25,000 സിനിമ പ്രവർത്തകർക്ക് 1,500 രൂപ വീതം; സഹായഹസ്തം നീട്ടി സല്‍മാന്‍ ഖാന്‍ വീണ്ടും

സിനിമ മേഖലയില്‍ അർഹരായ 35,000 മുതിർന്ന പൗരന്മാർക്ക് 5000 രൂപ വീതം നൽകാൻ യഷ്‌രാജ് ഫിലിംസും മുന്നോട്ടുവന്നിട്ടുണ്ട്.

Update: 2021-05-07 14:20 GMT
Advertising

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായവാഗ്ദാനവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. സാങ്കേതിക പ്രവര്‍ത്തകര്‍, മേക്കപ്പ് ആർട്ടിസ്റ്റുകൾ, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട് ആർട്ടിസ്റ്റുകൾ, ലൈറ്റ്ബോയിമാർ തുടങ്ങി ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 25,000 പേർക്ക് സല്‍മാന്‍ ധനസഹായം നല്‍കും. 

ആദ്യഗഡുവായി 1,500 രൂപ വീതമാണ് നല്‍കുകയെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്‍റ് ബി.എൻ. തിവാരി അറിയിച്ചു. അര്‍ഹതപ്പെട്ടവരുടെ പട്ടികയും അക്കൗണ്ട് നമ്പരും സൽമാൻ ഖാന് കൈമാറിയിട്ടുണ്ട്. പണം ഉടന്‍ നിക്ഷേപിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും ബി.എൻ. തിവാരി വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം ജോലിയില്ലാതെ വിഷമിക്കുന്ന സിനിമ പ്രവർത്തകർക്ക് 3,000 രൂപ വീതം സല്‍മാന്‍ ഖാന്‍ നല്‍കിയിരുന്നു. അടുത്തിടെ, ശിവസേനയുടെ യൂത്ത് വിങുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരും ആരോഗ്യപ്രവർത്തകരുമടക്കം, 5000 കോവിഡ് മുന്നണി പോരാളികൾക്ക് ഭക്ഷണമെത്തിക്കാനും സല്‍മാന്‍ ഖാന്‍ മുന്‍കൈയ്യെടുത്തിരുന്നു. 

അതേസമയം, സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അർഹരായ 35,000 മുതിർന്ന പൗരന്മാർക്ക് 5000 രൂപ വീതം നൽകാൻ യഷ്‌രാജ്  ഫിലിംസുമായി തത്വത്തിൽ ധാരണയായതായി എഫ്.ഡബ്ല്യു.ഐ.സി.ഇ അറിയിച്ചു. നാലുപേരടങ്ങുന്ന കുടുംബത്തിനുള്ള പ്രതിമാസ റേഷൻ വിതരണം ചെയ്യാമെന്നും യഷ്‌രാജ് ഫിലിംസ് സമ്മതിച്ചിട്ടുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News