'എന്നെ തൊട്ടുകാണിക്കണമായിരുന്നു, അതായിരുന്നു ആദ്യകാല വേഷങ്ങള്‍'; അന്ന് മാമുക്കോയ പറഞ്ഞത്

കലയോടുള്ള സ്‌നേഹം മാത്രമായിരുന്നില്ല, ഒരു തൊഴിലായി തന്നെയായിരുന്നു അഭിനയത്തിലേക്ക് വന്നതെന്ന് മാമുക്കോയ പറയുന്നു

Update: 2023-04-26 12:33 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: മലയാളിയുടെ ഓർമയിൽ എന്നെന്നും നിലനിൽക്കുന്ന ഒരുപിടി വേഷങ്ങൾ ബാക്കി വെച്ചാണ് അതുല്യ നടൻ മാമുക്കോയ വിടവാങ്ങുന്നത്.  ഹാസ്യനടനായും സ്വഭാവനടനായും മലയാള സിനിമയിൽ മുഴുവൻ നിറഞ്ഞു നിന്ന മാമുക്കോയയുടെ അഭാവം വലിയ വിടവ് തന്നെയാണ് സൃഷ്ടിക്കുന്നത്. തന്റെ ആദ്യകാല സിനിമയെക്കുറിച്ചും നടനായി ആളുകൾ ഇഷ്ടപ്പെട്ടതിനെകുറിച്ചും മാമുക്കോയ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമയിൽ എത്തുന്നത്. അതിന് മുന്‍പ് നാടകങ്ങളില്‍ വേഷമിട്ടിരുന്നു. എന്നാല്‍ ആദ്യ ചിത്രം ആര്‍ട്ട് പടമായിരുന്നു. പ്രശസ്തരായ താരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് ശ്രദ്ധിക്കപ്പെട്ടില്ല.

'സുറുമയിട്ട കണ്ണുകള്‍' എന്ന ചിത്രത്തിലും പിന്നീട് വേഷമിട്ടു. എന്നാല്‍ അതും വളരെ ചെറിയ വേഷമായിരുന്നു. ഞാന്‍ തന്നെ തൊട്ടുകാണിച്ചു കൊടുക്കണമായിരുന്നു താനാണ് ഇതില്‍ അഭിനയിച്ചിട്ടുള്ളത് എന്നറിയിക്കാന്‍. 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന ചിത്രമാണ് ജീവിതം മാറ്റിമറിച്ചത്.

ആ ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടു. ഒരു നടനായി അംഗീകരിക്കപ്പെടുന്നത് അവിടം മുതലാണെന്നും മാമുക്കോയ പറയുന്നു. നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗം ഇനി വരാനുണ്ടെന്നും മാമുക്കോയ അഭിമുഖത്തില്‍ പറയുന്നു. 1988 ല്‍ ഖത്തറില്‍ എത്തിയ മാമുക്കോയയുമായി എ.വി.എം ഉണ്ണി നടത്തിയ അഭിമുഖത്തിന്റെ ഭാഗം  മാമുക്കോയയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

കലയോടുള്ള സ്‌നേഹം മാത്രമായിരുന്നില്ല, ഒരു തൊഴിലായി തന്നെയായിരുന്നു അഭിനയത്തിലേക്ക് വന്നതെന്ന് മാമുക്കോയ പറയുന്നു. വീട്ടില്‍ ഉമ്മായുടെ തട്ടം എടുത്ത് അഭിനയം തുടങ്ങിയതാണ്. ജോലി ഉപേക്ഷിച്ച് നാടകങ്ങളിലും ഒക്കെ അഭിനയിക്കാന്‍ പോയി. പിന്നെ വേഷങ്ങള്‍ കിട്ടി കൊണ്ടിരുന്നു. ഒടുവില്‍ സിനിമയില്‍ എത്തിയപ്പോള്‍ അത് തന്നെ തൊഴിലായി തെരഞ്ഞെടുത്തു.

എന്തെങ്കിലും കോപ്രായം കാട്ടികൂട്ടിയാല്‍ അത് ഹാസ്യമാകില്ലെന്നും മലയാളികളുടെ പ്രിയതാരം അഭിമുഖത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്. ഇതുവരെ തന്നെ സഹിച്ച പ്രേക്ഷകര്‍ തുടര്‍ന്നും സഹിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അഭിമുഖം അവസാനിപ്പിക്കുന്നത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News