മിര്‍സാപൂരോ ഫാമിലിമാനോ അല്ല, 39 വര്‍ഷം പഴക്കമുള്ള ഈ ടിവി ഷോയാണ് ഇപ്പോഴും ഐഎംഡിബി റേറ്റിംഗിൽ ഒന്നാമത്
പരമ്പരയുടെ ആദ്യ മൂന്ന് സീസണുകൾ സംവിധാനം ചെയ്തത് ശങ്കർ നാഗും നാലാം സീസണ്‍ കവിത ലങ്കേഷുമാണ്
ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവോടെ സിനിമയെപ്പോലെ വെബ് സിരീസുകൾക്കും കാഴ്ചക്കാര്‍ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് ത്രില്ലര്‍ സിരീസുകൾക്ക്. നമ്മുടെ കുട്ടിക്കാലങ്ങളെ രസിപ്പിച്ച പഴയ സിനിമകളും പരമ്പരകളും നമുക്ക് തോന്നുന്ന സമയത്ത് കാണാൻ അവസരമൊരുക്കുന്ന വേദി കൂടിയാണ് ഒടിടി. മിർസാപൂർ, ഗുല്ലക്ക്, പഞ്ചായത്ത്, ദി ഫാമിലി മാൻ, സേക്രഡ് ഗെയിംസ് തുടങ്ങിയവ ഒടിടിയിലൂടെ പുതുതലമുറ ഏറ്റെടുത്ത സിരീസുകളാണ്. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി മികച്ച റേറ്റിംഗ് നൽകിയ ത്രില്ലറുകളാണ് ഇവയൊക്കെ. എന്നാൽ ഇതൊന്നുമല്ല റേറ്റിംഗിൽ ടോപ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. 39 വര്‍ഷം മുൻപ് ദൂരദര്‍ശനിലൂടെ ലോകം കണ്ട മാൽഗുഡി ഡേയ്സ് എന്ന പരമ്പരയാണ് 9.4 റേറ്റിംഗോടെ മുന്നിൽ നിൽക്കുന്നത്.
ആര്‍.കെ.നാരായണന്‍റെ ഹൃദയഹാരികളായ ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന മാല്‍ഗുഡി ഡേയ്‌സ്, മാല്‍ഗുഡി എന്ന ചെറുപട്ടണത്തിലെ ഒരുപിടി കഥാപാത്രങ്ങളുടെ ലളിതമായ ജീവിതമാണ് പറയുന്നത്. പ്രധാന കഥാപാത്രമായ സ്വാമിയും സുഹൃത്തുക്കളും നേരിടുന്ന പരീക്ഷണങ്ങളെയും കഷ്ടപാടുകളെയും ചുറ്റിപ്പറ്റിയാണ് മാല്‍ഗുഡി ഡേയ്‌സിന്‍റെ പ്രമേയം. 1986ലാണ് മാല്‍ഗുഡി ഡേയ്‌സ് ആദ്യമായി ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്യുന്നത്. അന്ന് മുതൽ ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോ ആയി മാൽഗുഡി ഡേയ്സ് മാറി. ഇംഗ്ലീഷിൽ 13 എപ്പിസോഡുകളും ഹിന്ദിയിൽ 50 ലധികം എപ്പിസോഡുകളും ഉണ്ടായിരുന്നു.
അന്നത്തെ പ്രമുഖ ബാല നടനായ മാസ്റ്റര്‍ മഞ്ജുനാഥ്, ഗിരീഷ് കര്‍ണാട്, വൈശാലി കാസര്‍വള്ളി, അനന്ത് നാഗ്, അരുന്ധതി നാഗ് തുടങ്ങിയവരാണ് മാൽഗുഡി ഡെയ്സിലെ അഭിനേതാക്കള്‍. ലളിതവും ശക്തവുമായ കഥ പറച്ചിലായിരുന്നു മാൽഗുഡിയുടെ സവിശേഷത. കടം വാങ്ങിയ പണം കൊണ്ടായിരുന്നു ഈ പരമ്പര നിര്‍മിച്ചതെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഈ കടമെല്ലാം വീട്ടാൻ നിര്‍മാതാക്കൾക്കായി.
പരമ്പരയുടെ ആദ്യ മൂന്ന് സീസണുകൾ സംവിധാനം ചെയ്തത് ശങ്കർ നാഗും നാലാം സീസണ്‍ കവിത ലങ്കേഷുമാണ്. ഒന്നും രണ്ടും സീസണുകളിൽ 13 എപ്പിസോഡുകളും നാലാമത്തെ സീസണിൽ 15 എപ്പിസോഡുകളുമാണ് ഉണ്ടായിരുന്നത്. 80കളിൽ ജനിച്ചവര്‍ക്ക് ഇപ്പോഴും ഒരു നൊസ്റ്റാൾജിയയാണ് മാൽഗുഡി ഡേയ്സ്. ഇന്ത്യൻ റെയിൽവെ കർണാടകയിലെ അർസലു റെയിൽവേ സ്റ്റേഷന്‍റെ പേര് മാൽഗുഡി റെയിൽവേ സ്റ്റേഷൻ എന്ന് മാറ്റി ആദരം അർപ്പിച്ചു. 2020-ൽ അതേ പേരിൽ മാൽഗുഡി ഡെയ്‌സ് എന്നൊരു സിനിമയും പുറത്തിറങ്ങിയിരുന്നു. കിഷോർ മൂഡ്ബിദർ ആണ് രചനയും സംവിധാനവും നിര്‍മിച്ച ചിത്രം ആമസോൺ പ്രൈമിലൂടെ കാണാം.