സ്കൂൾ കലോത്സവത്തിന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല, ദുബൈയിൽ നിന്ന് സ്വന്തം ചെലവിലാണ് വന്നത് - ആശാ ശരത്
കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും അവർ പ്രതികരിച്ചു
തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നടി ആശാ ശരത്ത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സ്വാഗത ഗാനം ഒരുക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ആരോപണം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ആശാ ശരത്തിന്റെ പ്രതികരണം. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. വലിയ അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചതെന്നും നടി പറഞ്ഞു.
‘ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ദുബൈയിൽ നിന്ന് സ്വന്തം ചെലവിലാണ് വന്നത്. കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. കലാകാരന്മാരുടെയും കലാകാരികളുടെയും സ്വപ്ന വേദിയാണ് കലോത്സവം. പുതിയ തലമുറക്കൊപ്പം അത്തരമൊരു വേദി ലഭിക്കുക എന്നത് വലിയ സന്തോഷവുമായിരുന്നു. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചത്. പണം വേണ്ടായെന്ന് ഞാൻ സ്വയം തീരുമാനിച്ചതായിരുന്നു. എന്തെങ്കിലും ഡിമാൻഡ്‌സ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ, ഇല്ല ഞാൻ വന്ന് ചെയ്തോളാം എന്നാണ് മറുപടി നൽകിയത്’ ആശാ ശരത് വ്യക്തമാക്കി.
കലോത്സവത്തിന് നൃത്തരൂപം അവതരിപ്പിക്കാനായി പ്രമുഖ നടി പ്രതിഫലം ചോദിച്ച സംഭവത്തിൽ, ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്ചപ്പാടുകൾ ആണെന്നായിരുന്നു ആശ ശരത്തിന്റെ പ്രതികരണം. വിവാദത്തിൽ ഉൾപ്പെട്ട നടി ആരാണെന്നോ എന്താണ് സംഭവിച്ചതെന്നു അറിയില്ല. പ്രതിഫലം വാങ്ങണോ എന്നത് വ്യക്തിപരമായ കാര്യമാണ്. ഞാൻ വാങ്ങിയില്ല എന്നത്കൊണ്ട് മറ്റൊരാൾ വാങ്ങരുത് എന്ന് പറയാനാകില്ല. പ്രതിഫലം വാങ്ങാതിരുന്നത് കുട്ടികളോടുള്ള സ്നേഹം മൂലം.കലോത്സവങ്ങൾ അല്ലാത്ത സർക്കാർ പരിപാടികൾക്കെല്ലാം കൃത്യമായ വേതനം നൽകി തന്നെയാണ് ക്ഷണിക്കാറുള്ളത്, ആശാ ശരത്ത് ചൂണ്ടിക്കാട്ടി.