്ടും ബുദ്ധിമുട്ടിയിട്ടുമില്ലെന്നും കൈലാഷ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
''വളരെ സാധാരണമായ കുടുംബത്തില്‍ നിന്ന് സിനിമ ആഗ്രഹിച്ച് ഒരു ടുവീലറില്‍ കൊച്ചിയിലേക്ക് വന്നയാളാണ് ഞാന്‍. വളരെ ഷാര്‍പ്പായി എടുക്കാവുന്ന തീരുമാനങ്ങളുണ്ടായിരുന്നു. ചില സിനിമകള്‍ വേണ്ടെന്ന് വെക്കാമായിരുന്നു. കാരണം പല സിനിമകളുടെയും കാര്യത്തില്‍ എന്നോട് ആദ്യം പറഞ്ഞതായിരിക്കില്ല പിന്നീട് സംഭവിക്കുന്നത്.
എന്നാല്‍ ഞാന്‍ പറഞ്ഞ വാക്കല്ലേ, കമ്മിറ്റ് ചെയ്തതല്ലേ എന്ന ധാരണപ്പുറത്ത് ഞാനവിടെ നിന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഞാന്‍ പല സാഹചര്യങ്ങളിലും പോയിന്റഡ് ആയിട്ടുണ്ട്. സെലക്ടീവാവാനുള്ള സാഹചര്യങ്ങള്‍ എനിക്കുണ്ടായിരുന്നില്ല. അതിന്റെ എല്ലാ ഉത്തരവാദിത്തവും എനിക്കാണ്.
വേണമെങ്കില്‍ എനിക്ക് ചോദിക്കാമായിരുന്നു. പക്ഷേ അങ്ങനെ ചോദിക്കാന്‍ എനിക്കാരും ഉണ്ടായിട്ടില്ല. അതുകൊണ്ട് അതിന്റെ ഇംപാക്ടും ഫേസ് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
അതുകൊണ്ട് ഞാന്‍ ഒരു ദിവസവും പട്ടിണി കിടന്നിട്ടില്ല, ബുദ്ധിമുട്ടിയിട്ടുമില്ല. ഞാന്‍ ഈ 12-14 വര്‍ഷത്തിനിടക്ക് സിനിമയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ല. അപ്പോ സിനിമയെന്നെ നോക്കിയിട്ടുണ്ട്. സിനിമയില്‍ ഇന്നയാള്‍ നോക്കിയെന്നല്ല. ടോട്ടലി സിനിമയെന്നെ കരുതിയിട്ടുണ്ട്.'' കൈലാഷ് പറഞ്ഞു.