'ബാഗിൽ ഒളിപ്പിച്ചല്ല കൊണ്ടുപോയത്, മുല്ലപ്പൂ എന്‍റെ തലയിലായിരുന്നു'; പിഴ അടയ്ക്കാൻ 28 ദിവസത്തെ സമയം ലഭിച്ചിട്ടുണ്ടെന്ന് നവ്യ

ശരിക്കും ഞെട്ടിപ്പോയി. വലിയ പിഴവാണ് സംഭവിച്ചത്

Update: 2025-09-11 13:11 GMT
Editor : Jaisy Thomas | By : Web Desk

മുല്ലപ്പൂ കൈവശം വച്ചതിന് നടി നവ്യ നായര്‍ക്ക് വൻതുക പിഴ ലഭിച്ച വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. ആസ്ത്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് താരത്തിന്റെ കയ്യിൽ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്‍റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. 15 സെന്‍റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവിന് 1.14 കാൽ ലക്ഷം രൂപയാണ് നവ്യ പിഴയായി അടക്കേണ്ടത്. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി നവ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

''ശരിക്കും ഞെട്ടിപ്പോയി. വലിയ പിഴവാണ് സംഭവിച്ചത്. ബാ​ഗിൽവെച്ച് ഒളിപ്പിച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. പൂക്കൾ എന്റെ തലയിലായിരുന്നു. എന്നാൽ, അത് ഡിക്ലയർ ചെയ്യാൻ വിട്ടുപോയി. യാത്രയുടെ തുടക്കത്തിൽ ആ പൂക്കൾ ബാഗിൽ വെച്ചിരുന്നതുകൊണ്ടാണ് സ്നിഫർ നായ്ക്കൾ അത് മണത്തറിഞ്ഞത്'' നവ്യ എച്ച്ടി സിറ്റിയോട് പറഞ്ഞു. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നവ്യ നായർ മെയിൽ വഴി ആസ്ത്രേലിയൻ കാര്‍ഷിക വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

Advertising
Advertising

''പണമടയ്ക്കാൻ 28 ദിവസത്തെ സമയം ലഭിച്ചിട്ടുണ്ട്. ആസ്ത്രേലിയൻ കാർഷിക വകുപ്പിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെന്ന് പല ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാൽ, എന്‍റെ കയ്യിൽ നിന്ന് 1980 ആസ്ത്രേലിയൻ ഡോളറാണ് ഈടാക്കിയത്. അതിൽ 6 യൂണിറ്റെന്ന് എഴുതിയത് എന്താണെന്ന് അറിയില്ല'' നവ്യ പറയുന്നു. "ഒരു രാജ്യത്തിന്‍റെ നിയമമാണത്, ഞാൻ അത് പാലിക്കണം. അല്ലാതെ എനിക്ക് മറ്റ് മാർഗമില്ല. മനഃപൂര്‍വമല്ലെന്ന് അധികാരികളോട് വ്യക്തമാക്കിയിട്ടുണ്ട്. മാനുഷിക പരിഗണന കണക്കിലെടുത്താൽ അവർക്ക് ആ പൂക്കൾ എടുത്ത് മാറ്റിയാൽ മതി. എനിക്ക് മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലാത്തതിനാൽ അവർക്ക് എന്നെ പോകാൻ അനുവദിക്കാമായിരുന്നു, പക്ഷേ അത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കും എന്ന് ഞാൻ കരുതുന്നു, അതിനാൽ എനിക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല'' നവ്യ കൂട്ടിച്ചേര്‍ത്തു.

''എന്‍റെ കാര്യം ഇതിനോടകം തന്നെ എല്ലാ മലയാളികളും അറിഞ്ഞുകഴിഞ്ഞു. അതിനാൽ അവർ കാര്യങ്ങൾ ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തും. ഈ നിയമങ്ങൾ വളരെ കർശനവും വളരെ കർക്കശവുമാണ്. അതിനാൽ ഇത് അത്ര എളുപ്പമല്ല. ഡിക്ലറേഷൻ ഫോം വളരെ ചെറിയ ഒരു പേപ്പറാണ്, അത് യാത്രക്കാർക്ക് എളുപ്പത്തിൽ നഷ്ടമാകും," താരം പറഞ്ഞു.

മുല്ലപ്പൂ വിനയാകാൻ കാരണം

ജൈവസുരക്ഷ നിയന്ത്രണങ്ങൾ കര്‍ശനമായി നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് ആസ്ത്രേലിയ. 2015-ലെ ബയോസെക്യൂരിറ്റി ആക്‌ട് പ്രകാരം സസ്യങ്ങളും പൂച്ചെടികൾ, ഇലകൾ, വിത്തുകൾ തുടങ്ങിയവയും ഇറക്കുമതി ചെയ്യുന്നത് കർശനമായി നിയന്ത്രിച്ചിരിക്കുകയാണ് ആസ്ത്രേലിയ. ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് ഫോറസ്ട്രി (DAFF) ആണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ആസ്ത്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്‌മ ജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതാണ് ഈ നിയന്ത്രണങ്ങളുടെ പ്രധാന കാരണം. ഓസ്ട്രേലിയയുടെ പ്രകൃതിദത്ത ജൈവവൈവിധ്യം, കൃഷി, മൃഗസംരക്ഷണം എന്നിവക്ക് ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News