മലയാളത്തിലെ ആദ്യ നിർമിത ബുദ്ധി ഫോട്ടോഷൂട്ട് പോസ്റ്ററുമായി യെല്ലോടൂത്ത്സ്
പോസ്റ്ററിനൊപ്പം ട്രെൻ്റ് ആയത് ആ പോസ്റ്റർ രൂപപ്പെടുത്തിയ രീതി കൂടി ആയിരുന്നു.
Update: 2025-07-27 08:00 GMT
ലുക്ക്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ' വള ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. പോസ്റ്ററിനൊപ്പം ട്രെൻ്റ് ആയത് ആ പോസ്റ്റർ രൂപപ്പെടുത്തിയ രീതി കൂടി ആയിരുന്നു.
പൂർണമായും നിർമിത ബുദ്ധി സഹായത്തോടെ രൂപപ്പെടുത്തിയ കഥാപാത്ര ചിത്രങ്ങൾ കൂട്ടിയിണക്കി ഒരുക്കിയതായിരുന്നു പോസ്റ്റർ. ഒരു പക്ഷെ മലയാളത്തിലെ തന്നെ ഇത്തരത്തിൽ പുറത്തിറങ്ങിയ ആദ്യ പോസ്റ്റർ ആയിരിക്കുമെന്ന് സിനിമയുടെ പോസ്റ്റർ ഡിസൈനേഴ്‌സ് കൂടിയായ യെല്ലോട്ടൂത്ത്സ് പറയുന്നു. ക്രിയേറ്റീവ് പോസ്റ്ററിന് ആവശ്യമായ സ്റ്റിൽസിൻ്റെ അഭാവത്തിലും, മറ്റൊരു ഫോട്ടോഷൂട്ടിന് അഭിനേതാക്കളുടെ ലുക്ക്, സമയം എന്നിവ തടസ്സമായി വന്ന സാഹചര്യത്തിലുമാണ് ഇത്തരം ഒരു പരീക്ഷണം ഡിസൈനേഴ്‌സ് നടത്തിയത്.
താരങ്ങളുടെ ലഭ്യമായ ചിത്രങ്ങൾ വച്ച് നിർമിത ബുദ്ധി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള പുതിയ ഇമേജസ് ജനറേറ്റ് ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. പോസ്റ്ററിൻ്റെ 70 ശതമാനവും ഇത്തരത്തിൽ നിർമിത ബുദ്ധി ഉപയോഗിച്ച് ചെയ്തതാണ്.
മാറുന്ന കാലത്തിനൊപ്പം അതിൻ്റേതായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് യെല്ലോട്ടൂത്ത്സ് ഇവിടെ നടത്തിയത്.
വിജയരാഘവൻ, രവീണ രവി, ശീതൾ ജോസഫ് എന്നിവരും അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുഹാഷിൻ ആണ്. ചിത്രം സെപ്റ്റംബറിൽ റിലീസിനെത്തും.