കെ.ജി.എഫിനു ശേഷം കന്നഡയില്‍ നിന്നൊരു സൂപ്പര്‍ഹിറ്റ്; ബോക്സോഫീസ് തകര്‍ത്ത് 'കാന്താര' 100 കോടിയിലേക്ക്

സെപ്തംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്

Update: 2022-10-12 05:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു; കെ.ജി.എഫിനു ശേഷം കന്നഡ സിനിമയില്‍ നിന്നുമൊരു ബ്ലോക്ക്ബസ്റ്റര്‍. ആളും ആരവുമില്ലാതെ എത്തിയ 'കാന്താര' എന്ന കൊച്ചുചിത്രമാണ് ബോക്സോഫീസില്‍ തീയായി മാറിയിരിക്കുന്നത്. സെപ്തംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകന്‍. 19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് നിര്‍മാണം. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുറഞ്ഞ സ്ക്രീനുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം ആഗോളതലത്തില്‍ ആദ്യദിനം 3 കോടി കലക്ഷനാണ് നേടിയത്. പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കാന്താര ആളെക്കൂട്ടിയത്. ഇതിനോടകം തന്നെ 60 കോടി കലക്ഷന്‍ നേടിയ ചിത്രത്തിന്‍റെ ആഗോള കലക്ഷന്‍ 70 കോടിയിലധികമാണ്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് മൊഴി മാറ്റി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഗീത ആർട്‌സ് മേധാവി അല്ലു അരവിന്ദ് ആണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ അവകാശം നേടിയത്. തെലുങ്ക് ട്രയിലറും ടീസറും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. കന്നഡ പതിപ്പിന് ലഭിക്കുന്ന പ്രതികരണം കണ്ട് ചിത്രം എത്രയും വേഗം തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അരവിന്ദ്. ഒക്ടോബര്‍ 15ന് തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തും.

കാന്താര എന്നാൽ സംസ്കൃത ഭാഷയിൽ വനം എന്നാണ് അർത്ഥം. ''സ്നേഹം കൊടുത്താല്‍ കൂടുതൽ സ്നേഹം ലഭിക്കും. നാശം സൃഷ്ടിച്ചാൽ.. കൂടുതൽ നാശമാണ് കാടിന്‍റെ അമ്മയുടെ സമ്മാനം'' ഇതാണ് സിനിമയുടെ പ്രമേയം. കന്നഡയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ കാന്താര ചര്‍ച്ചയായിട്ടുണ്ട്. ചിത്രത്തിന്‍റെ ക്ലൈമാക്സിനെക്കുറിച്ചാണ് ചര്‍ച്ച. സിനിമയിലെ അര മണിക്കൂർ ദൈർഘ്യമുള്ള ക്ലൈമാക്‌സ് രംഗങ്ങൾ പ്രേക്ഷകര്‍ക്ക് പുതുമയുള്ള അനുഭവമാണ് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News