ഫർഹാൻ അക്തര്‍ ചിത്രം 'തൂഫാനെ'തിരെ സംഘ്പരിവാർ ബഹിഷ്‌ക്കരണ കാംപയിൻ

ചിത്രത്തിൽ 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാര്‍ അനുഭാവികളുടെ നേതൃത്വത്തിൽ കാംപയിൻ നടക്കുന്നത്

Update: 2021-07-11 14:06 GMT
Editor : Shaheer | By : Web Desk

വെള്ളിയാഴ്ച റിലീസാകാനിരിക്കുന്ന ഫർഹാൻ അക്തർ ചിത്രം 'തൂഫാനെ'തിരെ സംഘ്പരിവാർ അനുകൂലികളുടെ ബഹിഷ്‌ക്കരണ കാംപയിൻ. 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാര്‍ അനുഭാവികളുടെ നേതൃത്വത്തിൽ കാംപയിൻ നടക്കുന്നത്.

ഏറെ ശ്രദ്ധ നേടിയ 'ഭാഗ് മിൽഖ ഭാഗി'നുശേഷം രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ കായിക ചിത്രമാണ് തൂഫാൻ. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലാണ് റിലീസ്. ഭാഗ് മിൽഖ ഭാഗില്‍ മില്‍ഖാ സിങ്ങിന്‍റെ റോള്‍ ചെയ്തതും ഫര്‍ഹാന്‍ തന്നെയായിരുന്നു.

ഗുണ്ടയില്‍നിന്ന് ദേശീയ ബോക്‌സർ താരമായി മാറിയ അസീസ് അലിയുടെ ജീവിതമാണ് ഫർഹാൻ അക്തർ അവതരിപ്പിക്കുന്നത്. മൃണാൽ താക്കൂറാണ് നടി. ചിത്രത്തിൽ അസീസ് അലിയായ ഫര്‍ഹാനും ഡോ. പൂജാ ഷായായി വേഷമിടുന്ന മൃണാൽ താക്കൂറും തമ്മിൽ നടക്കുന്ന വിവാഹം ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ബഹിഷ്ക്കരണ കാംപയിൻ ആരംഭിച്ചിരിക്കുന്നത്.

Advertising
Advertising

ചിത്രം 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇത്തരം വിവാഹങ്ങൾ ഇന്ത്യയുടെ സംസ്‌കാരത്തിനു വിരുദ്ധമാണെന്ന് ഒരുകൂട്ടം വാദിക്കുന്നു. കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യൻ ഭൂപടം പങ്കുവച്ചയാളാണ് ഫർഹാൻ അക്തറെന്ന് ഓർമവേണമെന്നാണ് ഒരു ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നത്. നമ്മൾ ഇന്ത്യക്കാർ എന്തിന് അദ്ദേഹത്തിൻരെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാൻ അനുവദിക്കണമെന്നും ട്വീറ്റിൽ ചോദിക്കുന്നു. ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിൽ വെബ് സീരീസ്, ചലച്ചിത്രങ്ങൾ, സമൂഹമാധ്യമങ്ങൾ എന്നിവ വഴി ഹിന്ദു ധർമത്തെയും ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുന്നതും അപമാനിക്കുന്നതും തുടർക്കഥയായിരിക്കുകയാണെന്ന് ഒരാൾ പറയുന്നു. ഹിന്ദു ഐക്യം മാത്രമാണ് ഇത് തടയാനുള്ള വഴിയെന്നും ട്വിറ്റർ ഉപയോക്താവിന്റെ നിർദേശമുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News