ശ്രീദേവിയുടെ അഞ്ചാം ചരമവാർഷികത്തിൽ 'ഇംഗ്ലീഷ് വിംഗ്ലീഷ്' ചൈനയിൽ പ്രദർശനത്തിനെത്തുന്നു

2012ൽ പുറത്തിറങ്ങിയ ചിത്രം ചൈനയിലുടനീളം 6,000 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുക

Update: 2023-02-06 15:33 GMT
Advertising

നടി ശ്രീദേവിയുടെ സിനിമാ ജീവിതത്തിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് 'ഇംഗ്ലീഷ് വിംഗ്ലീഷ്'. ശ്രീദേവിയുടെ അഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് ചിത്രം ചൈനയിൽ  പ്രദർശനത്തിനെത്തുകയാണ്. 2012ൽ പുറത്തിറങ്ങിയ ചിത്രം ചൈനയിലുടനീളം 6,000 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്‍റെ വിതരണക്കാരായ ഇറോസ് ഇന്റർനാഷണൽ അറിയിച്ചു. ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ചിത്രം 2012 ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീദേവിയുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു 'ഇംഗ്ലീഷ് വിംഗ്ലീഷ്'.

ചിത്രത്തിന്‍റെ സംവിധായകയായ ഗൗരി ഷിൻഡെയുടെ അമ്മയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രത്തിലെ ശ്രീദേവിയുടെ ശശി എന്ന കഥാപാത്രം. മധുരപലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഒരു ചെറിയ സംരംഭകയായ ശശി എന്നു പേരുള്ള ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ഇംഗ്ലീഷിലെ പരിമിത ജ്ഞാനത്തെതുടർന്ന് തന്നോടുള്ള ഭർത്താവിന്റെയും മകളുടെയും പരിഹാസമനോഭാവം മാറ്റിയെടുക്കുന്നതിനും സ്വയം ആദരവ് നേടുന്നതിനും വേണ്ടി ഇംഗ്ലീഷിൽ സംസാരിക്കാൻ പരിശീലനം നേടുന്ന കോഴ്സിൽ ശശി ചേരുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ നർമ്മരൂപേണ അവതരിപ്പിച്ചിരിക്കുന്നത്.

26 കോടി ചെലവിൽ നിർമിച്ച ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചത് സുനിൽ ലുല്ലയാണ്. ശ്രീദേവിക്കൊപ്പം മെഹ്ദി നെബ്ബു, പ്രിയ ആനന്ദ്, ആദിൽ ഹുസൈൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. നാലാം വയസ്സിൽ 'തുണൈവൻ' എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980കളിലാണ് ഒരു നായിക വേഷം ചെയ്തത്.2013 -ൽ ശ്രീദേവിക്ക് പദ്മശ്രീ നൽകി ആദരിച്ചിരുന്നു. 2017 -ൽ ഇറങ്ങിയ 'മാം' ആണ് ശ്രീദേവിയുടെ അവസാന ചിത്രം. 'ദേവരാഗം', 'തുലാവർഷം', 'ആ നിമിഷം', 'സത്യവാൻ സാവിത്രി' അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. 2018 ഫെബ്രുവരി 24ന് ദുബായിൽ വെച്ച് ശ്രീദേവിയെ മരിച്ചതായി കണ്ടെത്തുകയായിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News