ചങ്ക്‌സിനു ശേഷം ബാലുവിന്‍റെ പ്രതിഫലം ഇരട്ടിയായി: ട്രോളിനു മറുപടിയുമായി ഒമര്‍ ലുലു

ചങ്ക്‌സിലൂടെ നിര്‍മാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം തിരിച്ചു പിടിച്ചുവെന്നും ഒമര്‍ ലുലു പ്രതികരിച്ചു.

Update: 2021-05-16 11:45 GMT

ചങ്ക്സ് സിനിമയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രോളിന് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. ബാലു വര്‍ഗീസിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു ട്രോള്‍. കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ലൊരു സ്ഥാനമുണ്ടാക്കാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെയാണ് ഒമര്‍ ലുലുവിന്‍റെ പ്രതികരണം.

ചങ്ക്സില്‍ ബാലുവര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രത്തെയും അടുത്തിടെ പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലെ കഥാപാത്രത്തെയും താരതമ്യം ചെയ്തായിരുന്നു ട്രോള്‍. എന്നാല്‍, സിനിമ നിലനില്‍ക്കണമെങ്കില്‍ വരുമാനം വേണം, ചങ്ക്‌സിലൂടെ നിര്‍മാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം തിരിച്ചു പിടിച്ചെന്നും ചങ്ക്‌സിനു ശേഷം ബാലുവിന്‍റെ പ്രതിഫലം ഇരട്ടിയായെന്നും ഒമര്‍ ലുലു കുറിച്ചു.

Advertising
Advertising

"ഒരു ഇന്‍ഡസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തീയേറ്ററില്‍ പരാജയപ്പെടുന്നു. ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടേത്, സിനിമാ വ്യവസായം നിലനില്‍ക്കണമെങ്കില്‍ കലക്ഷന്‍ വേണം, എന്നാലെ ബാലന്‍സ് ചെയ്ത് പോവൂ," ഒമര്‍ വ്യക്തമാക്കി. 

റോള്‍മോഡല്‍സ് എന്ന സിനിമ ചെയ്തു വന്ന നഷ്ടം വൈശാഖ സിനിമാസ് ചങ്ക്‌സിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം. ചങ്ക്‌സിനു ശേഷം അത് 10 ലക്ഷം രൂപയ്ക്ക് മുകളിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


2017 ലാണ് ചങ്ക്‌സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വര്‍ഗീസിന് പുറമേ ഹണി റോസായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രത്തില്‍ ലാല്‍, സിദ്ദിഖ്, മെറീന മൈക്കിള്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍. 

 


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News