ആർ.ആർ.ആർ ടീം കോടികൾ വാരിയെറിഞ്ഞ് ഓസ്‌കർ വാങ്ങിയോ..? മറുപടിയുമായി രാജമൗലിയുടെ മകൻ

'അഞ്ചു കോടി രൂപക്കുള്ളിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു'

Update: 2023-03-28 04:26 GMT
Editor : Lissy P | By : Web Desk
Advertising

ഹൈദരാബാദ്: ഓസ്‌കറിൽ മുത്തമിട്ട് ഇന്ത്യൻ സിനിമയുടെ അഭിമാനം വാനോളം ഉയർത്തിയ സിനിമയായിരുന്നു ആർ.ആർ.ആർ. മികച്ച ഒറിജനൽ സോങ്ങ് വിഭാഗത്തിലായിരുന്നു 'നാട്ടു നാട്ടു' എന്ന ഗാനം ഓസ്‌കർ കരസ്ഥമാക്കിയത്. അതേസമയം, ആർആർആറിന്റെ ഓസ്‌കാർ പ്രചാരണത്തിനായി സിനിമാപ്രവർത്തർ 80 കോടിയിലധികം രൂപ ചെലവഴിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഓസ്‌കർ ജേതാക്കളായ സംഗീതസംവിധായകൻ കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസ് നുമായിരുന്നു ഓസ്‌കർ ചടങ്ങിലേക്ക് സൗജന്യ പ്രവേശനം ലഭിച്ചിരുന്നത്. ബാക്കി ചടങ്ങിൽ പങ്കെടുത്തവരെല്ലാം ലക്ഷങ്ങൾ ചെലവഴിച്ചാണ് ടിക്കറ്റെടുത്തതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആർ.ആർ.ആർ ടീം ഓസ്‌കറിന്റെ പ്രചാരണത്തനായി എത്ര രൂപ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ കാർത്തികേയ.

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു കാർത്തികേയ മനസ് തുറന്നത്. ഈ പറയുന്നത്ര തുകയൊന്നും ആർ.ആർ.ആർ ടീം ചെലവഴിച്ചിട്ടില്ലെന്ന് കാർത്തികേയ പറയുന്നത്. 'അഞ്ചു കോടി രൂപക്കുള്ളിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതായിരുന്നു പ്ലാൻ, പക്ഷേ പ്രചാരണത്തിനായി 8.5 കോടി ചെലവഴിക്കേണ്ടി വന്നു. ആർആർആറിനായി യുഎസ്എയിലെ രണ്ട് നഗരങ്ങളിൽ പ്രത്യേക സ്‌ക്രീനിങ്ങായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ പിന്നീട് ന്യൂയോർക്കിൽ കൂടുതൽ ഷോകൾ ആവശ്യമാണെന്ന് കരുതി,അതും സംഘടിപ്പിക്കേണ്ടിവന്നു.' കാർത്തികേയ പറഞ്ഞു.

'സാധാരണയായി വോട്ടർമാരെ ക്ഷണിക്കുന്ന ഇത്തരം സ്‌ക്രീനിങ്ങുകൾക്കായി വലിയൊരു തുകയാണ് ചെലവഴിക്കുന്നത്. എല്ലാ ആർ.ആർ.ആർ പ്രദർശനങ്ങളും ഹൗസ്ഫുൾ ഷോകളായിരുന്നുവെന്നും അത്തരമൊരു സംഭവം ആദ്യമാണെന്നുമാണ് ഞങ്ങൾക്ക് കിട്ടിയ വിവരം..'കാർത്തികേയ പറഞ്ഞു.

ആർ.ആർ.ആർ ടീം ഓസ്‌കർ വൻ തുകയ്ക്ക് വാങ്ങിയെന്ന ആരോപണത്തിനും കാർത്തിയേക മറുപടി നൽകി. 'ഒരു ഓസ്‌കർ പണം കൊടുത്തുവാങ്ങുക എന്നൊക്കെ പറയുന്നത് തന്നെ തമാശയല്ലേ... ഇത് 95 വർഷം പഴക്കമുള്ള ഒരു സ്ഥാപനമാണ്, അതിന് അതിന്റെതായ നിയമവും നടപടിക്രമങ്ങളുമുണ്ട്. ഓസ്‌കർ പണം കൊടുത്ത് വാങ്ങാൻ കഴിയില്ല, ആളുകളുടെ സ്‌നേഹവും വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'രാം ചരൺ, ജൂനിയർ എൻടിആർ, പ്രേം രക്ഷിത്, കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച്, കീരവാണി, ചന്ദ്രബോസ് തുടങ്ങിയവരെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഈ നോമിനികളിൽ ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ളവരെ കൊണ്ടുവരാം.. അതിന് അക്കാദമിക്ക് മെയിൽ അയക്കുകയും ടിക്കറ്റ് എടുക്കുകയും വേണം...' കാർത്തിയേക പറഞ്ഞു.

എം എം കീരവാണി സംഗീതം നൽകിയ 'നാട്ടു നാട്ടു' മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബും നേടിയിട്ടുണ്ട്.ആർആർആറിനൊപ്പം ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയും മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്‌കർ നേടിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News