കുട്ടനാട് സീറ്റ് ആര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ല; പ്രസ്താവന നടത്താതിരിക്കുന്നതാണ് നേതാക്കള്‍ക്ക് നല്ലതെന്ന് ചെന്നിത്തല
പൊരത്വ സമരം ശക്തിപ്പെടുത്തുന്ന കാര്യം ഈ മാസം 25ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കും
പൌരത്വ വിരുദ്ധ സമരം എങ്ങിനെ ശക്തിപ്പെടുത്തണമെന്ന കാര്യത്തില്‍ ഈ മാസം 25ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല. ഗള്‍ഫിലും നാട്ടിലുമുള്ള സംഘടനയുടെ തെരഞ്ഞെടുപ്പ് പ്രക്രികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. കുട്ടനാട് സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
സൌദി അറേബ്യയില്‍ നാലു ദിനത്തെ സന്ദര്‍ശനത്തിനെത്തിയതാണ് പ്രതിപക്ഷ നേതാവ്. ഇതിനിടെ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സിഎഎ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തുടക്കം മുതല്‍ മുസ്ലിം സംഘടനാ നേതാക്കളുടെയടക്കം യോഗം വിളിച്ചു ചേര്‍ത്ത് സജീവമായി സമരത്തിലുണ്ട്. എല്‍ഡിഎഫുമായി ഒന്നിച്ചു സമരം നടത്തിയത് ജനങ്ങള്‍ക്ക് നല്ല സന്ദേശം നല്‍കാനാണ്. എന്നാല്‍ സിപിഎം വഴിയില്‍ വെച്ച് സ്വന്തം നിലക്ക് പരിപാടിയുമായി മുന്നോട്ട് പോകാന്‍ തുടങ്ങിയപ്പോഴാണ് പിന്‍മാറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സെന്‍സസ് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സെന്‍സസ് രേഖകള്‍ എന്‍പിആറുമായി കൂട്ടിക്കെട്ടാനാണ് ശ്രമം. സെന്‍സസില്‍ നിര്‍ബന്ധിച്ചും ആവശ്യമില്ലാത്തതുമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനാലാണ് സെന്‍സസ് നടത്തുന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് പറഞ്ഞത്.
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് സംബന്ധിച്ചുള്ള പ്രതികരണം രമേശ് ചെന്നിത്തല പൂര്‍ണമാക്കിയില്ല. പിളര്‍പ്പല്ല, ലയനമാണ് എന്നു പറഞ്ഞ് അദ്ദേഹം ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി. എന്നാല്‍ കുട്ടനാട് സീറ്റ് ആര്‍ക്കു നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതറിയാതെയാണ് ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവന നടത്തുന്നത്. ഇത് അബദ്ധമാണ്. തീരുമാനമെടുക്കാത്ത കാര്യത്തില്‍ പ്രസ്താവന നടത്താതിരിക്കുന്നതാണ് നേതാക്കള്‍ക്ക് നല്ലതെന്നും ചെന്നിത്തല ഓര്‍മപ്പെടുത്തി.
കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണമായും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. കാണാതായ ഉണ്ടകളും തോക്കുകളും എവിടെ നിന്നൊക്കെയോ സംഘടിപ്പിച്ച് തിരിച്ചു കിട്ടി എന്നു പറയുന്നത് വിശ്വസനീയമല്ല. വിഷയം പൊലീസിനും സര്‍ക്കാറിനും പുറത്തെ ഏജന്‍സികള്‍ അന്വേഷിക്കണം. വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ സമരം ശക്തമല്ലല്ലോ എന്ന ചോദ്യത്തിന് വരും ദിനങ്ങളില്‍ ശക്തി കൂടുമെന്നായിരുന്നു മറുപടി.
ഗള്‍ഫിലെ പോഷക സംഘടനകളായ എഐസിയും ഒഐസിസിയും തമ്മില്‍ ധാരണയുണ്ടാക്കാന്‍ സംഘടനാ തലത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കും. ഗള്‍ഫിലെ സംഘടനാ തെരഞ്ഞെടുപ്പും കെപിസിസി പുനസംഘടന പൂര്‍ത്തിയാകുന്നതോടെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനം പൂര്‍ത്തിയാക്കി രമേശ് ചെന്നിത്തല നാളെ നാട്ടിലേക്ക് തിരിക്കും.