ഉപ്പയുടെയും മകന്‍റേയും ചിത്രങ്ങൾ ഒരേ ദിവസം തിയറ്ററിൽ; ഉമ്മ ആദ്യം കാണുക ആരുടെ സിനിമ? ദുൽഖറിന്റെ വൈറൽ മറുപടി...

ദുല്‍ഖര്‍ നായകനാകുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര', മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'ഒ.എം: ഓപ്പറേഷൻ മോൾ' എന്നിവയാണ് നവംബര്‍ 20ന് റിലീസിനെത്തുന്നത്

Update: 2026-11-18 10:10 GMT

വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ തകര്‍ത്തഭിനയിക്കുന്ന അഭിനേതാക്കളുടേയും സംവിധായകരുടേയും ഒട്ടനവധി ക്ലാഷുകള്‍ കണ്ടവരാണല്ലോ നാം. ജേണറുകളേതെന്ന് നോക്കാതെ പ്രിയ താരങ്ങളുടെ പ്രകടനങ്ങള്‍ക്ക് നിറകയ്യടി നല്‍കിയാണ് പലപ്പോഴും നാം ഈ സിനിമകളെയും ക്ലാഷുകളെയും മലയാളി പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. പതിവില്‍ നിന്ന് വിപരീതമായി വ്യത്യസ്തമായൊരു ക്ലാഷിനാണ് ഇത്തവണ മലയാളി പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. അതെ, ഉപ്പയും മകനും തമ്മിലുള്ള ബോക്‌സ് ഓഫീസ് പോരാട്ടം. നവംബര്‍ 20ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനുമാണ് ഇത്തവണ ക്ലാഷുമായെത്തിയിരിക്കുന്നത്. ഇരുവരുടേയും ചിത്രം റിലീസിനൊരുങ്ങവേ, ഉമ്മ സുല്‍ഫത്തിന്റെ സിനിമാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള രസകരമായ പ്രതികരണവുമായെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

Advertising
Advertising

ദുല്‍ഖര്‍ നായകനാകുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര', മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'ഒ.എം: ഓപ്പറേഷൻ മോൾ' എന്നിവയാണ് നവംബര്‍ 20ന് റിലീസിനെത്തുന്നത്. ഒരേ ദിവസം ഉപ്പയുടെയും മകന്റെയും ചിത്രങ്ങള്‍ തിയറ്ററുകളിലെത്തുമ്പോള്‍ ആദ്യം ഏത് സിനിമയാകും ഉമ്മ കാണുക എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ രസകരമായ മറുപടി നല്‍കിയത്.

ചെന്നൈയില്‍ നടന്ന 'ആകാശംലോ ഒക താര'യുടെ പ്രീറിലീസ് ചടങ്ങിനിടെയായിരുന്നു സംഭവം. ഉമ്മ ആദ്യം തന്റെ സിനിമയായിരിക്കും കാണുകയെന്നാണ് ദുല്‍ഖര്‍ തമാശരൂപേണ പറഞ്ഞത്. ഇതിന് കാരണമായി ഉപ്പ മമ്മൂട്ടി പലപ്പോഴും തന്നോട് പറയാറുള്ള കാര്യവും താരം പങ്കുവെക്കുകയുണ്ടായി.

'ഞാന്‍ ഇത്രയും വര്‍ഷമായി അഭിനയിക്കുന്നു. ഇതുവരെയും എന്റെ സിനിമകളെ കുറിച്ച് അവളിത് പോലെ ചോദിച്ചിട്ടില്ല. നിന്റെ സിനിമകള്‍ കാണുന്നത് പോലെ എന്റെ സിനിമകള്‍ കണ്ടിട്ടുമില്ല. നീ വന്നതിന് ശേഷമാണ് അവള്‍ നിന്റെ എല്ലാ സിനിമകളും കാണാന്‍ തുടങ്ങിയത് എന്നാണ് ഉപ്പ പറയാറുള്ളത്'. ദുല്‍ഖര്‍ വ്യക്തമാക്കി. ഒരേദിവസം രണ്ട് ഭാഷകളിലായി മലയാളി താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിനെത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. തന്റെ ചിത്രം തെലുങ്കിലും, ഉപ്പയുടെ ചിത്രം തമിഴിലുമാണ് ഒരേസമയം പ്രേക്ഷകരിലേക്കെത്തുന്നത്. ഇത് രണ്ടുപേര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന നിമിഷമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന 'ആകാശംലോ ഒക താര'യില്‍ സത്വിക വീരവല്ലിയാണ് നായിക. ശ്രുതി ഹാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്‍പ്പന എന്ന മിടുക്കിയായ വിദ്യാര്‍ഥിനിയുടെ ജീവിതവും സ്വപ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പഠനത്തില്‍ മികവ് പുലര്‍ത്തി ജില്ലയില്‍ ഒന്നാം റാങ്ക് നേടുന്ന കല്‍പ്പനയ്ക്ക് കുടുംബത്തില്‍ നിന്നടക്കം തിരിച്ചടികള്‍ നേരിടേണ്ടിവരുന്നു. അവളുടെ സ്വപ്നങ്ങള്‍ക്ക് പിന്തുണയുമായി എത്തുന്ന കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

അതേസമയം, മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ഒ.എം ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. അനധികൃത കടത്തുസംഘവുമായി ബന്ധപ്പെട്ട ദുരൂഹമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ധനുഷ്, സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - എന്റർടെയ്ൻമെന്റ് ഡെസ്ക്

contributor

Similar News