തീർച്ചയായും ഒരു ഗംഭീര തീയറ്റർ അനുഭവം ആകുമായിരുന്നു മാലിക്; ആന്‍റോ ജോസഫ്

ഏറെ കഷ്ടപ്പാടുകൾക്കിടയിലും നിർമ്മാതാവ്‌ എന്ന നിലയിൽ മാലിക്‌ എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്

Update: 2021-07-15 04:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഫഹദ് ഫാസില്‍ നായകനായ മാലിക് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ചുള്ളത്. തകര്‍പ്പന്‍ പ്രകടനവുമായി ഫഹദ് പതിവ് പോലെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഒരുക്കിയ ചിത്രം തിയറ്ററുകള്‍ അടച്ചതിന് പിന്നാലെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ നിര്‍മാതാവ് ആന്‍റോ ജോസഫ് കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ആന്‍റോ ജോസഫിന്‍റെ കുറിപ്പ്

മാലിക്‌ നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്‌. അമസോൺ പ്രൈമിലൂടെ. ഒരുപാട്‌ പേരുടെ സ്വപ്നമാണ്‌, മാലിക്‌. എഴുതി സംവിധാനം ചെയ്ത മഹേഷ് ‌ നാരായണന്‍റെ, സ്വയം സമർപ്പിച്ചഭിനയിച്ച ഫഹദിന്‍റെ, നിമിഷ സജയന്റെ, ജോജുവിന്റെ വിനയ് ഫോർട്ടിന്റെ മറ്റ്‌ അഭിനേതാക്കളുടെ, ക്യാമറ ചലിപ്പിച്ച സാനുവിന്റെ സംഗീതം കൊടുത്ത സുഷിൻ ശ്യാമിന്റെ, ശബ്ദരൂപകൽപ്പന നിർവ്വഹിച്ച വിഷ്ണു ഗോവിന്ദിന്‍റെ, ആർട്ട്‌ ഡയറക്റ്റർ സന്തോഷ്‌ രാമന്റെ കോസ്റ്റ്യുംസ്‌ ഡിസൈൻ ചെയ്ത ധന്യ ബാലകൃഷ്ണന്‍റെ, മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടിയുടെ പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യന്റെ ഇവർക്കെല്ലാം ഈ സിനിമ, അതിന്റെ വലിപ്പത്തിലും മിഴിവിലും ശബ്ദഭംഗിയിലും തീയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തീർച്ചയായും ഒരു ഗംഭീര തീയറ്റർ അനുഭവം ആകുമായിരുന്നു, മാലിക്‌.

ഏറെ കഷ്ടപ്പാടുകൾക്കിടയിലും, നിർമ്മാതാവ്‌ എന്ന നിലയിൽ മാലിക്‌ എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കോവിഡ്‌ അനിശ്ചിതത്വത്തിൽ എന്നെ പോലെ ഒരു നിർമ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക്‌ ചിത്രത്തിന്‍റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, ഒടിടി യിൽ വിപണനം ചെയ്തുകൊണ്ട്‌, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്‍റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു. ചിത്രം വാങ്ങിച്ച ആമസോണിനും, ഏഷ്യാനെറ്റിനും നന്ദി. മാലിക്‌ നിങ്ങളിലേക്ക്‌ എത്തുകയാണ്‌. കാണുക, ഒപ്പം നിൽക്കുക. ഏറെ സ്നേഹത്തോടെ 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News