യുവതാരങ്ങളെ കൂട്ടുപിടിച്ച് പ്രിയദര്‍ശന്‍, ഒരുങ്ങുന്നത് ത്രില്ലര്‍ ചിത്രം?

പ്രിയദര്‍ശനൊപ്പമുള്ള ചിത്രം ഷൈന്‍ ടോം ചാക്കോ ഫേസ്ബുക്കില്‍ പങ്കുവെച്ചു

Update: 2022-06-14 12:08 GMT
Editor : ijas

മലയാളത്തിലെ യുവതാരങ്ങളെ അണി നിരത്തി ത്രില്ലര്‍ സിനിമയെടുക്കാന്‍ ഒരുങ്ങി പ്രിയദര്‍ശൻ. റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ഷെയിന്‍ നിഗം എന്നിവരാവാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആഴ്ച്ചയോടെ പ്രധാന താരങ്ങളെ തീരുമാനിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഈ ചിത്രമായിരിക്കുമോ അടുത്തതായി ചിത്രീകരിക്കുകയെന്ന കാര്യത്തില്‍ തീരുമാനമുറപ്പിച്ചിട്ടില്ലെന്നും പ്രിയദര്‍ശന്‍ ഒ.ടി.ടി പ്ലേയോട് പറഞ്ഞു. 

Advertising
Advertising

അതിനിടെ പ്രിയദര്‍ശനൊപ്പമുള്ള ചിത്രം ഷൈന്‍ ടോം ചാക്കോ ഫേസ്ബുക്കില്‍ പങ്കുവെച്ചു. പ്രിയദര്‍ശനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി കണ്ടതിന്‍റെ ചിത്രമാണ് ഷൈന്‍ പങ്കുവെച്ചത്. ഷെയിന്‍ നി​ഗവും നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയും ഷൈനിനൊപ്പം ചിത്രത്തിലുണ്ട്. 'റോളിം​ഗ് സൂണ്‍' എന്നാണ് ചിത്രത്തിന് ഷൈന്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

ഇതിനിടയില്‍ പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആഗസ്റ്റില്‍ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എറണാകുളവും തൊടുപുഴയുമാകും പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. നിര്‍മ്മാണത്തിലും പ്രിയദര്‍ശന്‍ പങ്കാളിയാകുന്നുണ്ടെന്നാണ് വിവരം. ഇതാകുമോ യുവതാരങ്ങളുമൊന്നിച്ചുള്ള ചിത്രമെന്നതില്‍ വ്യക്തത വന്നിട്ടില്ല.

Full View

ഇതിന് പുറമേ എം.ടി വാസുദേവന്‍റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം 'ഓളവും തീരവും' അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 1957 ല്‍ പുറത്തിറങ്ങിയ എം.ടിയുടെ ചെറുകഥയാണ് 'ഓളവും തീരവും'. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക. 1970 ല്‍ പി.എന്‍ മേനോന്‍റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. സന്തോഷ് ശിവനായിരിക്കും ഛായാഗ്രഹണം.

എം.ടി വാസുദേവന്‍ നായരുടെ പത്ത് കഥകള്‍ ആണ് നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമയാകുന്നത്. എല്ലാ സിനിമകള്‍ക്കും എം.ടി തന്നെയാണ് തിരക്കഥയെഴുതുന്നതും. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വതി തിരുവോത്ത് തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ആന്തോളജി ചിത്രത്തില്‍ അണിനിരക്കും. പ്രമുഖ സംവിധായകരായ ജയരാജ്, പ്രിയദര്‍ശന്‍, ലിജോ ജോസ് പെല്ലിശേരി, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം.ടിയുടെ മകള്‍ അശ്വതി വി നായര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറുടെ ചുമതലക്കൊപ്പം ഒരു ചിത്രവും സംവിധാന ചെയ്യുന്നുണ്ട്.

Priyadarshan is preparing a thriller film with young actors?

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News