'പാർട്ടിക്ക് ആത്മാർത്ഥതയില്ല'; ബിജെപി വിട്ട് നടി ശ്രാബന്ദി ചാറ്റർജി

ശ്രാബന്ദി തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ട്.

Update: 2021-11-11 08:08 GMT
Editor : abs | By : Web Desk
Advertising

കൊൽക്കത്ത: ബംഗാൾ ബിജെപിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി നടി ശ്രാബന്ദി ചാറ്റർജി അറിയിച്ചു. ബംഗാളിന്റെ കാര്യത്തിൽ ബിജെപിക്ക് ആത്മാർത്ഥതയും താത്പര്യവുമില്ല എന്ന് ആരോപിച്ചാണ് നടിയുടെ രാജി. ട്വിറ്ററിലാണ് ഇവർ ബിജെപി വിടുന്നതായി അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാർച്ച് രണ്ടിനാണ് ശ്രാബന്ദി ബിജെപിയിൽ ചേർന്നിരുന്നത്. ബെഹെ വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും തൃണമൂലിന്റെ പാർത്ഥ ചാറ്റർജിയോട് തോറ്റു. അറുപതിനായിരത്തോളം വോട്ടു മാത്രമേ ഇവർക്ക് നേടാനായുള്ളൂ. 

ശ്രാബന്ദി തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ട്. തൃണമൂലിൽ ചേരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാലം സംസാരിക്കട്ടെ എന്നായിരുന്നു അവരുടെ മറുപടി.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, മുതിർന്ന നേതാവ് മുകുൾ റോയ്, ബാബുൽ സുപ്രിയോ എന്നിവർ അടക്കം നിരവധി പേരാണ് ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നത്. ബിശ്വജിത് ദാസ്, തൻമോയ് ഘോഷ്, സൗമൻ റോയ് എന്നീ എംഎൽഎമാരും ബിജെപി വിട്ട് തൃണമൂലിലെത്തിയിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News