സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് ഉടനുണ്ടായേക്കില്ല

അടുത്ത വര്‍ഷം ജനുവരി ആദ്യവാരത്തോടെ വിലവര്‍ധനവ് ഉണ്ടായേക്കും

Update: 2023-11-11 03:24 GMT
Editor : Jaisy Thomas | By : Web Desk

സപ്ലൈകോ

Advertising

തിരുവനന്തപുരം: സപ്ലൈകോയിലെ പതിമൂന്നിന അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് ഇടത് മുന്നണിയുടെ അംഗീകാരം ലഭിച്ചെങ്കിലും വര്‍ധനവ് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഭക്ഷ്യവകുപ്പ് ഇപ്പോള്‍ പറയുന്നില്ല. അടുത്ത വര്‍ഷം ജനുവരി ആദ്യവാരത്തോടെ വിലവര്‍ധനവ് ഉണ്ടായേക്കും. പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകും വിലവര്‍ധനവ്.

സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ഭക്ഷ്യവകുപ്പിന് കോടികള്‍ നല്‍കാനുണ്ട്. ഇത് യഥാസമയത്ത് ലഭിക്കാത്തത് മൂലം ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഭക്ഷ്യവകുപ്പ് നേരിടുന്നത്. ഇക്കാര്യം മന്ത്രി ജി.ആര്‍ അനില്‍ സമ്മതിക്കുന്നു. നിലവിലത്തെ സാഹചര്യത്തില്‍ സപ്ലൈകോയിലെ പതിമൂന്നിന അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടാതെ മുന്നോട്ട് പോകാനില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഏഴ് വര്‍ഷമായിട്ടും വില വര്‍ധനവില്ലാതെ തുടരുന്ന സപ്ലൈകോയ്ക്ക് അധികകാലം കടം വാങ്ങി മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നു.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സബ്സിഡിയുള്ള സാധനങ്ങളുടെ വിലകൂട്ടാന്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഒരു കിലോ ചെറുപയറിന് 74 രൂപ, ഉഴുന്ന് 66 രൂപ, കടല 43 രൂപ, വന്‍പയര്‍ 45 രൂപ, മുളക് അരക്കിലോ 75 രൂപ, പഞ്ചസാര 22 രൂപ, വെളിച്ചണ്ണ 46 രൂപ, ജയ അരി 25 രൂപ തുവരപരിപ്പ് 65 രൂപ എന്നിങ്ങനെയാണ് സപ്ലൈക്കോയിലെ വില. ഇത് എത്ര കൂട്ടുമെന്നോ, എപ്പോള്‍ കൂട്ടുമെന്നോ ഇപ്പോള്‍ പറയാനാകില്ലെന്ന് കൂടി ഭക്ഷ്യമന്ത്രി പറയുന്നു. അടുത്ത വര്‍ഷം ആദ്യവാരത്തോടെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ സപ്ലൈകോ നല്‍കുമെന്ന ഉറപ്പും ഭക്ഷ്യമന്ത്രി നല്‍കുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News