ഉരുളയ്ക്കുപ്പേരി പോലുള്ള സംസാരം, സന്ദർഭത്തിനൊത്ത കൗണ്ടറുകൾ; മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സുബി സുരേഷ്

പുരുഷൻമാർ അടക്കിവാണിരുന്ന കോമഡി രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമായിരുന്നു സുബി

Update: 2023-02-22 07:51 GMT

രണ്ടായിരമാണ് കാലം. സ്റ്റാൻഡ് അപ് കോമഡി രംഗത്തേക്ക് വരാൻ സ്ത്രീകൾ മടിച്ചിരുന്ന സമയം. മിമിക്രി മേഖല പുരുഷൻമാരുടെ മാത്രം കുത്തകയായിരുന്ന സമയം. അന്നത്തെ സ്റ്റീരിയോ ടൈപ്പുകളെയെല്ലാം മാറ്റിമറിച്ചുകൊണ്ട് സുബി സുരേഷ് എന്ന കലാകാരി മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ശരവേഗത്തിൽ തന്നെ മിമിക്രി, മിമിക്സ് പരേഡുകളിലൂടെ കലാഭവന്റെ ഉൾപ്പെടെ മുഖമായി മാറി സുബി. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. ഉരുളയ്ക്കുപ്പേരി പോലുള്ള സംസാരവും സന്ദർഭത്തിനൊത്ത കൗണ്ടറുകളും സുബിയുടെ പരിപാടികൾക്ക് ആസ്വാദകരെ കൂട്ടി.

Advertising
Advertising

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന 'സിനിമാല' എന്ന പരിപാടി ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. സിനിമാലയിലെ സുബിയുടെ മർമം തൊടുന്ന തമാശകൾ കേട്ട് പൊട്ടിച്ചിരിക്കാത്ത മലയാളികളുണ്ടോ എന്ന് തന്നെ സംശയമാണ്. തനതായ ഹാസ്യ ശൈലി കൊണ്ട് തെസ്നി ഖാൻ ഉൾപ്പെടെയുള്ള താരങ്ങളെപ്പോലും സുബി കടത്തിവെട്ടി. കോമഡി തില്ലാന, കോമഡിയും മിമിക്സും പിന്നെ ഞാനും എന്നീ പരിപാടികൾ കൂടി ആയപ്പോൾ സ്റ്റാൻഡ് അപ് കോമഡിയിൽ സുബിയെ വെല്ലാൻ മറ്റൊരാളില്ല എന്ന തരത്തിലേക്കെത്തി കാര്യങ്ങൾ.

പിന്നീടിങ്ങോട്ട് നിരവധി ടെലിവിഷൻ പരിപാടികൾ, സ്റ്റാൻഡ് അപ്പ് കോമഡികൾ, ഇന്ത്യയ്ക്കകത്തും പുറത്തുമായി കൈ നിറയെ സ്റ്റേജ് ഷോകൾ, മലയാളി ഇന്നും ഓർക്കുന്ന എവർഗ്രീൻ ഷോകളിൽ പലതും സുബി ഉൾപ്പെടുന്ന ടീമുകളുടേതാണ്. കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൂര്യ ടിവിയിലെ 'കുട്ടിപ്പട്ടാളം' എന്ന പരിപാടിയും ഏറെ ജനപ്രിയമായി. മുതിർന്നവരെ മാത്രമല്ല, കൊച്ചുകുട്ടികളെയും കയ്യിലെടുക്കാൻ തനിക്ക് അറിയാമെന്ന് സുബി കാണിച്ചുതന്നു.

രാജസേനന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം ചിത്രം കനക സിംഹാസനത്തിലൂടെ 2006ലാണ് സുബിയുടെ സിനിമാ അരങ്ങേറ്റം. ത്രിപുരസുന്ദരി എന്ന കഥാപാത്രം സുബിയുടെ കൈയ്യിൽ ഭദ്രമായി. പിന്നീട് ഡിറ്റക്ടീവ്, ഹാപ്പി ഹസ്ബൻഡ്സ്, തസ്കര ലഹള, എൽസമ്മ എന്ന ആൺകുട്ടി, കില്ലാഡി രാമൻ, 101 വെഡ്ഡിങ്, പഞ്ചവർണ തത്ത തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിൽ സുബി വേഷമിട്ടു.

സിനിമയിൽ സജീവമായപ്പോഴും വന്ന വഴി സുബി മറന്നില്ല. സമയം കിട്ടുമ്പോഴൊക്കെയും സ്റ്റേജ് ഷോകളും മിമിക്രി പരിപാടികളുമായി അവർ പ്രേക്ഷകർക്കരികിലേക്കെത്തി. പറയാനും പങ്കുവെക്കാനും ഇനിയും ഒരുപാട് തമാശകൾ ബാക്കിവെച്ചാണ് കലാ രംഗത്തോടും ലോകത്തോടും സുബി വിടപറയുന്നത്. സ്റ്റാൻഡ് അപ്പ് കോമഡി രംഗത്തേക്ക് ഇനി ആരൊക്കെ വന്നാലും സുബിയുടെ സ്ഥാനം ഒഴിഞ്ഞുതന്നെ കിടക്കുമെന്ന് തീർച്ച.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News