സ്വപ്നങ്ങൾ കാണുക.. സ്വപ്നങ്ങളെ പിന്തുടരുക; ഖജുരാഹോ ഡ്രീംസ് ട്രെയിലർ പുറത്തിറങ്ങി

നവാഗതനായ മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Update: 2023-04-21 13:20 GMT
Editor : Jaisy Thomas | By : Web Desk

ഖജുരാഹോ ഡ്രീംസില്‍ നിന്ന്

അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന റോഡ് മൂവി ഖജുരാഹോ ഡ്രീംസിന്റെ ട്രയിലർ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലർ പുറത്തിറങ്ങിയത്. നവാഗതനായ മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു റോഡ് മൂവി എന്നതിനപ്പുറം പ്രണയവും ചിരികളും ദുരൂഹതയും എല്ലാം നിറച്ചാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്.

Advertising
Advertising

കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലമാവുന്നത്.

സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്‍റെതാണ് ചിത്രത്തിന്‍റെ തിരക്കഥ. സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലുടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗോപിസുന്ദറാണ് ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്‍റണി, ചന്തുനാഥ്, സോഹൻ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഹരിനാരായണന്റെതാണ് വരികള്‍. കലാസംവിധാനം - മോഹന്‍ ദാസ്, മേക്കപ്പ് - കോസ്റ്റ്യൂം ഡിസൈന്‍ - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദുഷ, പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പിടി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News