മിന്നല്‍ മുരളിയില്‍ പുതിയ വില്ലന്‍? നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട ഫോട്ടോ കണ്ട് തല പുകച്ച് ആരാധകര്‍

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തിയത്

Update: 2022-12-20 11:59 GMT
Editor : Jaisy Thomas | By : Web Desk

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ചിത്രമായിരുന്നു മിന്നല്‍ മുരളി. ചിത്രത്തിലൂടെ മലയാളത്തിന് ഒരു സൂപ്പര്‍ഹീറോയെ ലഭിക്കുകയായിരുന്നു. അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ നെറ്റഫ്ലിക്സ് ഇന്ത്യ പുറത്തുവിട്ട ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

മിന്നല്‍ മുരളിയായി ടൊവിനോ തോമസും സ്ട്രെഞ്ചര്‍ തിങ്സ് എന്ന സീരിസിലെ വെക്ന(വണ്‍) എന്ന കഥാപാത്രമായി ബോളിവുഡ് താരം വിജയ് വര്‍മയുമാണ് ഫോട്ടോയിലുള്ളത്. 'നെറ്റ്ഫ്ലിക്സിന്‍റെ കവാടങ്ങള്‍ തുറന്നു, യൂണിവേഴ്സുകള്‍ ഒന്നിക്കുന്നു' എന്നാണ് ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. 'വിജയ് വെക്ന x മിന്നൽ മുരളി 11നെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നത് എന്താണെന്നാണ് വിജയ് വര്‍മ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ഒന്നിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. ഇനി കാത്തിരിക്കാനാവില്ലെന്ന് ആരാധകര്‍ കുറിച്ചു.

Advertising
Advertising

ഒപ്പം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉടനുണ്ടായേക്കുമെന്ന സൂചനയും നെറ്റ്ഫ്ലിക്സിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നല്‍കുന്നുണ്ട്. പുതിയ ചിത്രത്തില്‍ മിന്നല്‍ മുരളിയുടെ ഹെയര്‍സ്റ്റൈലിലും താടിയിലുമൊക്കെ ചെറിയ വ്യത്യാസം കാണുന്നുണ്ട്. കുറ്റിത്താടിക്ക് പകരം കട്ടത്താടിയും അലസമായ ഹെയര്‍സ്റ്റൈലിനു പകരം വൃത്തിയായി ചീകിയൊതുക്കിയ സ്റ്റൈലുമാണ് ഫോട്ടോയില്‍ കാണുന്നത്.

എന്നാല്‍ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം മൂന്നു വര്‍ഷത്തിനു ശേഷമേ ഉണ്ടാകൂ എന്ന് ബേസില്‍ ജോസഫ് പിങ്ക് വില്ലയോട് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഭാഗം ഒ.ടി.ടിയിലായിരുന്നെങ്കില്‍ രണ്ടാം ഭാഗം തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. അതേസമയം മിന്നല്‍ മുരളി ഒരുക്കിയതിന് സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിലിനു ലഭിച്ചിരുന്നു.

മലയാളം,തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിലായിട്ടാണ് മിന്നല്‍ മുരളി റിലീസ് ചെയ്തത്. ടൊവിനോ ജെയ്സണ്‍,മിന്നല്‍ മുരളി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ തമിഴ് നടന്‍ ഗുരു സോമസുന്ദരമാണ് വില്ലനായി എത്തിയത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. അജു വര്‍ഗീസ്, ബൈജു, മാമുക്കോയ, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ബാറ്റ്‌മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച റിംബര്‍ഗാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്‌. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ് ഒരുക്കിയത്. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News