'ഒരു നിമിഷത്തെ പ്രശസ്തിക്ക് വേണ്ടിയുള്ള ആരോപണം, എന്ത് വൃത്തികേടാണിത്, എന്‍റെ കുടുംബവും സുഹൃത്തുക്കളും അസ്വസ്ഥരാണ്'; ലൈംഗിക പീഡന ആരോപണത്തിൽ വിജയ് സേതുപതി
എന്നെ ദൂരെ നിന്ന് പോലും അറിയാവുന്ന ആരും ഇത് കേട്ട് ചിരിക്കും
ചെന്നൈ: തനിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണത്തിൽ ഒടുവിൽ മൌനം വെടിഞ്ഞ് നടൻ വിജയ് സേതുപതി. ആരോപണങ്ങൾ നിഷേധിച്ച താരം ഇതിനെതിരെ പരാതി നൽകുമെന്നും ഡെക്കാൺ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
"എന്നെ ദൂരെ നിന്ന് പോലും അറിയാവുന്ന ആരും ഇത് കേട്ട് ചിരിക്കും. എനിക്ക് എന്നെത്തന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങൾ കൊണ്ട് എന്നെ അസ്വസ്ഥനാക്കാൻ കഴിയില്ല. എന്‍റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്, പക്ഷേ ഞാൻ അവരോട് പറയും, ‘ഇത് അങ്ങനെയാകട്ടെ. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഒരു നിമിഷത്തെ പ്രശസ്തിക്ക് വേണ്ടിയുള്ള പ്രവൃത്തി, അവൾ അത് ആസ്വദിക്കട്ടെ'' സേതുപതി പറഞ്ഞു. "ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. ഏഴ് വർഷമായി എല്ലാത്തരം കുപ്രചാരണങ്ങളും ഞാൻ നേരിടുന്നു. ഇതുവരെ അത്തരം ടാർഗെറ്റിംഗ് എന്നെ ബാധിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ സംഭവിക്കില്ല." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്സ് അക്കൌണ്ടിലൂടെയായിരുന്നു രമ്യ മോഹൻ എന്ന യുവതിയുടെ ആരോപണം. ‘കോളിവുഡിലെ മയക്കുമരുന്ന്, കാസ്റ്റിങ് കൗച്ച് സംസ്‌കാരം വെറും തമാശയല്ല. മാധ്യമങ്ങളിൽ അറിയപ്പെടുന്ന മുഖവും ഇപ്പോൾ എനിക്കറിയാവുന്നതുമായ ഒരു പെൺകുട്ടി, ഒരിക്കലും പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് വലിച്ചിഴക്കപ്പെട്ടു. അവൾ ഇപ്പോൾ റിഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഈ മേഖലയിൽ സാധാരണയാണ്. കാരവൻ ഫേവേഴ്സിന് വേണ്ടി വിജയ് സേതുപതി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഡ്രൈവിന് 50,000 രൂപയും. എന്നിട്ട് സോഷ്യൽ മീഡിയയിൽ പുണ്യാളനായി അഭിനയിക്കുന്നു. അയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥ മാത്രമല്ല. എന്നിട്ടും മാധ്യമങ്ങൾ ഇത്തരം പുരുഷന്മാരെ വിശുദ്ധന്മാരെ പോലെ ആരാധിക്കുന്നു. ഡ്രഗ്- സെക്സ് നെക്സസ് യാഥാർത്ഥ്യമാണ്. തമാശയല്ല'' എന്നാണ് യുവതി എക്സിൽ കുറിച്ചത്.
പോസ്റ്റ് ചർച്ചയായതോടെ രമ്യ വീണ്ടും പ്രതികരണവുമായെത്തി. സത്യത്തെ അംഗീകരിക്കുന്നതിനു പകരം ചിലര്‍ ഇതിന്‍റെ ഉറവിടത്തെ ചോദ്യം ചെയ്യുകയാണെന്നും ഇരയെ കുറ്റപ്പെടുത്തുകയാണെന്നും രമ്യ പറഞ്ഞു. പെൺകുട്ടിയുടെ ഡയറിയും ചാറ്റും പരിശോധിച്ചപ്പോഴാണ് കുടുംബം സത്യം മനസിലാക്കിയതെന്നും യുവതി പറഞ്ഞു. രമ്യ പിന്നീട് പോസ്റ്റ് പിന്‍വലിച്ചിരുന്നു. തന്‍റെ പോസ്റ്റ് ഇത്ര ചര്‍ച്ചയാകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും പെൺകുട്ടിയുടെ നല്ല ജീവിതത്തെയും സ്വകാര്യതെയും മാനിച്ചുകൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതെന്നുമായിരുന്നു വിശദീകരണം.