ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് പ്രേമലു; ഈ വർഷത്തെ ആദ്യത്തെ 50 കോടി
റിലീസ് ചെയ്ത് പതിമൂന്നാം ദിവസമാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.
ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റവുമായി ഗിരീഷ് എ.ഡി ചിത്രം പ്രേമലു. ഈ വർഷത്തെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ചിത്രം ഇടംനേടിയെന്നാണ് റിപ്പോർട്ട്. റിലീസ് ചെയ്ത് പതിമൂന്നാം ദിവസമാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്. സിനിമയുടെ ആഗോള കലക്ഷനാണിത്.
ഏകദേശം 12.5 കോടി ബജറ്റിൽ തീർത്ത ചിത്രമാണ് പ്രേമലു. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയായിരുന്നു. ഗിരീഷ് എ.ഡിയുടെ തന്നെ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ ഫൈനൽ കലക്ഷനാണ് പ്രേമലു പതിമൂന്ന് ദിവസം കൊണ്ട് മറികടന്നത്.
മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റൊമാന്റിക് കോമഡി എന്റർടെയ്നറായെത്തിയ ചിത്രത്തിൽ നസ്‍ലനും മമിതയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.