കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും സൌദിയിലേക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഈജിപ്തില്‍ പ്രാബല്യത്തിലായി
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് എന്നുമുതല്‍ ഇത് നിര്‍ബന്ധമാകും എന്നതില്‍ വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല
കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. റീ എന്‍ട്രിയില്‍ പോയി നാട്ടില്‍ രണ്ടാഴ്ച തങ്ങിയവര്‍ക്കും പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നാട്ടിലെ വിമാനത്താവളങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് ബോര്‍ഡിങിന് മുന്നോടിയായി കാണിക്കേണ്ടത്. നിലവില്‍ ഈജിപ്തിന് നിര്‍ബന്ധമാക്കിയ ഉത്തരവ് മറ്റു രാജ്യക്കാര്‍ക്ക് എന്നു പ്രാബല്യത്തിലാകുമെന്നതില്‍ വ്യക്തതയില്ല. ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇതുവരെ ലഭിച്ചിട്ടില്ല..
സൗദി ആരോഗ്യ മന്ത്രാലയമാണ് ഇന്ന് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ഇത് പ്രകാരം പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ളതാവണം സര്‍ട്ടിഫിക്കറ്റ്. യാത്രയുടെ 24 മണിക്കൂറിനകം എടുത്ത സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ. ഇവ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ബാധ്യത എയർലൈനുകൾക്കായിരിക്കും.
സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് എന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും എന്ന കാര്യത്തില്‍ കമ്പനികള്‍ക്ക് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ന് പുറപ്പെട്ട യാത്രക്കാരോടൊന്നും സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല.
നാട്ടില്‍ നിന്നും സൌദിയിലേക്ക് പുറപ്പെടു മുമ്പായി വിമാനക്കമ്പനികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ട ചുമതല. ബോര്‍ഡിങ് പാസ് നല്‍കുന്നതിന് മുമ്പ് ഇത് പരിശോധിക്കണം. വിമാനക്കമ്പനികള്‍ക്കാണ് ഇത് സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്തം. ഇതിനാല്‍ യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്നും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കൂ.
യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽനിന്ന് സൗദി അറേബ്യയിലേക്ക് റോഡ് മാർഗമുള്ള പ്രവേശനത്തിനും നിയന്ത്രണം വന്നു. ഇവിടെ നിന്നുള്ളവര്‍ക്ക് വിമാനം വഴി മാത്രമേ സൌദിയിലെത്താനാകൂ. സൌദിയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ നാല് പേരും റോഡ് മാര്‍ഗമാണ് സൌദിയിലെത്തിയത്. വിമാനത്താവളങ്ങളില്‍ പരിശോധനാ സംവിധാനം നിലവിലുണ്ട്. ഈ രാജ്യങ്ങള്‍ വഴി വരുന്നവരെല്ലാം റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലാണ് ഇറങ്ങേണ്ടത്.