നാട്യങ്ങളില്ലാത്ത കോഴിക്കോട്ടുകാരന്‍, തഗ്ഗുകളുടെ സുല്‍ത്താന്‍

കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല.

Update: 2023-04-26 08:41 GMT
Advertising

കോഴിക്കോട്: വേറിട്ട അഭിനയരീതി കൊണ്ടും സംഭാഷണശൈലി കൊണ്ടും മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. നാല് പതിറ്റാണ്ടിലേറെയായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. വള്ളുവനാടൻ രീതിയിൽ നിന്ന് മാറി മലബാറിനെ വെള്ളിത്തിരയിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല.

നാടകത്തിൽ നിന്ന് സിനിമയിലേക്ക് കടന്നുവന്ന മുഹമ്മദ് പിന്നെ മാമുക്കോയയായി. ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി. 1979ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് നാനൂറിലേറെ ചിത്രങ്ങൾ. ചിരിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ചെറുചലനങ്ങളിലൂടെ, ഒരൊറ്റ ഡയലോഗിലൂടെ ചിരിനിറക്കാനുള്ള കഴിവ്. സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി. ഏത് വേഷവും ആ കൈകളിൽ ഭദ്രം. അനായാസമായി സ്വാഭാവികമായി അഭിനയിച്ച് ജീവിച്ചു.

റാംജിറാവു സ്പീക്കിങ്ങിലെ ഹംസക്കോയ, മഴവിൽ കാവടിയിലെ കുഞ്ഞിക്കാദർ, നാടോടിക്കാറ്റിലെ ഗഫൂർക്ക, സന്ദേശത്തിലെ കെ.ജി പൊതുവാൾ അങ്ങനെയങ്ങനെ മലയാളി എന്നും ഓർക്കുന്ന കഥാപാത്രങ്ങൾ ഏറെ. ഇന്നത്തെ ചിന്താവിഷയത്തിലൂടെ മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. പെരുമഴക്കാലത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം. അങ്ങനെ നിരവധി പുരസ്കാരങ്ങളും ആ മികവിനെ തേടിയെത്തി. ഗൗരവമേറിയ വേഷങ്ങളും ഏറ്റവും മനോഹരമായി അവതരിപ്പിച്ചു. പെരുമഴക്കാലത്തിലെ അബ്ദുവും ബ്യാരിയിലെ കഥാപാത്രവുമെല്ലാം ഉദാഹരണം.

ജീവിതത്തിലും നാട്യങ്ങളൊന്നുമില്ലാത്ത കോഴിക്കോട്ടുകാരനാണ് മാമുക്കോയ. മാമുക്കോയ തന്നെക്കുറിച്ചു തന്നെ പറയുന്നതിങ്ങനെ- 'അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യൻ'. മാമുക്കോയയിലെ മനുഷ്യൻ സ്നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന, നന്മനിറഞ്ഞ കലാകാരനാണ്- "ചരിത്രംന്നു പറഞ്ഞാല് ങ്ങള് പറയ്ന്നത് പോലെ യുദ്ധങ്ങള് മാത്രല്ല. മനുഷ്യന്മാരുടെ പാട്ടുകളും ദേശകഥകളും ഒക്കെ ചരിത്രം തന്നെ. യുദ്ധത്തിന്റെ കഥകള് പരീക്ഷാപ്പേപ്പറിലെ മാര്‍ക്ക് കിട്ടുന്ന ചരിത്രാ. ഞമ്മള് പറയ്ന്ന ചരിത്രത്തിനു ആരും മാര്‍ക്കൊന്നും തരൂല. പഠിക്കാനോ എഴുതാനോ വേണ്ടീട്ടല്ല ഈ കഥകള്. ഓര്‍മിക്കാന്‍ വേണ്ടി മാത്രം. കൊറേ ആളോള്‍ടെ കൂട്ടായ്മയിലാണ് ഓരോ കാലത്തും ചരിത്രംണ്ടാവ്ന്നത്. പറഞ്ഞ് പറഞ്ഞ് വരുമ്പം ഓരോര്ത്തര്‍ക്കുംണ്ടാവും ഓരോ കഥകള്."

തലമുറ വ്യത്യാസമില്ലാതെ മാമുക്കോയയെ മലയാളി ആഘോഷിച്ചു. തഗ്ഗ് ഡയലോഗുകൾ ഏറ്റുപറഞ്ഞു. ചിരിച്ചു, അനുകരിച്ചു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ നിർണായക കണ്ണിയാണ് മാമുക്കോയയുടെ മടക്കത്തിൽ അറ്റുപോകുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News