സീരിയൽ നടനാണെന്ന കാരണം കൊണ്ട് പല മുഖ്യധാര സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് -അനൂപ് മേനോൻ

പ്രേക്ഷകനെ വൈകാരികമായി സ്പർശിക്കുന്ന സിനിമയാണ് വിധി

Update: 2022-01-01 11:07 GMT
Editor : Lissy P | By : Web Desk
Advertising

മരട് ഫ്‌ളാറ്റ് പൊളിക്കൽ പശ്ചാത്തലമായി ഒരു സിനിമ- പ്രേക്ഷകരുടെ രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞദിവസം 'വിധി: ദി വെർഡിക്ട് ' പുറത്തിറങ്ങിയത്. കണ്ണൻ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധായകൻ. ഏതുതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നു എന്നതിനാൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായ സംഭവമാണ് മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ. 357 കുടുംബങ്ങൾക്കായിരുന്നു അന്ന് കിടപ്പാടം നഷ്ടപ്പെട്ടത്. വാർത്തകളിലൂടെ ഇതെല്ലാം എല്ലാവർക്കും അറിയുന്നതാണെങ്കിലും അത്തരമൊരവസ്ഥയിൽപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ എന്തായിരുന്നു എന്നാണ് ചിത്രം പറയുന്നത്. അനൂപ് മേനോൻ, ഷീലു അബ്രഹാം, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സെന്തിൽ രാജമണി, സാജൽ സുദർശൻ, നൂറിൻ ഷെരീഫ്, അഞ്ജലി നായർ, സരയൂ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ചിത്രം ഇമോഷണലി പ്രേക്ഷകരെ വല്ലാതെ ബാധിക്കുമെന്ന് പറയുന്നു ചിത്രത്തിൽ പ്രധാന വേഷം ചെയ്ത നടൻ അനൂപ് മേനോൻ. വിധിയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും മീഡിയവൺ ഓൺലൈനിനോട് സംസാരിക്കുകയാണ് അനൂപ് മേനോൻ.

യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം, വൻ വാർത്താപ്രാധാന്യം നേടിയ ഒരു സംഭവം.അതൊരു സിനിമയാകുന്നു. അത്തരമൊരു സിനിമയുടെ ഭാഗമായപ്പോൾ എന്തു തോന്നി?

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച സംഭവം നമ്മളെയൊക്കെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ ആ വേദന രണ്ടുദിവസംകൊണ്ട് മറന്നവരാണ് മലയാളികൾ. ആ 350 കുടുംബങ്ങൾ എവിടെപ്പോയി, അവർക്ക് നഷ്ടപരിഹാരം കിട്ടിയോ, കിട്ടിയ നഷ്ടപരിഹാരം അർഹമായത് ആയിരുന്നോ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളുണ്ട്. ഒരു വഴിവക്കിലെ കട പൊളിക്കുന്നതിൽ പോലും നിരവധി മനുഷ്യാവകാശലംഘനങ്ങൾ കാണുന്ന സമൂഹം ഇത്രയും കുടുംബങ്ങൾക്ക് ഒന്നിച്ചൊരു പ്രശ്‌നം വന്നപ്പോൾ പാലിച്ചത് ഭീകരമായ മൗനമാണ്. ആ മൗനത്തിനുള്ള മറുപടിയാണ് ഈ സിനിമ.


അക്കൂട്ടത്തിൽ ആരാണ് വിധിയിലെ ഈ ഭരതൻ?

അത് തുറന്ന് പറഞ്ഞാൽ സ്‌പോയിലറായിപ്പോകും. സിനിമാറ്റിക് ലിബേർട്ടിയുള്ള ഒരു കഥാപാത്രമാണ് ഭരതൻ. ബാക്കിയുള്ള കഥാപാത്രങ്ങളെല്ലാം ആ സംഭവത്തോട് വളരെയേറെ അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങളാണ്.

ചിത്രത്തിന് വേണ്ടി എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്തിയോ?

ഇപ്പോൾ 83ക്ക് വേണ്ടി രൺവീർ, കപിൽദേവിൻറെ വീട്ടിലൊക്കെ പോയി താമസിച്ചു. പക്ഷേ ഇന്ന് കഥ പറഞ്ഞ്, നാളെ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമകൾക്കൊന്നും നമുക്ക് അത്തരത്തിലുള്ള തയ്യാറെടുപ്പുകളൊന്നും സാധിക്കില്ല.

ആക്ഷൻ വേഷങ്ങളിൽ നിന്നുള്ള മാറിനിൽക്കൽ മനഃപൂർവമാണോ?

ഞാനൊരു നോൺ-വയലൻറ് വ്യക്തിയാണ്. എനിക്ക് ആൾക്കാരെ ഉപദ്രവിക്കുന്നത് ആലോചിക്കാനേ വയ്യ. ഫൈറ്റേഴ്‌സ് ചെയ്യുന്നത് അവരുടെ ജോലിയാണ് എന്നൊക്കെ സംവിധായകർ പറയുമെങ്കിലും എനിക്കത് ആലോചിക്കാനേ വയ്യ. ഇടി കൊള്ളുമ്പോ ആർക്കായാലും വേദനിക്കും. അതുകൊണ്ടുതന്നെ കുറേ സിനിമകൾ വേണ്ടായെന്ന് വെച്ചിട്ടുണ്ട്. പക്ഷേ ഉപജീവനമാർഗം കൂടിയാണ്. എല്ലായ്‌പ്പോഴും അത് പറ്റിയെന്ന് വരില്ല. സംവിധായകൻ പറയുന്നതും നിർമ്മാതാവ് പറയുന്നത് അനുസരിക്കേണ്ടി വരും. അല്ലെങ്കിൽ വീട്ടിലിരിക്കേണ്ടിവരില്ലേ. ചിലതു ചെയ്യും. അപ്പോഴും ഫൈറ്ററുടെ മൂക്കും ചുണ്ടും ഒന്നും പോകാത്തതരത്തിലുള്ള ചില ശ്രമങ്ങൾ നമ്മൾ നടത്തും. ബേസിക്കലി എനിക്കിഷ്ടമല്ല ഫൈറ്റ് ചെയ്യാൻ. അതാണ് കാരണം.

ഏതുതരം വേഷങ്ങളാണ് ആസ്വദിച്ച് ചെയ്തിട്ടുള്ളത്?

സിനിമയുമായി ബന്ധപ്പെട്ടുള്ള എന്തും ആസ്വദിച്ചു തന്നെയാണ് ചെയ്തിട്ടുള്ളത്. ഇവിടെ എത്തണേ എന്ന് അത്രയേറെ ആഗ്രഹിച്ചിട്ടു തന്നെയാണ് ഇവിടെ എത്തിയിട്ടുള്ളത്. ലോ കോളേജിൽ നിന്ന് സിനിമയിലേക്ക് ഇറങ്ങുമ്പോ ആരുമില്ല കുടുംബത്തിൽ ഒരു സിനിമാ പാരമ്പര്യം പറയാൻ. നിയമബിരുദവുമായി സിനിമലോകത്തേക്ക് ഇറങ്ങുന്ന പയ്യനെ സംബന്ധിച്ചിടത്തോളം ഉണ്ടായേക്കാവുന്ന തെറ്റുകളുടെയും മണ്ടത്തരങ്ങളുടേയും കൂമ്പാരം തന്നെ നമ്മൾ അനുഭവിക്കേണ്ടിവരും. സിനിമയോടുള്ള ഇഷ്ടം കൊണ്ട് പക്ഷേ, അതെല്ലാം നമ്മൾ ആസ്വദിക്കുമെന്ന് മാത്രം. അതുകൊണ്ടുതന്നെയാണ് നമുക്ക് ഇവിടെ നിൽക്കാൻ കഴിയുന്നത്. ആസ്വദിച്ചു ചെയ്യുക എന്നതൊന്ന് ഇല്ലെങ്കിൽ നമ്മളില്ലാതെ ആയിപ്പോകും. ഏറ്റവും ആസ്വദിച്ചു ചെയ്യാൻ കഴിയുന്ന കാര്യം അഭിനയം തന്നെയാണ്. അതാണ് ഏറ്റവും എളുപ്പവും ഏറ്റവും ലാഭകരവും സൗകര്യവും . കാരണം ഇന്ന് മാക്‌സിമം ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ഒരാൾക്ക് എഴുതി സംവിധാനം ചെയ്യാൻ പറ്റുക. എന്നാൽ അതല്ല ഒരു അഭിനേതാവിന്റെ കാര്യം. ഞാൻ പതിനാറ് സിനിമകളൊക്കെ ചെയ്ത വർഷങ്ങളുണ്ട്.

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പൊക്കെ എങ്ങനെയാണ്?

തേടിവരുന്ന കഥാപാത്രങ്ങളിൽ കുഴപ്പമില്ല എന്ന് തോന്നുന്നത് ചെയ്യും, അത്രയേയുള്ളൂ. ആദ്യകാലത്ത് സീരിയലിൽ നിന്നു വന്നു എന്നതുകൊണ്ട് സിനിമ കിട്ടാൻ തന്നെ ബുദ്ധിമുട്ടിയിട്ടുണ്ട്. അപ്പോൾ കിട്ടിയ സിനിമകളൊക്കെ ചെയ്തിരുന്നു. സ്‌ക്രിപ്റ്റ് കേട്ടപ്പോൾ ശരിയാവില്ല എന്ന് തോന്നിയ സിനിമകൾ വരെ അക്കാലത്ത് ചെയ്തിട്ടുണ്ട്. ഇയാൾ സീരിയലിൽ മാത്രമല്ല, സിനിമയിലും ഉണ്ട് എന്ന് പ്രേക്ഷകർ തിരിച്ചറിയാൻ വേണ്ടി മാത്രം. പിന്നെ ഒരു ബ്രേക്ക് എടുത്ത് ഒന്ന് സെലക്ടീവ് ആകാം എന്നായിരുന്നു അന്നൊക്കെ ചിന്തിച്ചത്. അന്ന് ചെയ്ത മോശം സിനിമകളാണ് എന്നെ സാമ്പത്തികമായി ഭദ്രമാക്കിയത് എന്ന് പറഞ്ഞാലും തെറ്റില്ല.

സീരിയലിൽ അഭിനയം തുടങ്ങിയത് സിനിമയിൽ വെല്ലുവിളിയായോ?

സീരിയലിൽ നിന്ന് സിനിമയിലെത്തിയിട്ട് ഇത്രയധികം നായകവേഷങ്ങൾ ചെയ്ത ഒരാൾ വേറെയുണ്ടാകുമെന്ന് തോന്നുന്നില്ല. ഇവിടുത്തെ രഞ്ജിത്, ലാൽജോസ്, വിനയൻ ഒഴികെയുള്ള മുഖ്യധാര സംവിധായകരുടെ ചിത്രത്തിലൊന്നും ഇതുവരെ ഞാനില്ല. പല സിനിമകളിൽ നിന്നും ഞാൻ ഒഴിവാക്കപ്പെട്ടത് പോലും സീരിയൽ നടനാണെന്ന കാരണം പറഞ്ഞാണ്. പലതും അവസാന നിമിഷമാണ് കയ്യിൽ നിന്ന് പോയത്.



സിനിമകൾ അധികവും പുതുമുഖ സംവിധായകരുടെ കൂടെ ആയത് മനഃപൂർവ്വമാണോ?

അവരാണ് എന്നെ വിളിച്ചത്. മറ്റ് ആരുടെയും ഡേറ്റ് കിട്ടാതെ വരുമ്പോഴാണ് പലരും എന്നെ വന്ന് കാണുന്നത്. കഥ കേൾക്കുമ്പോൾ കുഴപ്പമില്ല എന്ന് തോന്നിയാലും ചെയ്യുന്ന ആൾക്ക് സിനിമയോടുള്ള പാഷൻ ബോധ്യപ്പെട്ടാലും അവരോട് ഓകെ പറയും.

പുതിയ പ്രൊജക്ടുകൾ, വരാനിരിക്കുന്ന ചിത്രങ്ങൾ?

കിംഗ്ഫിഷർ ഈ വർഷമിറങ്ങും. പത്മയാകും ആദ്യം റിലീസ് ചെയ്യുന്ന പടം. അതുകഴിഞ്ഞാൽ വരാൽ ഉണ്ട്. അതു കഴിഞ്ഞ് 21ഗ്രാംസ് സിനിമ.. പത്തൊമ്പതാം നൂറ്റാണ്ട്, സിബിഐ 5,

വിധി എന്ന ചിത്രത്തെക്കുറിച്ച് എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്

വിധി നിങ്ങളെ ഇമോഷണലി വല്ലാതെ സ്വാധീനിക്കുന്ന ചിത്രമായിരിക്കും. അതൊരു വിഷ്വൽ ട്രീറ്റ് എന്നതിനെക്കാളേറെ ഇമോഷണലി ടച്ച് ചെയ്യുന്ന സിനിമയാണ്. ഒരു മനുഷ്യന് ജീവിക്കാൻ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ മതി എന്ന് തിരിച്ചറിഞ്ഞ രണ്ടുവർഷങ്ങളാണ് കടന്നുപോയത്. ആ മൂന്നുകാര്യങ്ങളിൽ ഒരു വലിയ കാര്യത്തെയാണ് നമ്മൾ തട്ടിത്തെറിപ്പിച്ചത്. അത് നാളെ നമുക്കും സംഭവിക്കാം. അത് സംഭവിക്കാതിരിക്കാൻ നാം എന്തൊക്കെ ചെയ്യണം, നമ്മുടെ നിയമ വ്യവസ്ഥിതി എന്തൊക്കെ ചെയ്യണം. എത്രയധികം ജാഗ്രത സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. അതാണ് ഈ സിനിമ, അതുകൊണ്ട് ഈ ചിത്രം നിങ്ങളെ ഇമോഷണലി ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News