റാപ്പിനൊപ്പം നാടന്‍ ശീലും; പടവെട്ടിലെ 'പാഞ്ഞു പാഞ്ഞു' ലിറിക്കല്‍ വീഡിയോ പുറത്ത്

അന്‍വര്‍ അലി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സി.ജെ കുട്ടപ്പന്‍, വേടന്‍, മത്തായി സുനില്‍, ഗോവിന്ദ് വസന്ത എന്നിവരാണ്

Update: 2022-10-14 13:35 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പടവെട്ടിലെ രണ്ടാമത്തെ ഗാനമായ പാഞ്ഞു പാഞ്ഞുന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

റാപ്പും നാടന്‍ ശീലും ഒരുമിച്ച് വ്യത്യസ്തമായ പരീക്ഷണവുമായിട്ടാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത ഗാനം ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സി.ജെ കുട്ടപ്പന്‍, വേടന്‍, മത്തായി സുനില്‍, ഗോവിന്ദ് വസന്ത എന്നിവരാണ്. 

അമല്‍ ആന്റണിയും സംഘവുമാണ് കോറസ്, ഗിറ്റാര്‍, കെബ ജെറമിയ, ബാസ് നവീന്‍ കുമാര്‍, രാജന്‍ കെ.എസ് ആണ് ഗാനം മിക്‌സ് ചെയ്തിരിക്കുന്നത്. മലയാളം റാപ്പും നാടന്‍ പാട്ടും ഒരുമിച്ച് ഇതുവരെ കേള്‍ക്കാത്ത തരത്തിലുള്ള പുതുമയോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിനിടയ്ക്ക് ഷമ്മി തിലകന്റെ സംഭാഷണങ്ങളും കടന്നുവരുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് 'പടവെട്ട്'. നേരത്തെ കൊച്ചിയില്‍ ഐ.എസ്.എല്‍ വേദിയില്‍ കേരള ബാസ്റ്റേഴ്സിനൊപ്പമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും. കരിയറിലെ തന്നെ വ്യത്യസ്തമായ വേഷവുമായിട്ടാണ് നിവിന്‍ ഇത്തവണയെത്തുന്നത്.

സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News