സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

പരസ്യചിത്രങ്ങള്‍ക്ക് ജിങ്കിള്‍ തയ്യാറാക്കിയാണ് അദ്ദേഹം സംഗീത രംഗത്ത് പ്രവേശിക്കുന്നത്.

Update: 2021-05-07 09:42 GMT

പ്രമുഖ സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു മരണം. 93 വയസ്സായിരുന്നു. 

1927 മെയ് 31 ന് മുംബൈയിലായിരുന്നു വന്‍രാജ് ഭാട്ടിയ ജനിച്ചത്. ബാല്യകാലം മുതല്‍  ഹിന്ദുസ്ഥാനി സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും പ്രാവീണ്യം നേടിയ അദ്ദേഹം കോളജ് പഠനത്തിന് ശേഷം ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് മ്യൂസികില്‍ ചേര്‍ന്നു. ഫ്രാന്‍സിന്‍റെ സ്‌കോളര്‍ഷിപ്പ് നേടി പാരീസിലും അഞ്ചുവര്‍ഷം പഠിച്ചു.

ഇന്ത്യയില്‍ തിരിച്ചെത്തിയ ഭാട്ടിയ പരസ്യചിത്രങ്ങള്‍ക്ക് ജിങ്കിള്‍ തയ്യാറാക്കിയാണ് സംഗീത രംഗത്ത് പ്രവേശിക്കുന്നത്. ശ്യാം ബെനഗലിന്‍റെ അന്‍കുറിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് മംഥന്‍, ജാനേ ഭി ദോ യാരോ, 36 ചൗരിന്‍ഗീ ലൈന്‍, മോഹന്‍ ജോഷി ഹാസിര്‍ ഹോ, തരംഗ്, ഖാമോഷ്, ഹിപ് ഹിപ് ഹുറേ, അജൂബ, ദാമിനി, പര്‍ദേശ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സംഗീതം നല്‍കി. 

Advertising
Advertising

2008ല്‍ പുറത്തിറങ്ങിയ ഹല്ലാ ബോല്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്. 1988ല്‍ ഗോവിന്ദ് നിഹലാനിയുടെ തമസ് എന്ന ചിത്രത്തിലൂടെ വന്‍രാജ് ഭാട്ടിയ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2012ല്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, നടന്‍ ഫര്‍ഹാന്‍ അക്തര്‍, ചലച്ചിത്രകാരന്‍ ഹന്‍സല്‍ മെഹ്ത്ത തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News