മുംബൈയിൽ വിമാനം ഇടിച്ച് 39 ഫ്ലമിങോ പക്ഷികൾ ചത്തു

310 യാത്രക്കാരുണ്ടായിരുന്ന വിമാനത്ത് ചെറിയ തകരാറുണ്ടായെങ്കിലും സുരക്ഷിതമായി നിലത്തിറക്കി

Update: 2024-05-21 16:37 GMT

മുംബൈ: മുംബൈയിൽ എമിറേറ്റ്സ് വിമാനം ഇടിച്ച് ദേശാടന പക്ഷികളായ 39 ഫ്ലമിങോകൾ ചത്തു.വിമാനത്തിന്  ചെറിയ തകരാറുണ്ടായെങ്കിലും സുരക്ഷിതമായി നിലത്തിറക്കാൻ കഴിഞ്ഞു.ഘാട്കോപ്പറിലെ ലക്ഷമി നഗർ പ്രദേശത്ത് വെച്ചാണ് അപകടം. പറന്നുപോകുന്ന ഫ്ലമിങോ കൂട്ടത്തെ വിമാനം ഇടിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്‌ച രാത്രി 8:45 ന് മുംബൈയിൽ ഇറങ്ങിയ വിമാനമാണ് പക്ഷികളുമായി കൂട്ടിയിടച്ചത്.

പക്ഷികളുമായി വിമാനം കൂട്ടിയിടിച്ചത് വൈമാനികർ റിപ്പോർട്ട് ചെയ്തിരുന്നു. 310 യാത്രക്കാരായിരുന്നു എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും സുരക്ഷിതമായാണ് ലാൻഡ് ചെയ്തെന്ന് വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പിന്നാലെ പാന്ത് നഗർ, ലക്ഷ്മി നഗർ, ഘാട്‌കോപ്പർ-അന്ധേരി ലിങ്ക് റോഡ് എന്നിവിടങ്ങളിൽ ഫ്ലമിങോകളെ ചത്ത നിലയിൽ കണ്ടെത്തി. നാട്ടുകാർ പരാതികൾ അറിയിച്ചതിനെ തുടർന്ന് ചത്ത പക്ഷികളെ വീണ്ടെടുക്കാനുള്ള പ്രവർത്തനം വനംവകു​പ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

തിങ്കളാഴ്‌ച രാത്രി 29 പക്ഷികളുടെ മൃതദേഹങ്ങളും ചൊവ്വാഴ്ച രാവിലെ പത്തെണ്ണവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പക്ഷികൾ കൊല്ലപ്പെടാനുള്ള കാരണം കാരണം കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News