"കേന്ദ്രം അപമാനിച്ചു" റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ മാർച്ചിലുറച്ച് കർഷകർ

കർഷകരുടെ സമരം സമാധാനപരമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-01-22 16:14 GMT
Advertising

കേന്ദ്രവുമായുള്ള പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ മാർച്ചിൽ ഉറച്ച് കർഷക സംഘടനകൾ. കേന്ദ്ര മന്തിമാർ പെരുമാറിയത് തങ്ങളെ അവഹേളിച്ചപോലെയാണ് തോന്നിയതെന്നും ചർച്ചകൾക്ക് ശേഷം കർഷകർ പറഞ്ഞു.

"മൂന്നര മണിക്കൂറോളം ഞങ്ങളെ കാത്തിരിപ്പിച്ചു കേന്ദ്ര മന്ത്രി. ഇത് കർഷകരെ അവഹേളിക്കലാണ്. അദ്ദേഹം വന്നപ്പോൾ കേന്ദ്രത്തിന്റെ നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാമെന്ന നിർദേശം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകളുടെ പ്രക്രിയ തങ്ങൾ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു " കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ പ്രതിനിധി എസ്.എസ്. പാന്ഥർ പറഞ്ഞു.

കർഷകരുടെ സമരം സമാധാനപരമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ മാർച്ച് തങ്ങൾ നേരത്തേ തീരുമാനിച്ച പോലെ തന്നെ നടക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികൈത് പറഞ്ഞു. " കാർഷിക നിയമങ്ങളുടെ നടപ്പാക്കൽ രണ്ടു വർഷത്തേക്ക് നീട്ടിവെക്കാമെന്ന നിർദേശം സർക്കാർ മുന്നോട്ടു വെച്ചു. ഈ നിർദേശം അംഗീകരിക്കുകയാണെങ്കിൽ മാത്രമേ ഇനി ചർച്ച നടക്കൂവെന്നും കേന്ദ്രം പറഞ്ഞു " വെള്ളിയാഴ്ചയിലെ ചർച്ചയെ കുറിച്ച് അദ്ദേഹം പറഞ്ഞു.

എപ്പോഴാണ് അടുത്ത ഘട്ട ചർച്ചകൾ നടക്കുക എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. "അടുത്ത വട്ട ചർച്ചയ്ക്കുള്ള തീയതി സർക്കാർ ഇത് വരെ പറഞ്ഞിട്ടില്ല. " - ബി.കെ.യു ക്രാന്തികാരി എന്ന സംഘടനയുടെ പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ സുർജിത് സിംഗ് ഫുൽ പറഞ്ഞു.

സർക്കാർ നിർദേശത്തിൽ നാളെയ്ക്കകം മറുപടി നൽകാനാണ് കർഷക സംഘടനകളോട് പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. പുറത്തു നിന്നുള്ളവർ സമരത്തിൽ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

Tags:    

Similar News