സൂര്‍ തീരത്തെ നന്മമരം

Update: 2017-06-28 11:30 GMT
Editor : admin | admin : admin
സൂര്‍ തീരത്തെ നന്മമരം

സാധാരണക്കാരുടെ സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് അപേക്ഷകള്‍ മുതല്‍ തൊഴില്‍പ്രശ്നങ്ങളില്‍ കുടുങ്ങി വലയുന്നവരുടെ പരാതികള്‍ വരെ കൈനിറയെ 'കേസ്കെട്ടു'കളുമായാണ് ഷാജഹാന്‍ സാഹിബ് ദിവസമെന്നോണം നൂറ് കണക്കിന് കിലോമീറ്ററുകള്‍ താണ്ടി മസ്കത്തിലെത്തുക. കേസുകെട്ടുകള്‍ക്ക് പരിഹാരം കണ്ട് തിരികെ സൂറിലേക്ക് മടങ്ങുന്പോള്‍ പാതിരാത്രി കഴിയും. ഇത്തരം യാത്രകളില്‍ ഒറ്റക്ക് വാഹനമോടിക്കുന്പോള്‍ ഉറങ്ങിപോകാനും അപകടത്തില്‍പെടാനുമുള്ള സാധ്യതകളെ കുറിച്ച് പലപ്പോഴും ഞങ്ങള്‍ ആശങ്കപ്പെടാറുണ്ട്. 'ശരിയാണ് സൂക്ഷിക്കണം' എന്ന് തലയാട്ടി സമ്മതിക്കുകയും ചെയ്യും. പക്ഷെ, ഒമാനിലെ അപകടം പിടിച്ച റോഡിന്റെ ഓരത്തല്ല, ഷാജഹാന്‍ സാഹിബിനെ തട്ടിയെടുക്കുന്ന അപകടം സ്വന്തം നാട്ടിലെ വഴിയോരത്താണ് കാത്തിരുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.......

Advertising
Advertising

ഒമാന്‍ തലസ്ഥാനമായ മസ്കത്തില്‍ നിന്ന് ഏതാണ്ട് 300 കീലോമീറ്റര്‍ അകലെയാണ് സൂര്‍ എന്ന പട്ടണം. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിന്റെ ആസ്ഥാനമാണ് ഇവിടം. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട് ഈ ഗവര്‍ണറേറ്റില്‍. അവര്‍ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഏത് പാതിരാത്രിയിലും ധൈര്യസമേതം വിളിക്കാന്‍ ഒരാളുണ്ടായിരുന്നു. എം എ കെ ഷാജഹാന്‍ എന്ന ഷാജഹാന്‍ സാഹിബ്.

മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ പ്രതിനിധി എന്നത് ഷാജഹാന്‍ സാഹിബിന് ഒരു ആലങ്കാരിക പദവിയായിരുന്നില്ല. ഒമാനിലെ വിദൂരഗ്രാമങ്ങളില്‍ ജോലിയെടുക്കുന്ന ഓരോ ഇന്ത്യന്‍ പൗരനെയും എംബസിയുമായി കൂട്ടിയോജിപ്പിക്കുന്ന സുപ്രധാന കണ്ണിയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് അപേക്ഷകള്‍ മുതല്‍ തൊഴില്‍പ്രശ്നങ്ങളില്‍ കുടുങ്ങി വലയുന്നവരുടെ പരാതികള്‍ വരെ കൈനിറയെ 'കേസ്കെട്ടു'കളുമായാണ് ഷാജഹാന്‍ സാഹിബ് ദിവസമെന്നോണം നൂറ് കണക്കിന് കിലോമീറ്ററുകള്‍ താണ്ടി മസ്കത്തിലെത്തുക. കേസുകെട്ടുകള്‍ക്ക് പരിഹാരം കണ്ട് തിരികെ സൂറിലേക്ക് മടങ്ങുന്പോള്‍ പാതിരാത്രി കഴിയും. ഇത്തരം യാത്രകളില്‍ ഒറ്റക്ക് വാഹനമോടിക്കുന്പോള്‍ ഉറങ്ങിപോകാനും അപകടത്തില്‍പെടാനുമുള്ള സാധ്യതകളെ കുറിച്ച് പലപ്പോഴും ഞങ്ങള്‍ ആശങ്കപ്പെടാറുണ്ട്. 'ശരിയാണ് സൂക്ഷിക്കണം' എന്ന് തലയാട്ടി സമ്മതിക്കുകയും ചെയ്യും. പക്ഷെ, ഒമാനിലെ അപകടം പിടിച്ച റോഡിന്റെ ഓരത്തല്ല, ഷാജഹാന്‍ സാഹിബിനെ തട്ടിയെടുക്കുന്ന അപകടം സ്വന്തം നാട്ടിലെ വഴിയോരത്താണ് കാത്തിരുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.

2010 ല്‍ ഗള്‍ഫ് മാധ്യമത്തിന്റെ ഒമാന്‍ എഡിഷന് തുടക്കമിടാന്‍ മസ്കത്തില്‍ എത്തുന്പോഴാണ് ഷാജഹാന്‍ സാഹിബിനെ പരിചയപ്പെടുന്നത്. അന്ന് റെസിഡന്റ് മാനേജരായിരുന്ന സി ടി അമീര്‍ സാഹിബ് നേരിട്ട് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിന് മുന്പേ 'എം എ കെ ഷാജഹാന്‍' എന്ന പേര് മനസിലുടക്കിയിരുന്നു. കാരണം ഒമാനില്‍ ഞങ്ങള്‍ ഗള്‍ഫ് മാധ്യമം ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഏര്‍പ്പൊടാക്കിയ ഫ്ലാറ്റിന്റെയും ഓഫിസിന്റെയും വാടകകരാര്‍ മുതല്‍ ടെലിഫോണിന്റെ ബില്ലില്‍ വരെ ആ പേരുണ്ടായിരുന്നു. 'ഗള്‍ഫ് മാധ്യമ'ത്തിന് ഒമാനില്‍ ചിറക് വിരിക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങളെല്ലാം ഒരുക്കി തന്നത് അദ്ദേഹമായിരുന്നു എന്ന് ചുരുക്കം. പിന്നീട് മീഡിയവണിലെത്തിയപ്പോഴും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി എം എ കെ ഷാജഹാന്‍ സാഹിബ് മുന്നിലുണ്ടായിരുന്നു.

ഒമാന്‍ മുഴുവന്‍ പടര്‍ന്ന് പന്തലിച്ച അല്‍ഹരീബ് ട്രേഡിങ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ മേധാവിയുടെ തിരക്കിനിടയിലും സാമൂഹിക സേവനത്തിന് ഷാജഹാന്‍ സാഹിബ് എങ്ങനെ സമയം കണ്ടെത്തുന്നു എന്ന് അതിശയം തോന്നിയിട്ടുണ്ട്. വിളിക്കുന്പോള്‍ ചിലപ്പോള്‍ മലേഷ്യയിലോ, ചൈനയിലോ ആയിരിക്കും ഫോണ്‍ ശബ്ദിക്കുക. പക്ഷെ, എന്തെങ്കിലും ആശങ്കകളും ബുദ്ധിമുട്ടുകളും അറിയിച്ചാല്‍ അടുത്തദിവസം ഓടിയെത്തിയിരിക്കും. പ്രവാസി സംഘടനകളുടെ വലിപ്പ ചെറുപ്പം നോക്കാതെ ആരുടെ പരിപാടികളിലും അദ്ദേഹമുണ്ടാകും. തന്റെ ആശയങ്ങളും ആദര്‍ശങ്ങളും നിലപാടുകളും തുറന്നു പറഞ്ഞുകൊണ്ട് തന്നെ ഒമാനിലെ എല്ലാ സംഘടനകളുടയും വ്യക്തികളുടെയും ഏറ്റവും അടുത്ത സുഹൃത്തായി അദ്ദേഹം നിലകൊണ്ടു. സാമൂഹിക സേവനം ദൈവിക നിയോഗമെന്ന നിലയില്‍ അതിന്റെ എല്ലാ പവിത്രതയോടും കൂടി കൈകാര്യം ചെയ്യാന്‍ സൂക്ഷമത പാലിച്ചു.

ഒരു ഇസ്‍ലാമിക പ്രവര്‍ത്തകന്റെ തെളിച്ചവും കൃത്യതയും നിഷ്കളങ്കതയും സമര്‍പ്പണവും ഓരോ നീക്കത്തിലും ചുവടിലും ഉറപ്പുവരുത്തി. തര്‍ക്കങ്ങളില്‍ മധ്യസ്ഥനായും പ്രശ്നങ്ങളില്‍ പരിഹാരമായും ഒമാനിലുടനീളം അദ്ദേഹമുണ്ടായിരുന്നു. ആയിരങ്ങള്‍ക്ക് ഷാജഹാന്‍ സാഹിബിന്റെ ഇടപെടലില്‍ നാട്ടിലെത്താനും, ശന്പളകുടിശ്ശിക കിട്ടാനും അവസരമുണ്ടായിട്ടുണ്ട്. സൂര്‍ തീരത്ത് കപ്പലില്‍ കുടുങ്ങിപോകുന്ന ഇന്ത്യന്‍ നാവികര്‍ മുതല്‍ ദുരിതങ്ങളില്‍ വലഞ്ഞ സാധാരണക്കാരായ വീട്ടുജോലിക്കാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അവരുടെയെല്ലാം പ്രാര്‍ഥനകള്‍ ഇന്ന് ഷാജഹാന്‍ സാഹിബിനൊപ്പമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ബഹുമതികള്‍ തേടിയെത്തുന്പോളും പ്രാര്‍ത്ഥനകളാണ് ആവശ്യപ്പെടാറ്.

പ്രവാസി പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പ്രവാസി ഭാരതീയ ദിവസ് പോലുള്ള സുപ്രധാനയോഗങ്ങളില്‍ അദ്ദേഹം ചെലവില്‍ ഓടിയെത്തും.സൂറിലെ ഇന്ത്യന്‍ സ്കൂളിനെ ഒരു വികാരമായി കൊണ്ടുനടന്നിരുന്നു. അവിടുത്തെ കുട്ടികളെ എന്റെ കുട്ടികള്‍ എന്നാണ് വിശേഷിപ്പിക്കാറ്. തനിക്ക് ഒരു മകനേയുള്ളു എന്ന് സങ്കടം പറയുന്പോള്‍, അതിനെന്താ സൂര്‍ സ്കൂളില്‍ താങ്കള്‍ക്ക് നൂറ് കണക്കിന് കുട്ടികളില്ലേ എന്ന് ഞങ്ങള്‍ തിരിച്ചു ചോദിക്കും. പൊട്ടിച്ചിരിയോടെ അത് ആസ്വദിക്കുകയും ചെയ്യും.

ഒമാനിലെ പ്രവാസി സമൂഹത്തിന് ഷാജഹാന്‍ സാഹിബിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് അത്രപെട്ടെന്ന് നികത്താന്‍ കഴിയുന്ന ഒന്നല്ല. മസ്കത്തിലെ ബഹുമാനപ്പെട്ട ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയും അനുശോചനത്തില്‍ അക്കാര്യം കുറിച്ചിടുന്നുണ്ട്. ചരിത്രമുറങ്ങുന്ന പട്ടണമാണ് ഒമാനിലെ സൂര്‍. അവിടെ സേവനത്തിന്റെ വലിയ തണല്‍ വിരിച്ചു നിന്ന എം എ കെ ഷാജഹാന്‍ എന്ന മനുഷ്യസ്നേഹിയുടെ ഓര്‍മകളും തുടിക്കുന്ന സ്മരണകളായി ആ ചരിത്രകഥകള്‍ക്കൊപ്പം എന്നുമുണ്ടാകും. ഭൂമിയില്‍ നന്മ വിതച്ചു കടന്നുപോയവര്‍ക്കായുള്ള സ്വര്‍ഗപൂന്തോപ്പില്‍ നാളെ നമുക്ക് വീണ്ടും ഒന്നിച്ചിരിക്കണം, പാതിര വരെ അല്‍അന്‍സാബിലെയും, ഗൂബ്രയിലെയും താങ്കളുടെ പ്രിയപ്പെട്ട ചില തുര്‍ക്കി റെസ്റ്റോറന്റുകള്‍കളില്‍ നമ്മള്‍ ഒത്തുകൂടിയിരുന്ന പോലെ.. ആ പ്രാര്‍ഥനകള്‍ മാത്രമാണ് ബാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News