സുധി ഇരുന്നത് മുന്‍സീറ്റില്‍; പരിക്കേറ്റ ബിനു അടിമാലി ഉള്‍പ്പെടെ മൂന്നു പേര്‍ ചികിത്സയില്‍

ഇന്ന് അപകടമുണ്ടായ സ്ഥലത്ത് രണ്ടാഴ്ച മുന്‍പ് ടാങ്കര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു

Update: 2023-06-05 06:25 GMT
Advertising

തൃശൂര്‍: സിനിമാ - ടെലിവിഷന്‍ - മിമിക്രി താരം കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് സിനിമാ ലോകവും പ്രേക്ഷകരും. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലത്താണ് സുധിയുടെ ജീവന്‍ കവര്‍ന്ന അപകടമുണ്ടായത്. കോഴിക്കോട്ട് വടകരയില്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിവരുമ്പോഴാണ് കാര്‍ മിനി വാനിലിടിച്ചത്. അപകടം നടക്കുമ്പോള്‍ കാറിന്‍റെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു കൊല്ലം സുധി. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

സുധിക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹേഷിന്‍റെ മുഖത്താണ് പരിക്കേറ്റത്. ബിനു അടിമാലിയുടെയും ഉല്ലാസിന്‍റെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം സുധിയുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. അതിനുശേഷം കൊച്ചിയിലേക്ക് കൊണ്ടുപോകും. ഇന്ന് അപകടമുണ്ടായ സ്ഥലത്ത് രണ്ടാഴ്ച മുന്‍പ് ടാങ്കര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു. സ്ഥിരം അപകട മേഖലയിലാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വര്‍ഷങ്ങളായി ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കൊല്ലം സുധി. ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളോട് നിരന്തരം പോരാടിയാണ് കൊല്ലം സുധി ഇന്നത്തെ നിലയില്‍ എത്തിയത്. സിനിമകളിലും അവസരം ലഭിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News