'നാട്ടു നാട്ടു' ലോക ശ്രദ്ധ നേടാനുള്ള കാരണം ഇതാണ്; കീരവാണി പറയുന്നു

95-ാമത് ഓസ്‌കർ പുരസ്‌കാരത്തിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരമാണ് നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ കീരവാണിയും ചന്ദ്രബോസും സ്വന്തമാക്കിയത്

Update: 2023-03-29 14:27 GMT
Editor : abs | By : Web Desk

എംഎം കീരവാണി

Advertising

ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കർ എത്തിയതിന്റെ ആഘോഷം ഇപ്പോഴും അടങ്ങിയിട്ടില്ല. നാട്ടു നാട്ടു എന്ന ആർ ആർ ആർ ചിത്രത്തിലെ ഗാനത്തിലൂടെയാണ് കീരവാണി ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിയത്. ഇപ്പോഴിതാ ഗാനം ലോകശ്രദ്ധ നേടിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കീരവാണി. രാംചരണും ജൂനിയർ എൻടിആറും ഗാനത്തിൽ അവതരിപ്പിച്ച നൃത്തം കൊണ്ടാണ് പാട്ടിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് കീരവാണി മനസ്സ് തുറന്നത്.

പാട്ടിന്റെ വരികളെഴുതിയ ചന്ദ്രബോസിനും ക്രെഡിറ്റ് നൽകാനും കീരവാണി മറന്നിട്ടില്ല. ആദ്യ രണ്ട് വരികളിലെ പ്രാസം വളരെ രസകരമാണ്. അതാണ് പാട്ടിനെ ആകർഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാട്ട് കമ്പോസ് ചെയ്യുമ്പോഴൊന്നും ഓസ്‌കർ പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള സൃഷ്ടിയായി മനസ്സിൽപോലും കരുതിയിരുന്നില്ല, പാട്ടിനെ കുറിച്ച് രാജമൗലി സംസാരിക്കുമ്പോൾ തന്നെ ഒരു ഡാൻസ് നമ്പർ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നുവെന്നും കീരവാണി പറഞ്ഞു.

95-ാമത് ഓസ്‌കർ പുരസ്‌കാരത്തിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരമാണ് നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ എംഎം കീരവാണിയും ചന്ദ്രബോസും സ്വന്തമാക്കിയത്. ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു. നാട്ടു നാട്ടുവിലെ നൃത്തം അനുകരിച്ചുള്ള ഡാൻസ് വീഡിയോകൾ ഇപ്പോഴും ട്രെൻഡിങ്ങാണ്.

2022 മാർച്ച് 25ന് റിലീസ് ചെയ്ത ആർആർആർ ഇന്ത്യയിൽ വലിയ വിജയമാണ് നേടിയത്. തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം എന്നിങ്ങനെ സിനിമ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്.

അതേസമയം, നാട്ടുനാട്ടുവിലെ പാട്ടിലെ സ്്‌റ്റെപ്പുകൾ ഒരുക്കിയതിലെ കഠിനാധ്വാനത്തെ കുറിച്ച് കൊറിയോഗ്രാഫർ പ്രേം രക്ഷിത് വ്യക്തമാക്കിയിരുന്നു. 'ജൂനിയർ എൻടിആർ ഒരു കടുവയെപ്പോലെയും ചരൺ സാർ ഒരു ചീറ്റപ്പുലിയെപ്പോലെയുമാണ്. ഇതായിരിക്കണം ഗാനരംഗത്തിലുടനീളം ഉണ്ടായിരിക്കേണ്ടതെന്ന് രാജമൗലി സർ നിർദ്ദേശിച്ചിരുന്നു. ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. കഥയുടെ പ്രധാന ഭാഗം ഇതാണെന്നും പ്രത്യേകം പറഞ്ഞിരുന്നു'; രക്ഷിത് പറയുന്നു. ലോകമെമ്പാടുമുള്ള ആളുകൾ പലതരത്തിലുള്ള ഹുക്ക് സ്റ്റെപ്പുകൾ കണ്ടിട്ടുണ്ടാകും. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഊർജ്ജസ്വലമായ ശരിയായ ചുവടുകൾ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ലെന്ന് രക്ഷിത് പറഞ്ഞു.

എല്ലാവരുടെയും ശ്രദ്ധ നായകൻമാരിൽ തന്നെയായിരിക്കണം. അവരുടെ ബന്ധം, അവരുടെ ഊർജ്ജം എന്നിവ എടുത്ത് കാണിക്കണം. രണ്ടുനായകന്മാരും ഒന്നിക്കുമ്പോൾ പ്രേക്ഷക ശ്രദ്ധ പശ്ചാത്തല നർത്തകരിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ പോകാൻ പാടില്ലെന്നും രാജമൗലി നിർദ്ദേശിച്ചിരുന്നുവെന്ന് രക്ഷിത് പറയുന്നു. കീവിലെ മാരിൻസ്‌കി കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ ഗാനം ചിത്രീകരിക്കാൻ ദിവസങ്ങളെടുത്തുവെന്നും രക്ഷിത് പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News