സൌദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ; 3 പേര്‍ക്ക് 24 വര്‍ഷം തടവ്; മൂന്ന് പേരെ വിട്ടയച്ചു; റെക്കോര്‍ഡ് വേഗത്തിലുള്ള അന്വേഷണത്തിന്റെ നാള്‍വഴികള്‍

ഒക്ടോബര്‍ രണ്ടിനാണ് ഖശോഗിയെ തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ച് സൌദിയിലേക്ക് വരാന്‍ വിസമ്മതിച്ചതിന് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്

Update: 2019-12-23 11:17 GMT
സൌദി ഭരണകൂട വിമര്‍ശകനായ ജമാല്‍ ഖശോഗി വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായിരുന്നു

അഞ്ച് പേരെ വധ ശിക്ഷക്കും മൂന്ന് പേരെ 24 വര്‍ഷം തടവിനും ശിക്ഷിച്ചു. കേസില്‍ ഉണ്ടായിരുന്ന റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹാത്താനിയടക്കം മൂന്ന് പേരെ കുറ്റക്കാരനല്ലെന്ന് കണ്ട് റിയാദ് ക്രിമിനല്‍ കോടതി വെറുതെ വിട്ടു.

ജമാല്‍ ഖശോഗി കോണ്‍സുലേറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യം

ഒക്ടോബര്‍ രണ്ടിനാണ് സൌദി പൌരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ച് കൊന്നത്. സംഭവത്തില്‍ സൌദിയും തുര്‍ക്കിയും സ്വന്തം നിലക്കും യുഎന്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു.

Advertising
Advertising

ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊന്നത്

സംഭവത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന 21 പേരില്‍ 11 പേരുടെ അറസ്റ്റ് സൌദി അറേബ്യ രേഖപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അ‍ഞ്ച് പേര്‍ക്ക് വധശിക്ഷക്ക് പ്രോസിക്യൂഷന്‍ റോയല്‍ കോര്‍ട്ടിനോട് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. മൂന്ന് പേരെ 24 വര്‍ഷം തടവിനും ശിക്ഷിച്ചു. റോയല്‍ കോര്‍‌ട്ട് ഉപദേഷ്ടാവായ സഊദ് അല്‍ കഹാത്താനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.

ജമാല്‍ ഖശോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് ചെങ്കിസുമായുള്ള വിവാഹത്തിന് രേഖകള്‍ ശരിയാക്കാന്‍ എത്തിയപ്പോഴാണ് ഖശോഗിയെ കൊന്നത്. ഹാറ്റിസ് നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് എത്തുന്നതും.

സൌദി ഭരണാധികാരികളുടെ വിമര്‍ശകനായ ഖശോഗിയെ രാജ്യത്തെത്തിക്കാനായിരുന്നു രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉപ മേധാവിയുടെ നിര്‍ദേശം. യുഎസില്‍ താമസക്കാരനായ ഖശോഗി ഈ സമയം തുര്‍ക്കിയിലുണ്ടായിരുന്നു. തുര്‍ക്കി സ്വദേശിനിയുമായുള്ള വിവാഹ രേഖകള്‍ ശരിയാക്കാനായി കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ഇദ്ദേഹത്തോട് സൌദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. നിഷേധിച്ചതോടെ പ്രതികള്‍ കൊന്ന് കഷ്ണങ്ങളാക്കി ഏജന്റിന് കൈമാറിയെന്നാണ് കേസ്.

ഖശോഗിയുടെ മൃതദേഹം ഏജന്റിന് കൈമാറിയത് എവിടെ ഉപേക്ഷിച്ചു എന്നത് ഇനിയും കണ്ടെത്തിയിട്ടില്ല. ചില ശരീര ഭാഗങ്ങള്‍ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഖശോഗിയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. കൊലപാതകത്തില്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസിലെ പ്രധാന സംഭവ വികാസങ്ങളും നാള്‍ വഴികളും താഴെ കാണാം:

കുടുംബം:

ജനനം 1958 ഒക്ടോബര്‍ 13ന് സൌദിയിലെ മദീനയില്‍. പിതാവ് അഹ്‍മദ് ഖശോഗി വസ്ത്രവ്യാപാരിയായിരുന്നു. ഇസാഫ് എന്ന പേരിലറിയപ്പെട്ട നീ ദാഫ്തര്‍ മാതാവ്. തുര്‍ക്കിയില്‍ നിന്നും ഒട്ടോമന്‍ കാലത്ത് സൌദിയിലേക്ക് കുടിയേറിയവരാണ് ഖശോഗിയുടെ മുന്‍ തലമുറക്കാര്‍. കോടീശ്വരനായ അദ്നാന്‍ ഖശോഗി ബന്ധുവായിരുന്നു.

വിദ്യാഭ്യാസം:

സൌദിയില്‍ പ്രാഥമിക - ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടി. 1982ല്‍ യുഎസിലെ ഇന്ത്യാനാ സര്‍വകലാശാലാ ബിരുദം. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദവും ഭാഷാ പ്രാവിണ്യവും നേടി. മാധ്യമ പ്രവര്‍ത്തകനാകാന്‍ ആഗ്രഹിച്ച് എഴുത്തിന് തുടക്കം.

മാധ്യമ പ്രവര്‍ത്തനം:

1986ല്‍ അറബ് ന്യൂസിന്റെ ഇംഗ്ലീഷ് എഡിഷനില്‍ സേവനം. സൌദി പത്രമായ ഒക്കാദിലും സേവനവും റിപ്പോര്‍ട്ടിങും.1999-2000 കാലയളവില്‍ അറബ് ന്യൂസിന്റെ മാനേജിങ് എഡിറ്റര്‍. മതസ്ഥാപനങ്ങളെ വിമര്‍ശിച്ചതിന് അറബ് ന്യൂസില്‍ നിന്നും പുറത്ത്. ലണ്ടന്‍ ആസ്ഥാനമായ അറബ് പത്രങ്ങളിലേക്കെഴുതി. അല്‍ ശര്‍ഖ് അല്‍ ഔസാത്ത്, അല്‍ ഹയാത്ത് എന്നിവയാണവ. രാജകുടുംബങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തി. ഈ ബന്ധത്തെ തുടര്‍ന്ന് 2003-07 വരെ തുര്‍ക്കി അല്‍ ഫൈസല്‍  രാജകുമാരന്റെ മാധ്യമ ഉപദേഷ്ടാവായി സേവനം. ലണ്ടന്‍, വാഷിങ്ടണ്‍ അംബാസിഡറായിരുന്നു തുര്‍ക്കി ഫൈസല്‍. സൌദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവിയായിരുന്നു തുര്‍ക്കി. 2007ല്‍ അല്‍ വതന്‍ പത്രത്തിന്റെ എഡിറ്ററായി സേവനത്തുടക്കം. 2010ല്‍ വിവിധ വിഷയ നിലപാടുകളെ തുടര്‍ന്ന് രാജിവെച്ചിറങ്ങി. അബ്ദുള്ള രാജാവിന്റെ കാലത്ത് കൂടുതല്‍ ഇടപെടലുകള്‍ മാധ്യമ മേഖലയില്‍ നടത്തി. 2015ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലേറിയതോടെ വഴിമാറ്റം. ബഹ്റൈന്‍ ആസ്ഥാനമായ അല്‍ അറബ് ടിവിയുടെ ചുമതല. വലീദ് ഇബ്നു തലാലിന്റെ ഉടമസ്ഥതയിലായിരുന്നു അല്‍ അറബ് ടിവി. ഖത്തറിലെ അല്‍ ജസീറക്കൊപ്പം മത്സരിക്കാനായിരുന്നു ടി.വി. ഉദ്ഘാടനം കഴിഞ്ഞിട്ടും സ്വീകാര്യത ലഭിക്കാതെ ചാനല്‍ പൂട്ടി. 2017 ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായതോടെ അദ്ദേഹത്തെ മാത്രം ലക്ഷ്യം വെച്ച് നിരവധി ലേഖനങ്ങള്‍ എഴുതി.

മാധ്യമ ഇടപെടലുകള്‍:

റഷ്യയുടെ അഫ്ഗാന്‍ അധിനിവേഷം റിപ്പോര്‍ട്ട് ചെയ്തു. ഉസാമ ബിന്‍ ലാദനുമായി നേരത്തെ പരിചയമുണ്ടായിരുന്നു. സുഡാനില്‍ വെച്ചും അഫ്ഗാനില്‍ വെച്ചും അഭിമുഖം നടത്തി. റഷ്യക്കെതിരായ അഫ്ഗാന്‍ ജനതയുടെ നിലപാടിനൊപ്പം നിന്നു.

നിലപാടുകള്‍:

മുസ്ലിം ബ്രദര്‍ഹുഡ് ആശയങ്ങളോട് അനുഭാവമുണ്ടായിരുന്നു. ബ്രദര്‍ഹുഡിന്റെ ഇസ്ലാമിസ്റ്റ് നിലപാടിനൊപ്പം നിന്നു. ഇത് ഇദ്ദേഹത്തിന് വിമര്‍ശനമുണ്ടാക്കി. സൌദിയുടെ യമന്‍, ഖത്തര്‍, ഇറാന്‍ നിലപാടിനെ വിമര്‍ശിച്ച് സൌദിയില്‍ നിന്നും ഒളിച്ചോടി.

യുഎസിലേക്ക് ഒളിച്ചോട്ടം:

കിരീടാവകാശിയെ മാത്രം ലക്ഷ്യം വെച്ച് തുടരെ ലേഖനങ്ങള്‍ എഴുതി.16 ലക്ഷം പേരുണ്ടായിരുന്നു ഖശോഗി ട്വിറ്റര്‍ ഫോളോവേഴ്സ്. 2017ല്‍ ഖശോഗ്ജിയുടെ ട്വിറ്റര്‍ അപ്രത്യക്ഷമായി. 2017ല്‍ ജിദ്ദയില്‍ നിന്നും യു.എസിലേക്ക് ഒളിച്ചോടി. ഭാര്യയേയും മക്കളേയും സൌദിയില്‍ ഉപേക്ഷിച്ച് യുഎസിലായിരുന്നു പിന്നീട് താമസം.യുഎസിലെ താമസത്തിന് ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായിരുന്നു. ഇവിടെ വാഷിങ് ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായി. ഖത്തറിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി സൌദി പ്രാദേശിക മാധ്യങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. ദി ഗാര്‍ഡിയനില്‍ എഴുതിയ ലേഖനം സൌദിയില്‍ കിരീടാവകാശിക്ക് കീഴില്‍ നടക്കുന്ന പരിഷ്കരണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതായി സൌദി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. വാഷിങ് ടണ്‍ പോസ്റ്റില്‍ യമന്‍ യുദ്ധത്തെ വിമര്‍ശിച്ചു. ഫലസ്തീന്‍ വിഷയത്തില്‍ ലണ്ടന്‍ നടന്ന സമ്മേളനത്തില്‍ അതിഥിയായെത്തി. ഇതായിരുന്നു ഖശോഗി പങ്കെടുത്ത അവസാന പരിപാടി.

യു എസ് തുര്‍ക്കി ജീവിതവും വിവാഹവും:മൂന്ന് തവണ വിവാഹ മോചനം. റാവിയ അല്‍ തുനീസി ആദ്യ ഭാര്യ. ഇതില്‍ രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍മക്കളുമുണ്ട്. സൌദിയില്‍ നിന്നും 2017ല്‍ ഒളിച്ചോടിയ ശേഷം യുഎസില്‍. പിതാവിന്റെ പാരന്പര്യമുള്ള തുര്‍ക്കി സന്ദര്‍ശിച്ചു തുടങ്ങി. ഇവിടെ വെച്ച് തുര്‍ക്കി സ്വദേശി ഹാറ്റിസ് ചെങ്കിസിനെ കണ്ടു. 2018 മെയ് മാസത്തില്‍ ഒരു സമ്മേളനത്തിനിടെ പരിചയപ്പെടല്‍. ഇസ്തംബൂള്‍ സര്‍വകലാശാല പിഎച്ച്ഡിക്കാരിയാണ് ഹാറ്റിസ്, ഇരുവരും വിവാഹം കഴിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. തുര്‍ക്കി സ്വദേശിനിയെ വിവാഹം കഴിക്കാന്‍ ഖശോഗിക്ക്  തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റ് ലെറ്റര്‍ ആവശ്യമായി വന്നു. ഇതിനായി 2018 സെപ്തംബര്‍ അവസാന വാരം തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റിലെത്തി അപേക്ഷ സമര്‍പ്പിച്ച് മടങ്ങി. ലെറ്റര്‍ ലഭിക്കാന്‍ ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റില്‍ വരാന്‍ ആവശ്യം. ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റിലെത്തിയ ഖശോഗി പിന്നീട് തിരിച്ചു വന്നില്ല.

എംബസിയില്‍ നടന്നത്:

പ്രതിശ്രുത വധുവിനൊപ്പം വിവാഹ രേഖ വാങ്ങാന്‍ ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റിലെത്തിയ ഖശോഗി ഐവാച്ച് ധരിച്ചാണ് അകത്തേക്ക് പോയത്. തന്നെ തിരിച്ചു കണ്ടില്ലെങ്കില്‍ പൊലീസിനെ അറിയിക്കാന്‍ പ്രതിശ്രുത വധുവിനോട് പറഞ്ഞേല്‍പ്പിച്ചാണ് ഖശോഗി കോണ്‍സുലേറ്റില്‍ പ്രവേശിച്ചത്. താന്‍ വധിക്കപ്പെടാനിടയുണ്ടെന്ന് സൌദി രഹസ്യങ്ങളും രീതികളും അറിയാവുന്ന ഖശോഗി മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു എന്നാണ് ലോക മാധ്യമങ്ങള്‍ എഴുതിയത്. ഇതാണ് കേസന്വേഷണത്തിലേക്കുള്ള വഴികള്‍ തുറന്നു വെച്ചതും.

കേസ് ചുരുളഴിഞ്ഞ നാള്‍ വഴികള്‍:

October 2, 2018: ജമാല്‍ ഖശോഗി തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വിവാഹ രേഖകള്‍ ശരിയാക്കാന്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഒക്ടോബര്‍ 23ന് ഖശോഗിയുടെ രൂപ സാദൃശ്യമുള്ള ഒരാള്‍ കോണ്‍സുലേറ്റില്‍നിന്ന് പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഇത് ഖശോഗിയുടെ വസ്ത്രം ധരിച്ച മറ്റൊരാളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

സൌദി തുര്‍ക്കി സംയുക്ത അന്വേഷണ സംഘം കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നു

October 3, 2018: ഖശോഗിയെ കാണിനെല്ലെന്ന കാര്യം സൌദി സ്ഥിരീകരിച്ചു. . പ്രതിശ്രുത വധു പുറത്ത് കോണ്‍സുലേറ്റിനടുത്ത് ‌കാത്തു നില്‍ക്കുന്ന ഒക്ടോബര്‍ 2-ലെ ദൃശ്യങ്ങള്‍ പുറത്ത്.

October 6, 2018: കോണ്‍സുലേറ്റിന്റെ ഉള്‍ഭാഗം കാണിച്ച് ഖശോഗി അകത്തില്ലെന്ന് സൌദി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒതൈബി രംഗത്ത്.

October 7, 2018: തുറാന്‍ കിസ്‌ലാക്സി എന്ന സുഹൃത്ത് ഖശോഗി സൌദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി വിവരമെന്ന് പറഞ്ഞു.

ഖശോഗി കോണ്‍സുലേറ്റില്‍ പ്രവേശിക്കുമ്പോള്‍ പുറത്ത് കാത്തിരിക്കുന്ന ചെങ്കിസ്

October 8, 2018: ഖശോഗി കോണ്‍സുലേറ്റില്‍ നിന്നും പോയെന്ന് തെളിയിക്കുന്ന തെളിവുകള്‍ സൌദി പുറത്ത് വിടണമെന്ന് തുര്‍ക്കി.ഉത്തരവാദിത്തം സൌദിക്കെന്ന് പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍.

October 10, 2018: ഖശോഗിയെ കാണാതായതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന 15 അംഗ സൌദി ഇന്റലിജന്‍സ് സംഘത്തിന്റെ ദൃശ്യങ്ങളുംചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഇവര്‍ വിമാനത്തില്‍ എത്തിയ ശേഷം വിവിധ ഹോട്ടലുകളിലേക്ക് എത്തുന്നതും വിമാനദൃശ്യങ്ങളുമെല്ലാം പുറത്ത് വന്നു. സൌദി ഉദ്യോഗസ്ഥരായിരുന്നു ഇവരെന്ന് പിന്നീട് തെളിഞ്ഞു.

October 11, 2018: സംഭവത്തിന്റെ അടിത്തട്ട് വരെ പരിശോധിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. യുഎസ് താമസക്കാരനായിരുന്നു ജമാല്‍ ഖശോഗി.

ഖശോഗിയുടെ ഐവാച്ചിലെ ശബ്ദസന്ദേശങ്ങളാണ് കേസില്‍ നിര്‍ണായകമായത്

October 13, 2018: ഖശോഗി ധരിച്ചിരുന്ന ഐഫോണ്‍ വാച്ചിലെ ശബ്ദ സന്ദേശങ്ങള്‍ പുറത്തായി. ഐ ക്ലൌഡിലേക്ക് വാച്ചില്‍ നിന്നെത്തിയ ശബ്ദ സന്ദേശങ്ങള്‍ പരിശോധിച്ചു. ഖശോഗി കൊല്ലപ്പെട്ടെന്ന് മാധ്യമങ്ങള്‍. വിവിധയിടങ്ങളില്‍ പ്രതിഷേധം തുടര്‍ന്നു.

October 13, 2018: ഐ വാച്ചിലെ ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കുമെന്നും എന്തു സംഭവിച്ചെന്നും പരിശോധിക്കുമെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്.

October 15, 2018: ഇസ്തംബൂളിലെ സൌദി കോണ്‍സുലേറ്റില്‍ തുര്‍ക്കി പൊലീസിന്റെ 9 മണിക്കൂര്‍ നീണ്ട പരിശോധനയും അന്വേഷണവും തുടങ്ങി.

October 15, 2018: സല്‍മാന്‍ രാജാവുമായി ഖശോഗി വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് സംസാരിച്ചു. സംഭവത്തെ കുറിച്ച് ഒരു അറിവും ഇല്ലെന്ന് കിരീടാവകാശിയും സല്‍മാന്‍ രാജാവും ആവര്‍ത്തിച്ചു. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ ട്രംപ് ചര്‍ച്ചക്ക് സൌദിയിലേക്കയച്ചു.

October 16, 2018: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കിരീടാവകാശിയേയും സല്‍മാന്‍ രാജാവിനേയും കണ്ട് ചര്‍ച്ച നടത്തി. കേസില്‍ സുതാര്യമായ അന്വേഷണം നടക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മൈക്ക് പോംപിയോ.

October 17, 2018: സൌദി സന്ദര്‍ശനത്തിന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി തുര്‍ക്കിയില്‍. പ്രസിഡണ്ടന്റ് റജബ് ത്വയിബ് ഉര്‍ദുഗാനുമായി കേസില്‍ ചര്‍ച്ച നടത്തി.

October 17, 2018: സൌദിയില്‍ നിന്നും 11 അംഗ അന്വേഷണ സംഘം എത്തി. സംഘം കോണ്‍സുലേറ്റില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ ചെലവഴിച്ച് മടങ്ങി.

ഖശോഗിയുടെ കോട്ടും സ്യൂട്ടും ധരിച്ച് മറ്റൊരാള്‍ കോണ്‍സുലേറ്റില്‍ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യം

October 17, 2018: തുര്‍ക്കി അന്വേഷണ സംഘം സൌദി കോണ്‍സുല്‍ ജനറലുടെ വീട്ടിലും കോണ്‍സുലേറ്റില്‍ രണ്ടാമതും എത്തി വിശദമായ പരിശോധന നടത്തി.  തെളിവുകള്‍ ശേഖരിക്കാനായിരുന്നു ഈ പരിശോധനയും സന്ദര്‍ശനവും.ഖശോഗിയുടെ ശരീര ഭാഗങ്ങള്‍ കൊണ്ടു പോയെന്ന് കരുതുന്ന കറുത്ത എംബസി വാന്‍ കോണ്‍സുലേറ്റില്‍ നിന്നും കോണ്‍സുലാറുടെ വീട്ടിലേക്ക് പോകുന്ന ഒക്ടോബര്‍ രണ്ടിലെ ദൃശ്യങ്ങളും ഇതിനിടയില്‍‌ പുറത്ത് വന്നു.

October 18, 2018: യുഎസ് താമസക്കാരന്‍ ജമാല്‍ ഖശോഗി മരിച്ചെന്ന് കരുതുന്നതായി യുഎസ് പ്രസിഡണ്ട് ട്രംപ് മാധ്യമങ്ങളോട് സ്ഥിരീകരിച്ച് പറഞ്ഞു.

October 19, 2018: ഖശോഗി കൊല്ലപ്പെട്ടതായി സൌദി അറേബ്യ സ്ഥിരീകരിച്ചു.

October 19, 2018: തുര്‍ക്കിയിലെ ഇസ്തംബൂളില്‍ മര്‍മര സമുദ്രത്തിനടുത്ത കാട്ടില്‍ ഖശോഗിയുടെ മൃതദേഹമുണ്ടോയെന്ന് പൊലീസ് പരിശോധന.  മൃതദേഹം കൊലപാതകത്തിന് ശേഷം പ്രാദേശിക ഏജന്റിന്  കഷ്ണങ്ങളാക്കി കൈമാറി എന്ന റിപ്പോര്‍ട്ടുകളുടെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നും ലഭിച്ചില്ല.

ഖശോഗിയുടെ മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ക്കായുള്ള പരിശോധന

October 19, 2018: ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്ന് സൌദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. സൌദിയുടെ വിശദീകരണം തൃപ്തികരമെന്ന് അമേരിക്കന്‍ പ്രസിഡണ്ട്.

October 20, 2018: രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് ഉന്നതരെ നീക്കം ചെയ്ത് സല്‍മാന്‍ രാജാവിന്റെ രാജകല്‍പന.

October 22, 2018: ഖശോഗിക്കൊപ്പം ഒക്ബോര്‍ രണ്ടിന് പ്രതിശ്രുത വധു കോണ്‍സുലേറ്റിലേക്ക് എത്തുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അന്നേ ദിവസം സൌദി രഹസ്യ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളും തുര്‍ക്കി മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ശേഷം ഇവര്‍ കറുത്ത കാറില്‍ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്ത്.

October 23, 2018: ജമാല്‍ ഖശോഗിയുടെ വസ്ത്രങ്ങളും കണ്ണടയും ധരിച്ച് ഒരാള്‍ പുറത്തേക്ക് ഇറങ്ങിപോകുന്ന ദൃശ്യങ്ങള്‍‌ പുറത്ത്. മറ്റൊരാളെ വെച്ച് സൃഷ്ടിച്ചതിയിരുന്നു ഈ സംഭവമെന്ന് മാധ്യമങ്ങള്‍.

ഖശോഗിയുടെ മക്കള്‍ കിരീടാവകാശിയെ കാണുന്നു

October 23, 2018 : സൌദി കോണ്‍സുലേറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ രണ്ട് സ്യൂട്ട് കേസുകളും വസ്തുക്കളും കണ്ടെത്തി. പൊലീസ് പരിശോധിച്ചു. ഖശോഗിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കഷ്ടണങ്ങളാക്കി സ്യൂട്ട് കേസിലും കവറിലുമാക്കി പുറത്ത് കൊണ്ട് പോയെന്ന് മാധ്യമങ്ങള്‍.

October 23, 2018: ഖശോഗിയുടെ സൌദിയിലുള്ള രണ്ട് ആണ്‍ മക്കളേയും ബന്ധുക്കളേയും കിരീടാവകാശിയും സല്‍മാന്‍ രാജാവും കൊട്ടാരത്തില്‍ സ്വീകരിച്ച് ആശ്വസിപ്പിച്ചു. സംഭവം അന്തര്‍ദേശീയ ശ്രദ്ധ നേടി.

ഖശോഗിയുടെ കുടുംബത്തെ സല്‍മാന്‍ രാജാവ് ആശ്വസിപ്പിക്കുന്നു

October 24, 2018: ആഗോള നിക്ഷേപകരെ ലക്ഷ്യം വെച്ച് സൌദിയിലെ റിയാദില്‍ റിറ്റ്സ്കാള്‍ട്ടണില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപ സമ്മേളനത്തില്‍ കിരീടാവകാശി ഖശോഗി വിഷയം ദൌര്‍ഭാഗ്യമെന്നും അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിച്ചു.

October 30, 2018: സൌദി പ്രോസിക്യൂട്ടര്‍ സഊദ് അല്‍ മുജീബ് തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു. തുര്‍ക്കി പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ ഫിദാന്‍ കൂടിക്കാഴ്ച പൂര്‍ത്തിയാക്കി. രണ്ടാം തവണയായിരുന്നു കൂടിക്കാഴ്ച.

October 31, 2018: കൊലപാതകം മുന്‍കൂട്ടി തയ്യാറാക്കിയതെന്നും മരണം ശ്വാസം മുട്ടിയെന്നും ഇസ്തംബൂള്‍ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ്. നാലാഴ്ച മുന്പ് ഖശോഗി  കോണ്‍സുലേറ്റില്‍ എത്തിയതിനു ശേഷം മുതല്‍ ആസൂത്രണം നടത്തി. കൊന്നശേഷം കഷ്ണങ്ങളാക്കി ഇടനിലക്കാരന്‍ വഴി നശിപ്പിച്ചെന്ന് കണ്ടെത്തി.

November 10, 2018: സൌദി അറേബ്യ, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍, അമേരിക്ക എന്നിവരുമായി ഖശോഗിയുടെ ശബ്ദ രേഖകള്‍ കൈമാറിയെന്ന് തുര്‍ക്കി പ്രസിഡണ്ട്.

അതിവേഗത്തിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്

November 15, 2018: ഇഞ്ചക്ഷന്‍ നല്‍കി മയക്കിയാണ് ഖശോഗിയെ കൊന്നതെന്ന് സൌദി  പ്രോസിക്യൂട്ടറുടെ സ്ഥിരീകരണം. സംഭവത്തില്‍ പങ്കാളികളായ 11ല്‍ 5 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൌദി പ്രോസിക്യൂഷന്‍ ശിപാര്‍ശ. കൊന്ന ശേഷം ശരീരം കഷ്ണങ്ങളാക്കി പുറത്ത് കൊണ്ടുപോയി. റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥിരീകരണം നടത്തിയത്.

November 15, 2018: കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ 17 പേര്‍ക്കെതിരെ അമേരിക്ക സാന്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. സൌദി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അല്‍ ഉതൈബി, സഊദ് അല്‍ ഖഹ്താനി എന്നിവരും കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരും പട്ടികയില്‍ ഉള്‍പ്പെടും. ഖശോഗിയുടെ മയ്യിത്ത് നമസ്കാരം വിവിധയിടങ്ങളില്‍ പ്രഖ്യാപനത്തിന് പിന്നാലെ നടന്നു.

തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റ് ഓഫീസ്

November 15, 2018: കൊലപാതകത്തില്‍ സൌദി കിരീടാവകാശിക്ക് അറിവും പങ്കുമുണ്ടെന്ന ആരോപണങ്ങള്‍ സൌദി വിദേശകാര്യ മന്ത്രി നിഷേധിച്ചു.

November 28, 2018: ഖശോഗി കൊലപാതകത്തില്‍ സൌദി കിരീടാവകാശിക്ക് പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസിന്റെ പ്രതികരണം.

November 23, 2019: മാധ്യമ പ്രവര്‍‌ത്തകനും സൌദി പൌരനുമായ ജമാല്‍ ഖശോഗിയെ കൊന്ന കേസില്‍ നാല് അഞ്ച് സൌദി പൌരന്മാര്‍ക്ക് സൌദി പ്രോസിക്യൂഷന്‍ വധശിക്ഷ വിധിച്ചു. കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂന്ന് പേരെ 24 വര്‍ഷം തടവിനും ശിക്ഷിച്ചു. കേസില്‍ ഉണ്ടായിരുന്ന റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹാത്താനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചതായും കോടതി പറഞ്ഞു.

Similar News