'എന്നും എന്റേത്'; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷംന കാസിം

  • കഴിഞ്ഞ ദിവസം മാലകെട്ടൽ ചടങ്ങിന്റെ ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു

Update: 2022-08-11 12:51 GMT
Editor : abs | By : Web Desk

സമൂഹമാധ്യമങ്ങളിലെ ട്രോളുകൾക്കിടെ പ്രതിശ്രുധ വരൻ ഷാനിദ് ആസിഫലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഷംന കാസിം. ലവ് ഇമോജിക്കൊപ്പം എന്നും എന്റേത് എന്ന അടിക്കുറിപ്പോടെയാണ് നടി ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചത്. നടി രചന നാരായണൻ കുട്ടി, പേളി മാണി അടക്കമുള്ളവർ ചിത്രത്തിന് കമന്റിട്ടു.

കഴിഞ്ഞ ദിവസം മാലകെട്ടൽ ചടങ്ങിന്റെ ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനം, നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. രണ്ടു മാസം മുമ്പായിരുന്നു നടിയുടെ വിവാഹനിശ്ചയം.

Advertising
Advertising

ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫലി. കണ്ണൂർ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ സിനിമാ മേഖലയിലെത്തി. പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി, ഒരു കുട്ടനാടൻ ബ്ലോഗ്, രാജാധി രാജ, ആറു സുന്ദരിമാരുടെ കഥ, മകരമഞ്ഞ് തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. തിരുമുരുകൻ സംവിധാനം ചെയ്ത മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. മലയാളത്തിന് പുറത്ത് പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. 

മലയാളത്തിനും തമിഴിനും പുറമേ, കന്നഡയിലും സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിരത്തിരനിലാണ് നടി അവസാനം അഭിനയിച്ചത്. സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും സജീവ സാന്നിധ്യമാണ്. 

കണ്ണൂരിൽ പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബത്തിൽ കാസിം, റംല ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവളായി 1989 മെയ് 23 നാണ് ഷംനയുടെ ജനനം. കണ്ണൂരിലെ ഉർസുലിൻ സീനിയർ സെക്കൻഡറി സ്‌കൂളിലും കണ്ണൂരിലെ സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് സ്‌കൂൾ വിദ്യാഭ്യാസം. വിദൂര വിദ്യാഭ്യാസത്തിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. പിന്നീടാണ് റിയാലിറ്റി ഷോകളിലെത്തിയത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News