'രാം കെ നാമി'ന് യൂട്യൂബിന്‍റെ നിയന്ത്രണം; 'ഹിന്ദുത്വ' ഇടപെടലെന്ന് സംവിധായകൻ ആനന്ദ് പട്‌വർധൻ

ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാനായി ഹിന്ദുത്വ സംഘങ്ങൾ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളും വർഗീയ കലാപങ്ങളും അനാവരണം ചെയ്യുന്നതാണ് ചിത്രം

Update: 2023-01-16 17:13 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ബാബരി മസ്ജിദ് ധ്വംസനത്തിനു മുന്നോടിയായി നടന്ന ഹിന്ദുത്വ പ്രചാരണങ്ങളും വർഗീയ കലാപങ്ങളും അനാവരണം ചെയ്യുന്ന 'രാം കെ നാം' ഡോക്യുമെന്ററി ചിത്രത്തിന് യൂട്യൂബിൽ നിയന്ത്രണം. 1992ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബ് പ്രായനിയന്ത്രണം ഏർപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകനും സാമൂഹിക പ്രവർത്തകനുമായ ആനന്ദ് പട്‌വർധനാണ് നിയന്ത്രണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

യൂട്യൂബിൽനിന്നുള്ള അറിയിപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു ആനന്ദ് പട്‌വർധൻ ഇക്കാര്യം അറിയിച്ചത്. താങ്കളുടെ കണ്ടെന്റ് വിലയിരുത്തിയ ശേഷം 18 വയസിനു താഴെ പ്രായമുള്ളവർക്ക് യോജിച്ചതല്ലെന്ന് തീരുമാനമെടുത്തിരിക്കുകയാണെന്ന് യൂട്യൂബ് അറിയിപ്പിൽ പറയുന്നു. കമ്പനിയുടെ 'കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ്' പ്രകാരമാണ് നടപടിയെന്നും സൂചിപ്പിക്കുന്നുണ്ട്.

ഹിന്ദുത്വ കളിയാണിതെന്ന് ആനന്ദ് പട്‌വർധൻ ആരോപിച്ചു. 31 വർഷം മുൻപ് സെൻസർ ബോർഡ് 'യു' സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന്റെ ട്രെയിലറിനാണിപ്പോൾ പ്രായനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനന്ദിന് നേരിട്ട് അയച്ച ഇ-മെയിലിലാണ് യൂട്യൂബ് നിയന്ത്രണത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

Full View

1992 സെപ്റ്റംബർ 18നാണ് ചിത്രം റിലീസ് ചെയ്തത്. അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാനായി വിശ്വഹിന്ദു പരിഷത്തും ഹിന്ദുത്വ സംഘങ്ങളും രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വർഗീയ കലാപങ്ങളും തുറന്നുകാട്ടുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരം, മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം എന്നിവയെല്ലാം 'രാം കെ നാമി'നു ലഭിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്.

Summary: 'Ram Ke Naam', documentary exposing Hindutva campaigns and communal riots leading up to Babri Masjid demolition, gets age-restricted on YouTube, says Director Anand Patwardhan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News